ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പുതിയ കരട് വിജ്ഞാപനമിറക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേന്ദ്ര ഹരിത ട്രിബ്യൂണലിനെ അറിയിച്ചു. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ആവശ്യമെങ്കില്‍ ചില ദേദഗതികള്‍ കൂടി കൊണ്ടുവന്നശേഷം പുതിയ കരട് വിജ്ഞാപനമിറക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.
ആവശ്യമെങ്കില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ചില കാര്യങ്ങള്‍ കൂടി കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ചേര്‍ക്കാമെന്നാണ് മന്ത്രാലയം ട്രിബ്യൂണലിനെ അറിയിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ 1,23,3700 പരിസ്ഥിതി ലോല പ്രദേശങ്ങളെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ ഇവയുടെ എണ്ണം 56000 ആയി കുറഞ്ഞിരുന്നു. ഇതിനു കാരണമെന്തെന്ന് ഹരിത ട്രിബ്യൂണല്‍ ആരാഞ്ഞിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം നല്കാന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ വിശദീകരണത്തിലാണ് കൂടുതല്‍ പരിസ്ഥിതി ലോല പ്രദേശങ്ങളെ ഉള്‍പ്പെടുത്തി പുതിയ കരട് ഇറക്കാമെന്ന് മന്ത്രാലയം അറിയിച്ചത്.
സര്‍ക്കാരിന്റെ നിലപാടിനെ ഹരിത ട്രിബ്യൂണല്‍ വിമര്‍ശിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്കാന് പരിസ്ഥിതി സെക്രട്ടറിയോട് കോടതി നിര്‍ദ്ദേശിച്ചു. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പഠനത്തിന് വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം തേടിയിരുന്നു.ഗോവ സര്‍ക്കാര്‍ ഡിസംബര്‍ പതിനഞ്ചു വരെയാണ് സാവകാശം ചോദിച്ചിരിക്കുന്നത്.മന്ത്രാലയം ട്രിബ്യൂണലിനെ അറിയിച്ചു.
അതിനിടെ, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടില്ലെന്ന് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു. തന്നെ വന്നു കണ്ട ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് അടക്കമുള്ളവരെയാണ് ജാവ്ദേക്കര്‍ ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: