കണ്ണൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതകത്തില്‍ അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്. പ്രാദേശിക നേതൃത്വത്തിന് പുറമേ ജില്ലയിലെ പ്രമുഖ നേതാക്കളെയും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന. ഇതിനിടെ കഴിഞ്ഞദിവസം നോട്ടീസ് ലഭിച്ച കതിരൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പുത്തലത്ത് സുരേഷ്ബാബു അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലെത്തിയ സുരേഷ്ബാബുവിനെ ഒന്നര മണിക്കൂറോളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. എന്നാല്‍ വ്യക്തമായ മറുപടി പറയാതെ ഇയാള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്. അറിയില്ല, ഓര്‍മ്മയില്ല തുടങ്ങിയ പ്രതികരണങ്ങളാണ് പല ചോദ്യങ്ങള്‍ക്കും മറുപടിയായി ലഭിച്ചത്. ഇയാള്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ്ബാബു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് കൊണ്ട് പാഞ്ഞടുക്കുകയും വീഡിയോ ചിത്രീകരിക്കുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ച ബ്രാഞ്ച് സെക്രട്ടറിമാര്‍ ഇന്നലെ ഹാജരായില്ല. ഡയമണ്ട്മുക്ക് ബ്രാഞ്ച് സെക്രട്ടറി പി.ബിജു രണ്ട് ദിവസത്തിനുള്ളില്‍ ഹാജരാകാമെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. ഇയാളോടൊപ്പം തന്നെ ഒളിവിലായ ഉക്കാസ്മെട്ട ബ്രാഞ്ച് സെക്രട്ടറി കെ.പി.സജിത്തിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതിന് പുറമേ രണ്ട് പേര്‍ക്ക് കൂടി ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചിട്ടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കിഴക്കേ കതിരൂരിലെ പാട്യം സോഷ്യല്‍ സര്‍വ്വീസ് ആയുര്‍വ്വേദ ഫാക്ടറി പ്രസിഡണ്ട് ചപ്ര പ്രകാശന് എന്ന ചന്ദ്രോത്ത് പ്രകാശന്, ഇയാളുടെ ഡ്രൈവര്‍ എന്നിവരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ കൊലപാതക കേസിലെ പ്രതിയാണ് പ്രകാശന്. മനോജിന്റെ കൊലപാതകികള്‍ രക്ഷപ്പെട്ടത് ഇയാളുടെ വാഹനത്തിലാണെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കതിരൂര്‍ പഞ്ചായത്തിന് കീഴിലുള്ള ലോക്കല്‍, ബ്രാഞ്ച് നേതാക്കളുടെ മൊഴിയെടുക്കുമെന്നാണ് സൂചന. ഫോണ്‍കോളുകളുടെ വിശദാംശങ്ങളുടെ പരിശോധനയും അന്തിമഘട്ടത്തിലെത്തി നില്‍ക്കുകയാണ്. നേതാക്കളുടെ പങ്കിനെ കുറിച്ച് ഇതിന് ശേഷം വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
മനോജിന് ഇന്ന് നാടിന്റെ ശ്രദ്ധാഞ്ജലി
കണ്ണൂര്‍: കിഴക്കേ കതിരൂരില്‍ ദാരുണമായി വധിക്കപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ. മാനോജിന് കണ്ണൂരിലെ പൗരാവലി ഇന്ന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ നൂറോളം മണ്ഡല കേന്ദ്രങ്ങളില്‍ നടക്കുന്ന ശ്രദ്ധാഞ്ജലി സാംഘിക്കില്‍ ആയിരങ്ങള്‍ അണിചേരും. കേരളത്തിലെ മുതിര്‍ന്ന സംഘ- വിവിധക്ഷേത്ര കാര്യകര്‍ത്താക്കള്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: