റായ്പുര്‍: കിരീടം നിലനിര്‍ത്താന്‍ മോഹിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യുടെ ഗ്രൂപ്പ് ഘട്ടത്തില്‍പ്പോലും കടക്കാനായില്ല. യോഗ്യതാ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലാന്റ് ടീം നോര്‍ത്തേണ്‍ നൈറ്റ്‌സിനോട് ആറ് വിക്കറ്റിനു കീഴടക്കിയ മുംബൈ ടീം പുറത്തേക്കു വഴിതേടി. മൂന്നു മത്സരങ്ങളില്‍ നിന്ന് 4 പോയിന്റ് മാത്രമേ ഇന്ത്യന്‍സിന് സമ്പാദിക്കാനായുള്ളു. 12 പോയിന്റോടെ നൈറ്റ്‌സ് മുന്നേറ്റം ആധികാരികമാക്കി. ഇതോടെ ലാഹോര്‍ ലണ്‍സും (8) ഗ്രൂപ്പ് പോരാട്ടത്തിന് അര്‍ഹതനേടി.
ബാറ്റുകൊണ്ടും പന്തുകൊണ്ടും നൈറ്റ്‌സിനെ വെല്ലുവിളിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 9ന് 132ല്‍ ഒതുങ്ങി. ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് (31) ടോപ് സ്‌കോറര്‍. ലെന്‍ഡല്‍ സിമ്മണ്‍സ് (13), മൈക്ക് ഹസി (7), ജലജ് സക്‌സേന (10) അമ്പാട്ടി റായിഡു (6), ആദിത്യ താരെ (7) എന്നിവരെല്ലാം പരാജയപ്പെട്ടു. ടിം സൗത്തിയും സ്‌കോട്ട് സ്‌റ്റൈറിസും മൂന്നു വിക്കറ്റുകള്‍ വീതം പിഴുതു. സ്‌കോര്‍ പിന്തുടര്‍ന്ന നൈറ്റ്‌സ് 17.2 ഓവറില്‍ നാലുവിക്കറ്റുകള്‍ കളഞ്ഞ് 133 റണ്‍സെടുത്തു ലക്ഷ്യം താണ്ടി.
കെയ്ന്‍ വില്യംസണ്‍ (53) വീണ്ടും തിളങ്ങി. ആന്റണ്‍ ഡെവിഷ് (39) മികച്ച പിന്തുണ നല്‍കി. ഡാരെല്‍ മിച്ചലും (16) സ്റ്റൈറിസും (3) പുറത്താകാതെ നിന്നു. ജസ്പ്രിത് ബുംറ രണ്ടിരകളെ കണ്ടെത്തി. സ്റ്റൈറിസ് കളിയിലെ കേമന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: