ബംഗളൂരു: ഭാരതത്തിന്റെ അഭിമാനമായ ചൊവ്വ ഉപഗ്രഹം മംഗള്യാന് ഈ മാസം 24ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. അതിനു വേണ്ട സകല സജ്ജീകരണങ്ങളും ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉപഗ്രഹത്തിന്റെ ഓരോ ചലനവും എങ്ങനെയായിരിക്കുമെന്ന് മുന്‍കൂട്ടി തയ്യാറാക്കിയിട്ടുമുണ്ട്.
അന്ന് പുലര്‍ച്ചെ നാലു മണി പതിനേഴ് മിനിറ്റും 32 സെക്കന്റും ആകുമ്പോള്‍ മീഡിയം ആന്റിനയിലേക്ക് മാറും. 6.56ന് മുന്പോട്ടുള്ള കുതിപ്പ് ആരംഭിക്കും. ഏഴുമണി പന്ത്രണ്ട് മിനിറ്റ് 19 സെക്കന്റാകുമ്പോള്‍ ചൊവ്വയുടെ നിഴലിലേക്ക് കയറും. ഏഴുമണി പതിനാല് മിനിറ്റ് 32 സെക്കന്റാകുമ്പോള്‍ ചെറു റോക്കറ്റ് ഉപയോഗിച്ച് ചലന രീതിയില്‍ മാറ്റം വരുത്തും. ഏഴു മണി പതിനേഴ് മിനിറ്റ് 32 സെക്കന്റാകുമ്പോള്‍ ദ്രവഇന്ധന എന്ജിന് പ്രവര്‍ത്തിപ്പിക്കും. 7.22 കഴിയുമ്പോള്‍ ടെലിമെട്രിക് സിഗ്നലുകള്‍ നിലയ്ക്കും. 7.37ന് ചൊവ്വയുടെ നിഴലില്‍ നിന്ന് പൂര്‍ണ്ണമായും പുറത്ത്. 7.41.46ന് എന്ജിന് നിര്‍ത്തും. ഉപഗ്രഹത്തെ കൃത്യമായ ദിശയിലേക്ക് തിരിക്കും. 7.47.46 ന് സിഗ്നലുകള്‍ ലഭിച്ചുതുടങ്ങും.
ഉപഗ്രത്തെ കൃത്യമായ പഥത്തില്‍ എത്തിക്കാന്‍ ദ്രവ എന്ജിന് 24 മിനിറ്റ് 14 സെക്കന്റ് പ്രവര്‍ത്തിക്കണം. 249.5 കിലോ ഇന്ധനമാണ് ഇതിനു വേണ്ടത്. ചൊവ്വയ്ക്കടുത്ത് 80,000 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാകും മംഗള്യാന് കറങ്ങുക. ഉപഗ്രഹത്തിന് ചൊവ്വയെ ഒന്ന് ചുറ്റിവരാന്‍ 3.2 ദിവസം എടുക്കും.
22ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ഭ്രമണപഥ തിരുത്തല്‍ നടക്കുക. പ്രധാന ദ്രവ എന്ജിന് പരീക്ഷിക്കുന്നതും ഈ സമയത്താണ്. ബംഗളൂരുവിലുളള ടെലിമെട്രി ട്രാക്കിംഗ് സെന്റിലും ബൈലാലിലുള്ള ഡീപ് സ്പേസ് നെറ്റ്വര്‍ക്കിലും അമേരിക്കയിലെ ഗോള്‍ഡ് സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്,ആസ്ട്രേലിയയിലെ കാന്‍ബറ എന്നിവിടങ്ങളിലാണ് സിഗ്നലുകള്‍ സ്വീകരിക്കുക.
ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തില്‍ കയറുന്ന സമയത്ത് ആഹഌദം പങ്കിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: