നേതൃസ്ഥാനങ്ങളിലുള്ള നമ്മുടെ സമാദരണീയര്‍ പൊതുവെ, ആ സ്ഥാനങ്ങള്‍ അലങ്കരിക്കുകയല്ലാതെ നിര്‍ദ്ദിഷ്ടമായ സേവനം നടത്താതെ കഴിഞ്ഞുകൂടുന്നവരാണ്. നമ്മുടെ വ്യവസ്ഥിതി അങ്ങനെയാണെന്ന് പാവം ജനം ധരിക്കുന്നു, സഹിക്കുന്നു. ചിലപ്പോള്‍ ഇക്കൂട്ടര്‍ അഴിമതി, വെട്ടിപ്പ് തുടങ്ങിയ ‘മാഫിയ’യില്‍ പെട്ടവരാണെന്നു കാണുമ്പോള്‍ ജനം അന്ധാളിക്കുന്നു. ഇരുളടഞ്ഞ ഈ കാലദുര്ഗതിയുടെ നടുക്ക് പെട്ടെന്ന് ചില പ്രകാശ രശ്മികള്‍ കാണാന്‍ കഴിയുക-എന്തൊരനുഗ്രഹമാവും അത്! രാജ്യനന്മയ്ക്കും പൊതു ശ്രേയസ്സിനും വേണ്ടി ജീവിതം സമര്‍പ്പിച്ച ചുരുക്കം ചിലര്‍-സ്വാര്‍ത്ഥം വെടിഞ്ഞ അവരുടെ കര്‍മത്തിനാണ് യജ്ഞം എന്നു നാം പറഞ്ഞുപോന്നത്. ഇക്കൂട്ടത്തിലെ ഒരു അപൂര്‍വ വ്യക്തിത്വമാണ് ഡോക്ടര്‍ എം.കൃഷ്ണന് നായര്‍. മാനുഷിക പരിഗണനയോടെ രോഗികളോട് പെരുമാറുന്ന ഡോക്ടര്‍മാര്‍ തന്നെ വിരളം. മരുന്നുകമ്പനിക്കാരുടെ പ്രലോഭനത്തില്‍ വീണ് ചികിത്സയെ വ്യവസായമാക്കുന്നവരോ ധാരാളം. ഇവിടെയിതാ മാനുഷ്യകതയും ശാസ്ത്രീയതയും ഒത്തുചേര്‍ന്ന ഒരു വ്യക്തിത്വം.
ഡോക്ടര്‍ കൃഷ്ണന് നായര്‍ക്ക് അര്‍ബുദ (കാന്‍സര്‍)ചികിത്സയിലുള്ള പ്രാവീണ്യം സര്‍വസമ്മതി നേടിയതാണ്. ‘ഞാനും ആര്‍സിസിയും’ (ഡിസി ബുക്സ്-2013 ഒക്ടോബര്‍) എന്ന പേരില്‍ അദ്ദേഹം രചിച്ച സ്വാനുഭവ വിവരണം വിജ്ഞാനപ്രദമെന്നപോലെ രസകരവുമാണ്. വിജ്ഞാനപ്രദമാവുന്നത് അദ്ദേഹം തന്റെ ശാസ്ത്രവും അതിന്റെ പ്രയോഗവും അവയുടെ ഏറ്റവും പുതിയ വളര്‍ച്ചയുടെ ഘട്ടം വരെ പിന്തുടര്ന്നുകൊണ്ടിരിക്കുന്നതിനാല്. രസകരമാവുന്നത് മാനുഷിക സമീപനം-ചിലപ്പോള്‍ ഒരു നോവലിസ്റ്റിന്റെ നിരീക്ഷണ പാടവവും നര്മബോധത്തോടെയുമുള്ള ആഖ്യാനം-നിമിത്തവും. തന്റെ കേമത്തം വിളിച്ചറിയിക്കുകയല്ല; കാന്‍സര്‍ ചികിത്സാ രംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ആഗോളതലത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിന്റെ ചരിത്രം പറയുകയാണ്. അവിടെ കഥാപാത്രങ്ങളും സംഭവങ്ങളും ധാരാളം. പിടികിട്ടാപ്പുള്ളിയായ ഈ മഹാവ്യാധിയെപ്പറ്റി, ചികിത്സക്ക് ഇന്നും കണ്ടുവരുന്ന അപര്യാപ്തതയെപ്പറ്റി, രോഗികള്‍ക്കെന്നപോലെ ഡോക്ടര്‍മാര്‍ക്കും പതിവുള്ള തെറ്റിദ്ധാരണകളെപ്പറ്റി, പലതും നാം ഈ ഗ്രന്ഥത്തില്‍നിന്ന് മനസ്സിലാക്കുന്നു. അതു മതിയാവും ഗ്രന്ഥസാഫല്യത്തിന്. എന്നാല്‍ അതും കഴിഞ്ഞ് ധര്‍മബോധത്തിന്റെയും സാമൂഹികതലത്തില്‍ വൈദ്യനുള്ള ഉത്തരവാദിത്തത്തിന്റെയും സൂക്ഷ്മരൂപം ഔചിത്യബുദ്ധിയോടെ കാട്ടിത്തരുന്നു എന്നതാണ് ഗ്രന്ഥ ശ്രേഷ്ഠത. അപ്പോള്‍, ശാസ്ത്രസാഹിത്യത്തിനുപരി സമൂഹജീവിത സത്യത്തിന്റെ കണ്ണാടിയാണ് ഡോക്ടര്‍ കൃഷ്ണന് നായരുടെ സ്വാനുഭവ വിവരണം.
ഈ മാരകഭീഷണിയെ എത്രത്തോളം, എങ്ങനെയൊക്കെ, നിയന്ത്രണ വിധേയമാക്കാം എന്ന ജീവല്‍ പ്രശ്നം ആരുടെയും താല്‍പ്പര്യമുണര്‍ത്തും. ഈ രംഗത്ത് ഡോക്ടറുടെ നിസ്തുലവും മൗലികവും വ്യാപകവും ആയ സംഭാവന എന്തെന്ന് ആനുഷംഗികമായി മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. നാം അത് ഊഹിച്ചെടുക്കണം. അദ്ദേഹത്തിന്റേതല്ല, രോഗത്തിന്റേതാണ് ഈ ചരിത്രം എന്നര്‍ത്ഥം. ”ഭാവവും നിറവും മാറാന്‍ കഴിവുള്ള, പ്രവചനാതീതമായ സ്വഭാവമുള്ള ഈ രോഗത്തിനെ മാനസികവും സാമൂഹികവും സാമ്പത്തികവും ആയ അത്യാഹിതം” എന്ന് ഡോക്ടര്‍ വിശേഷിപ്പിക്കുമ്പോള്‍ അതില്‍നിന്ന് ഒരാളെ കരകയറ്റാന്‍ അമാനുഷിക വൈഭവം ഉണ്ടായേ പറ്റൂ. നൂറു ശതമാനം മരണസാധ്യത ഉണ്ടായിരുന്ന ഒരു രംഗത്ത് ഉണ്ടായ മാറ്റം നോക്കൂ. എഴുപതു ശതമാനവും ഭേദമാക്കാന്‍ കഴിയുന്നതായി ഇന്ന് അനുഭവപ്പെടുന്നു എന്ന് ഡോക്ടര്‍ സംശയം കൂടാതെ രേഖപ്പെടുത്തുന്നു. അമാനുഷിക വൈഭവം തന്നെ ഇവിടെ പ്രവര്‍ത്തിച്ചിരിക്കുന്നു.
വിയന്നായില്‍ ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവി ഉള്‍പ്പെടെ പല ”അലങ്കാര” സ്ഥാനങ്ങളും സ്വേച്ഛയാ തിരസ്ക്കരിച്ച്, സ്വന്തം നാട്ടിലെ ജനതയുടെ ദുര്‍വിധി നേരിടാന്‍ എന്തെങ്കിലും ചെയ്യാനുറച്ച്, കേരളത്തില്‍ തന്നെ തങ്ങി, ഈ വലിയ മനുഷ്യന്. കാലിത്തൊഴുത്തുപോലെ മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡ്. അവിടെ വരുന്നവര്‍ ശപ്തരായ ജനവിഭാഗമാണെന്ന ധാരണയാണ് നിലനിന്നത്. അവരോട് പരുഷമായിട്ടാണ് എല്ലാവരും-അറ്റന്റര്‍ വരെ പെരുമാറിയത്.
മുഴയില്‍ കുത്തിവെക്കാന്‍ ആണിപോലൊരു സൂചി. വ്രണം. രക്തം വാര്‍ന്നുപോകല്‍, വേദനയുടെ അതിരുവിട്ട അനുഭവത്തിന്റെ കരച്ചില് ഇതൊക്കെയായിരുന്നു പേടിസ്വപ്നംപോലുള്ള കാന്‍സര്‍ വാര്‍ഡ്. അവിടെ നിന്ന് ഇന്ന് എല്ലാ ആധുനിക സജ്ജീകരണങ്ങളുമുള്ള, രോഗം നിയന്ത്രിക്കാമെന്ന് വിശ്വാസമുള്ള, ഇന്നത്തെ ആര്‍സിസിയിലേക്കുള്ള വളര്‍ച്ച അഭിമാനകരമെന്നപോലെ ആശ്വാസകരവുമാണ്. കണ്ടു പഠിക്കാന്‍ വിദേശീയര്‍ ഇവിടെ എത്തുന്നു. ഇതെല്ലാം ഡോ.കൃഷ്ണന് നായരുടെ സംഭാവനയാണെന്ന് സൂചന പോലുമില്ല. എന്നാല്‍ എല്ലാത്തിനും കളമൊരുക്കിയത്, സൃഷ്ടിപരമായ നടപടി എടുത്തത്, അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും അര്‍പ്പണബോധവുമാണ് എന്നു കണ്ടെത്തുവാന്‍ നമുക്ക് പ്രയാസം വരില്ല.
രസകരമോ ദുഃഖകരമോ എന്നറിയില്ല ഈ നല്ല കാര്യത്തിലും എതിര്നില്ക്കാനും അതിനെ തോല്‍പ്പിക്കാനും ഡോക്ടര്‍മാരില്‍ ചിലര്‍ ഉള്‍പ്പെടെ ക്ലിക്കുകള്‍ ഉണ്ടായി. ഇക്കാര്യവും കലവറയില്ലാതെ തുറന്നുപറയുന്നുണ്ട് ഡോ.കൃഷ്ണന് നായര്‍. അവരേയും അതിജീവിക്കേണ്ടി വന്നു, നേരിട്ട് നിശ്ശബ്ദരാക്കേണ്ടിവന്നു, ആര്‍സിസിയുടെ സ്ഥാപനദശയില്. അസൂയക്കാര്, പാരവെപ്പുകാര്‍ അവര്‍ ഇവിടെയും തലപൊക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഒട്ടും വിദ്വേഷം കൂടാതെയാണ് ഡോക്ടര്‍ അത്തരക്കാരുടെ പണി എടുത്തു പറയുന്നത്. സാഹിത്യരസികതയോടെ റിയലിസ്റ്റു ശൈലിയില്‍. എവിടെയായാലും നിഷേധാത്മക മനോഭാവം ഒഴിവാക്കി സ്വച്ഛ മനസ്സോടെയും നിഷ്ഠയോടെയും പ്രശ്നം നേരിടുക എന്നതാണ് കര്‍മത്തിന്റെ വിജയരഹസ്യം എന്നാണ് നാം ഇവിടെ മനസ്സിലാക്കേണ്ടത്.
സാധാരണയായി ഡോക്ടര്‍മാര്‍ പുറത്തുവിടാത്ത തൊഴില്‍ സൂത്രപ്പണികള്‍, അജ്ഞത മൂലമുള്ള തെറ്റുകള്‍ ഇവയൊക്കെ തുറന്നുപറയുമ്പോള്‍ നമുക്ക് പല മുന്നറിയിപ്പും കിട്ടുന്നു-ചികിത്സയുടെ കാര്യത്തില്‍. നമ്മുടെ അജ്ഞത പരിഹരിക്കപ്പെടുന്നു. ഇതില്‍ പറയുന്ന ഗംഗാധരന് ഡോക്ടര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ തികഞ്ഞ ഉദാഹരണം. ഇതിന്റെ മറുവശമാണ് ദീര്‍ഘവീക്ഷണമുള്ള, ഗവേഷണ തല്‍പ്പരനായ ഡോ.തങ്കവേലു.
1975 ലെ ഡോ.കൃഷ്ണന് നായരുടെ പ്രതിജ്ഞ സഫലമായി, രണ്ടുകൊല്ലത്തിനകം ഭാരതസര്‍ക്കാര്‍ തിരുവനന്തപുരത്ത് കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ചപ്പോള്‍. ഒരു വമ്പിച്ച ഏടാകൂടം തരണം ചെയ്യേണ്ടി വന്നു. ഈ സ്വയംഭരണ സ്ഥാപനം തങ്ങളുടെ പ്രമോഷനെ ബാധിക്കുമെന്നുപേടിച്ച് പല ഡോക്ടര്‍മാരും ഈ സംരംഭത്തിന് എതിരായി നിന്നു. അങ്ങനെയുമുണ്ട് ഡോക്ടര്‍മാര്‍!
ജീവിതാവസ്ഥയെ അതിന്റെ എല്ലാതലങ്ങളിലും സ്പര്‍ശിക്കുന്ന തരത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്ന സദാചാരമൂല്യത്തെ വിളംബരം ചെയ്യുന്നതാണ് ‘ഞാനും ആര്‍സിസിയും’ എന്ന ഗ്രന്ഥം. ലോകത്ത് ആദ്യമായി എന്നുപറയാം ആര്‍സിസിയുടെ കാന്‍സര്‍ ക്യുവര്‍ പദ്ധതി വന്നത്. 500 രൂപ കൊടുത്ത് അംഗമായാല്‍ ആയുഷ്ക്കാല ചികിത്സ സൗജന്യം എന്ന ഈ പദ്ധതി ലോകാരോഗ്യ സംഘടനയുടെ പ്രശംസക്ക് പാത്രമായി. ജനകീയ പദ്ധതികളുടെ നടത്തിപ്പിന് ഒരു മാതൃക എന്ന നിലയില്‍ ആര്‍സിസിയുടെ ചരിത്രം വായനക്കാരുടെ മാത്രമല്ല അധികാരികളുടേയും ശ്രദ്ധ അര്‍ഹിക്കുന്നു.
പി. നാരായണക്കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: