അങ്കമാലി: വേദങ്ങള്‍ ആര്‍ക്കും നിഷിധമല്ല ആവശ്യമുള്ളവര്‍ അവ സ്വയം കണ്ടെത്തി സ്വായത്തമാക്കുകയാണ് വേണ്ടതെന്ന് അശ്വതി തിരുനാള്‍ റാണി ഗൗരിലക്ഷ്മിബായി തമ്പുരാട്ടി. മഞ്ഞപ്ര വേദവിദ്യാ പ്രതിഷ്ഠാന്റെ യജുര്‍വേദ ഭാഷ്യപ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍. സിന്ധു നദിസംസ്‌കാരമായ ഭാരത സംസ്‌കാരം ബ്രാഹ്മണ സമൂഹം കാത്തുസൂക്ഷിക്കുകയും അവയ്‌ക്ക് കാലാകാലങ്ങളില്‍ രാജാക്കന്മാര്‍ സംരക്ഷണം നല്‍കുകയും ചെയ്തിനാല്‍ പ്രാചീനകാലത്തെ മറ്റു പല സംസ്‌കാരങ്ങള്‍ നശിച്ചു പോയതുപോലെ നമ്മുടെ സംസാരം നശിക്കാതെ ഇന്നും നിലനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.
വേദ കാലഘട്ടങ്ങളില്‍ ഋഷിവര്യന്മാര്‍ ഗ്രഹങ്ങളെക്കുറിച്ചും, നക്ഷത്രങ്ങളെക്കുറിച്ചും, പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും കണ്ടെത്തി പ്രതിപാതിച്ചിരിക്കുന്ന കാര്യങ്ങളില്‍ മിക്കവയും ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളില്‍ നിന്ന് ഒട്ടുംവിഭിന്നമല്ലെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന ഡോ. ജി മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.
കലിയുഗത്തിലെ ആദ്യ മഹര്‍ഷിയും വേദോദ്ധാരകനുമായ സ്വാമി ദയാനന്ദസരസ്വതി ഹിന്ദിയില്‍ രചിച്ച യജുര്‍വേദത്തിന്റെ മലയാള പരിഭാഷ തമ്പുരാട്ടി കാലടി ശ്രീശങ്കരാചാര്യ സംസ്‌ക്യത സര്‍വ്വകലാശാല ഗവേഷക വിദ്യാര്‍ഥിനി രേവതിക്കു നല്‍കിയാണ് പ്രകാശനം ചെയ്തത്. കീഴാനെല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് പരിഭാഷ നിര്‍വ്വഹിച്ചത്.
വേദ സമീക്ഷയില്‍ ഗോപാല ക്യഷ്ണ വൈദിക്, ഡോ.സി. എം. നീലകണ്ഠന്‍ നമ്പൂതിരി, വടക്കുമ്പാട്ട് നാരായണന്‍ , കൈമുക്ക് ശ്രീധരന്‍ നമ്പൂതിരി, പി. വി. വിശ്വനാഥന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. സ്വാമി ദര്‍ശനാനന്ദ സരസ്വതി, അദ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊ. രാജേന്ദ്ര ജിജ്ഞാസു,സ്വാമി ഋതസ്പതി പരിവ്രാജക്, ഡോ. അശോക് ആര്യ, ദക്ഷിണാ ദേവി, കെ. ആര്‍. ഭാസ്‌കരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വേദവിദ്യാ പ്രതിഷ്ഠാന്റെ സെക്രട്ടറി എ. ടി. രഘുനാഥ് സ്വാഗതവും പ്രസിഡന്റ് പി വി വിശ്വനാഥന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.
















