വാഷിങ്ടണ്‍: ഐഎസ്ഐഎസ് ഭീകരരുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ദ്ധനവുണ്ടായതായി അമേരിക്കന്‍ ചാരസംഘടനയായ സിഐഎ. ഇറാഖിലും സിറിയയിലും പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരസംഘടനയായ ഐഎസ്ഐഎസ്സിനെ തുടര്‍ച്ചയായുള്ള ശക്തമായ ആക്രമണത്തിലൂടെ നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സിഐഎയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അതേസമയം, സുന്നി ഭീകരര്‍ക്കെതിരായ അമേരിക്കയുടെ നീക്കത്തിന് അറബ് രാഷ്ട്രങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു.
സിറിയയിലും ഇറാഖിലുമായി 31,500 ഐഎസ്ഐഎസ് ഭീകരര്‍ ഉണ്ടെന്ന് സിഐഎ അറിയിച്ചു. അമേരിക്കന്‍ അധികൃതരുടെ ഔദ്യോഗിക കണക്കനുസരിച്ച് 10,000 തോളം അംഗങ്ങളാണ് ഇരുരാജ്യങ്ങളിലായി ഭീകരസംഘടനയില്‍ ഉള്ളത്. ഇറാഖിലെ ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ മോചിപ്പിക്കുകയും തുടര്‍ന്ന് അവരെ സംഘടനയില്‍ ചേര്‍ക്കുകയും ചെയ്തു. സുന്നി ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ യുവാക്കളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തും അംഗസംഖ്യ വര്‍ദ്ധിപ്പിച്ചതായി സിഐഎ സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ജിഹാദിനായി 15,000 വിദേശികള്‍ ഐഎസ്ഐഎസില്‍ ചേര്‍ന്നതായും ഇതില്‍ 2,000 തോളം പേര് പടിഞ്ഞാറുള്ളവരാണെന്നും വാര്‍ത്താ ചാനലായ സിഎന്‍എന്‍ സിഐഎ വക്താവ് അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 80 രാജ്യങ്ങളില്‍ നിന്നും നിരവധി പേര് ഭീകര സംഘടനയില്‍ ചേരുന്നതിലേക്കായി സിറിയയിലെത്തുകയും തുടര്‍ന്ന് ഇറാഖിലും സിറിയയിലുമായി നടന്ന പോരാട്ടങ്ങളില്‍ പങ്കാളികളായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഐഎസ്ഐഎസ് ഭീകരരെ നേരിടാന്‍ പത്ത് അറബ് രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഐഎസ്ഐഎസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഭീകരരെ നേരിടാന്‍ തുടക്കം മുതലെ സൗദി അറേബ്യ അമേരിക്കയെ പിന്തുണ അറിയിച്ചിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി തുര്‍ക്കിയില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അറബ് രാജ്യങ്ങള്‍ തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം, സുന്നി ഭീകരര്‍ക്കെതിരായ അമേരിക്കന്‍ സഖ്യത്തിന്റെ ആക്രമണത്തിന് തങ്ങളുടെ വ്യോമതാവളങ്ങള്‍ വിട്ടുകൊടുക്കുകയോ ആക്രമണത്തില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്ന് തുര്‍ക്കി അറിയിച്ചു. ഭീകരരെ നേരിടാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ അറബ് രാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും തുര്‍ക്കി വിസമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: