ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ജനസഭയിലെ വിവാദമായ കശ്മീര്‍ ചര്‍ച്ചയില്‍ ഇന്ത്യന്‍ നിലപാടിന് ഭൂരിപക്ഷ അംഗീകാരം. ഭീകരവാദം ഇല്ലാത്ത ഒരു കാലവസ്ഥ സംജാതമാകുകയാണെങ്കില്‍ മാത്രമേ ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ നടത്തിയിട്ട് കാര്യമുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഭൂരിപക്ഷം എംപി മാരും അനുകൂലിച്ചു. കശ്മിര് തര്‍ക്കത്തിന് അന്തിമമായ പരിഹാരം ലോകസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമാണെന്ന് ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.
താഴ്വര വിട്ടോടേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ലിബറല്‍ ഡെമോക്രാറ്റ് ആയ ഡേവിഡ് വാര്‍ഡിന്റെ ആവശ്യ പ്രകാരമാണ് ചര്‍ച്ച നടന്നത്. ഭൂരിപക്ഷം പാക് വംശജര്‍ താമസിക്കുന്ന കിഴക്കന്‍ ബ്രാഡ് ഫോര്‍ഡിലെ എംപി ആണ് ഡേവിഡ് വാര്‍ഡ്. കശ്മീര്‍ പ്രശ്നത്തില്‍ മോദി സര്‍ക്കാരിന്റേത് തീവ്രനിലപാടാണെന്നും ഇത് മുഴുവന്‍ മേഖലയിലും അനിശ്ചിതാവസ്ഥ സൃഷ്ടിക്കുമെന്നും ഡേവിഡ് വാര്‍ഡ് വാദിച്ചു. ഈ വാദത്തിന് വേണ്ടത്ര അംഗീകാരം കിട്ടിയില്ല.
കശ്മീര്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ആവശ്യപ്പെടാതെ അതില്‍ ബ്രിട്ടന് ഒന്നും ചെയ്യാനില്ലെന്നും കണ്‍സര്‍വെറ്റീവ് പാര്‍ട്ടി എംപി ഗ്രിഗറി ബാര്‍ക്കര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ വ്യവസ്ഥ നില നില്ക്കുന്ന മേഖലയില്‍ 61 ശതമാനത്തോളം ജനങ്ങള്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുണ്ടെന്ന് ഇന്ത്യയുമായുള്ള വാണിജ്യബന്ധങ്ങളുടെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രി ഗ്രിഗറി ബാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. കശ്മീര്‍ പ്രശ്നത്തില്‍ ബ്രിട്ടന്റെ ഇടപെടല്‍ നന്നല്ലെന്നും ഭീകരതയാണ് ഇന്ത്യ നേരിടുന്ന വലിയ പ്രശ്നമെന്നും ചൂണ്ടിക്കാട്ടിയ ഗ്രിഗറി ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
ലേബര്‍ എംപി ബാരി ഗാര്‍ഡിനും ഇതിനോട് അനുകൂലിച്ചു. സ്കോട്ട് ലാന്‍ഡിന്റെ പിരിഞ്ഞുപോകലിനെ സംബന്ധിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നാല്‍ എങ്ങനെയാണ് ബ്രിട്ടണ് പ്രതികരിക്കുക എന്ന് ബാരി ഗാര്ഡിനന് ചോദിച്ചു. ജമ്മു കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നവരാണെന്ന് മറ്റൊരു എംപി ബോബ് ബ്ലാക്ക് മാന്‍ പറഞ്ഞു. അധിനിവേശ കാശ്മീരില്‍ നിന്ന് പാക്കിസ്ഥാന് ആദ്യം പിന്‍വാങ്ങട്ടെ എന്നിട്ടാവാം ഹിത പരിശോധനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ ആഴ്ച്ചയും ചേരുന്ന പാര്‍ലമെന്റിന്റെ ബിസിനസ് കമ്മിറ്റിയാണ് കശ്മീര്‍ പ്രശ്നം ചര്‍ച്ചക്കെടുത്തത്. ഇത് രണ്ടാം തവണയാണ് കശ്മീര്‍ പ്രശ്നത്തെപ്പറ്റി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നത്. ഇക്കുറി ഇന്ത്യന്‍ നിലപാടിനെതിരെ പറയത്തക്ക അഭിപ്രായങ്ങള്‍ ഉണ്ടായില്ല. അതേസമയം കശ്മീര്‍ പ്രശ്നം ബ്രിട്ടീഷ് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യുന്നതില്‍ ഇന്ത്യയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: