ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടര്‍ സ്ഥാനത്ത് 2015 ലോകകപ്പുവരെ തുടരാന്‍ രവി ശാസ്ത്രിയോട് ബിസിസിഐ ആവശ്യപ്പെട്ടേക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ജയത്തിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രിയെ ഒപ്പം നിര്‍ത്താന്‍ ബിസിസിഐ ശ്രമമാരംഭിച്ചത്.
ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിയുടെ ക്ഷീണവുമായി ഇറങ്ങിയ ധോണിപ്പടയില്‍ ആത്മവിശ്വാസം നിറയ്ക്കാനും വിജയതൃഷ്ണയുണ്ടാക്കാനും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ശാസ്ത്രിക്കു സാധിച്ചിരുന്നു. ടീമംഗങ്ങള്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം ശാസ്ത്രിയുടെ സേവനങ്ങളെ പുകഴ്ത്തി. കോച്ച് ഡെങ്കന്‍ ഫ്ളെച്ചറും ശാസ്ത്രിയും തമ്മില്‍ നല്ല രസതന്ത്രവും രൂപപ്പെട്ടിരുന്നു. ഫ്ളെച്ചറുടെ സാങ്കേതിക മികവിനെയും സ്വഭാവസവിശേഷതകളെയും ശാസ്ത്രിയും അംഗീകരിച്ചു. അതിനാല്‍ത്തന്നെ ഫ്ളെച്ചറും അടുത്ത ലോകകപ്പുവരെ തുടരാന്‍ സാധ്യതയുണ്ട്.
അതേസമയം, കമന്റേറ്റര്‍ എന്ന നിലയില്‍ ചുമതലകളുള്ള ശാസ്ത്രി ബിസിസിഐയുടെ ആവശ്യം അംഗീകരിക്കുമോയെന്നു ഉറപ്പില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും രക്ഷയൊരുക്കിയിട്ടുള്ള അദ്ദേഹം ഇക്കുറിയും തങ്ങളെ കൈവിടില്ലെന്നു തന്നെയാണ് ടീം അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: