ന്യൂദല്‍ഹി: മാധ്യമങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. തെലങ്കാനയില്‍ മാധ്യമങ്ങളെ നിയന്ത്രിക്കുമെന്ന അര്‍ത്ഥത്തില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
തെലങ്കാനാ മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പെട്ടെന്നു പറഞ്ഞ ജാവ്ദേക്കര്‍, ഇങ്ങനെ അഭിപ്രായപ്പെട്ടു,” മാധ്യമങ്ങളുടെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. മാധ്യമ സ്വാതന്ത്ര്യം കൊണ്ടു കളിക്കാന്‍ ആരേയും സമ്മതിക്കില്ല. 1975-ല്‍ അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ടു,” മന്ത്രി പറഞ്ഞു.
തെലങ്കാനയില്‍ എംഎല്‍എമാരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള പരിപാടികള്‍ സംപ്രേഷണം ചെയ്ത രണ്ടു ചാനലുകളെ അടുത്തിടെ വിലക്കിയിരുന്നു. ”ഇത്തരം മാധ്യമങ്ങളെ കഴുത്തൊടിച്ച് പുറത്തെറിയാം. ഇത്തരം ചാനലാണോ നമുക്കു വേണ്ടത്? തെലങ്കാനാ നിയമസഭയെ വ്രണപ്പെടുത്തിയാല്‍ ആരായാലും കുഴിച്ചുമൂടും,” എന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: