തിരുവനന്തപുരം: കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍നിന്നും അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നതുമൂലം സിപിഎമ്മിനുണ്ടായ പരിഭ്രാന്തിയും ജാള്യതയും മറച്ചുവെയ്ക്കാനാണ് കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിക്കൊണ്ട് അക്രമരാഷ്ട്രീയത്തിന് പാര്‍ട്ടി വീണ്ടും തുടക്കമിട്ടിട്ടുള്ളതെന്ന് ഹിന്ദുഐക്യവേദി ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
മനോജിന്റെ കൊലപാതകത്തെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അനേ്വഷണം നടത്തണം. യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയി ഈ അക്രമത്തെ കണ്ടുകൂടാ. വളരെ വിഗദ്ധമായി ആസൂത്രണവും ഗൂഢാലോചനയും ആയുധശേഖരവും നടന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ അക്രമിസംഘം അതിദാരുണമായി മനോജിനെ കൊല ചെയ്യുകയായിരുന്നു.
ആശയവും ആദര്‍ശവും നഷ്ടപ്പെട്ട പാര്‍ട്ടിക്ക് ഇനി ആയുധമെടുത്ത് പ്രതിയോഗികളെ വകവരുത്തിയെങ്കില്‍ മാത്രമേ നിലനില്ക്കാനാവൂവെന്ന നിഗമനത്തിലാണ് നേതൃത്വം എത്തിച്ചേര്‍ന്നിട്ടുള്ളത്. അണികളെ ഇളക്കിവിട്ട് നാട്ടില്‍ ശാന്തിയും സമാധാനവും നശിപ്പിച്ച് പാര്‍ട്ടി വളര്‍ത്താമെന്നാണ് നേതാക്കളുടെ കണക്കുക്കൂട്ടല്‍. കൊലപാതക രാഷ്ട്രീയത്തെ വീണ്ടും കണ്ണൂരില്‍ തിരിച്ചുകൊണ്ടുവന്നാല് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാനാവുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. ഈ സാഹചര്യത്തിലാണ് സമീപകാലത്ത് ശാന്തമായിരുന്ന കണ്ണൂരിനെ സംഘര്‍ഷമേഖലയാക്കി സിപിഎം മാറ്റിയിരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷിയെ ഉണര്‍ന്നതിന് എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനകാംക്ഷികളും രംഗത്തുവരണം.
മനോജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനങ്ങളും സമ്മേളനങ്ങളും സംഘടിപ്പിക്കുവാനും കൊലപാതക രാഷ്ട്രീയത്തിനെതിരെ ബഹുജനാഭിപ്രായം സ്വരൂപിക്കുവാനും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുവാനും ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്യുന്നതായി കുമ്മനം രാജശേഖരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: