ബെര്‍ലിന്‍: ജര്‍മ്മന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം അരവിന്ദ് ഭട്ടിന്റെ കുതിപ്പ്. ലോക 40-ാം നമ്പര്‍ മലേഷ്യയുടെ ഡാരെന്‍ ല്വീവിനെ 21-14, 21-12ന് മറികടന്ന് അരവിന്ദ് ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
വെറും 39 മിനിറ്റുകള്‍ മാത്രമേ മത്സരം നീണ്ടു നിന്നുള്ളു.
കരിയറില്‍ ഇതു രണ്ടാം തവണയാണ് ല്വീവിനെ അരവിന്ദ് തോല്‍പ്പിക്കുന്നത്. ഡെന്‍മാര്‍ക്കിന്റെ വിക്റ്റര്‍ അക്സെല്‍സനെ അടുത്ത വട്ടത്തില്‍ അരവിന്ദ് നേരിടും. അതേസമയം, പുരുഷ വിഭാഗത്തിലെ മറ്റ് ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന ആനന്ദ് പവാറും, എച്ച്.എസ്.
പ്രണോയിയും പുറത്തായി. പവാര്‍ ചൈനീസ് തായ്‌പേയിയുടെ ടയന്‍ ചെന്‍ ചൂവിനു മുന്നില്‍ മുട്ടുകുത്തിയപ്പോള്‍(21-14, 21-11) പ്രണോയ് ദക്ഷിണ കൊറിയയുടെ വാന്‍ ഹൊ സണ്ണിനെ നമിച്ചു, സ്കോര്‍:14 -21, 15-21. വനിതകളില്‍ അരുന്ധുതി പദ്‌വാനയെ ജപ്പാന്റെ എറിക്കോ ഹിരോസെ മടക്കി (21-18, 21-16).
















