ഗ്ലാസ്ഗോ: ആശിഷ് കുമാര്‍ തയ്യാറെടുത്തുകഴിഞ്ഞു. ഇന്ത്യക്കായി ജിംനാസ്റ്റിക്സില്‍ മെഡല്‍ നേടാന്‍. കഴിഞ്ഞ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു വെള്ളിയും ഒരു വെങ്കലവും നേടി ചരിത്രത്തിലിടം പിടിച്ച പ്രകടനം ആവര്‍ത്തിക്കാനായാണ് 23കാരനായ ആശിഷ്കുമാര്‍ ഇത്തവണ ഗ്ലാസ്കോയിലെത്തിയിട്ടുള്ളത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ജിംനാസ്റ്റിക്സില്‍ മെഡല്‍ നേടിക്കൊടുത്ത താരമാണ് ആശിഷ്കുമാര്‍.
2010 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ജിംനാസ്റ്റിക്സിനിറങ്ങുമ്പോള് ഇന്ത്യക്ക് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. ജിംനാസ്റ്റിക്സില്‍ വലിയ പാരമ്പര്യമില്ലെന്നത് തന്നെയായിരുന്നു കാരണം. എന്നാല്‍ ആശിഷ് കുമാറെന്ന പത്തൊമ്പതുകാരന് ഈ ചരിത്രം തിരുത്തിക്കുറിച്ചു. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളുടെ അരവമേറ്റുവാങ്ങി ആശിഷ് കുതിച്ചു. പുരുഷന്മാരുടെ വോള്‍ട്ടില്‍ വെള്ളിയും ഫ്ളോറില്‍ വെങ്കലവും നേടി പുതിയ ചരിത്രം സ്വന്തമാക്കി. ഇത്തവണയും ഈ നേട്ടം സ്വന്തമാക്കാനൊരുങ്ങിത്തന്നെയാണ് ജംഷഡ്പൂര്‍ സ്വദേശിയായ ആശിഷ് കുമാര്‍ വരുന്നത്. 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും പുരുഷന്മാരുടെ ഫ്ളോര്‍ ഇനത്തില്‍ ആശിഷ് കുമാര്‍ വെങ്കലം നേടിയിരുന്നു.
















