തറവാട് വീടിനോട് ചേര്‍ന്നുള്ള മറ്റക്കുഴി ശിവപാര്‍വതി ക്ഷേത്രമുറ്റത്ത് പിച്ചവച്ച ബാല്യം. ഉത്സവവേളകളില്‍ അനുജന് രാഹുലിനോടൊപ്പം ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ച് കലാരംഗത്തേക്കു ചുവടുവച്ചു. പിന്നീട് ചോറ്റാനിക്കരയിലേക്ക് പറിച്ചു നട്ടപ്പോഴും നൃത്തവും പാട്ടും കൂടെയുണ്ടായിരുന്നു. ടിവി ഷോകളിലൂടെ മലയാളികള്‍ തിരിച്ചറിഞ്ഞ രമ്യാ നമ്പീശന് ഇന്ന് മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. 2000-ത്തില്‍ സായാഹ്നത്തിലൂടെ ബാലതാരമായി സിനിമാലോകത്തെത്തിയ രമ്യ സപ്പോര്‍ട്ടിങ് വേഷങ്ങളിലൂടെ യാത്ര ആരംഭിച്ചു. 2006ല്‍ ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് രമ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ചോക്ലേറ്റ് എന്ന ചിത്രം വന്‍സാമ്പത്തികനേട്ടം കൊയ്തതോടെ രമ്യയെതേടി അന്യഭാഷാചിത്രങ്ങളും വന്നു. 2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രമാണ് ഗ്രാമീണ പെണ്‍കുട്ടി എന്ന രമ്യയുടെ ഇമേജ് മാറ്റിയത്. പിന്നീട് പുറത്തിറങ്ങിയ ചാപ്പാകുരിശ് രമ്യ എന്ന ഒന്നാം നിര നായികയെ മലയാള സിനിമക്കു സമ്മാനിച്ചു. തട്ടത്തിന് മറയത്തിലൂടെ പിന്നണിഗാനരംഗത്തും ഈ കലാകാരി സജീവമായി. 2013 കഴിഞ്ഞപ്പോള്‍ കമലിന്റെ നടന് എന്ന സിനിമയിലെത്തിനില്ക്കുന്നു രമ്യയുടെ വേഷങ്ങള്‍…..
അഭിനേത്രിയും ഗായികയും നര്ത്തകിയുമൊക്കെയാണെങ്കിലും കലാകാരി എന്ന റോളല് അറിയപ്പെടാനാണ് രമ്യക്ക് ഏറെ ഇഷ്ടം. തന്റെ കലാപ്രകടനങ്ങള്‍ മറ്റുള്ളവര്‍ക്ക് ആനന്ദം പകരുന്നുണ്ടെങ്കില്‍ അതുതന്നെയാണ് ഏറ്റവും സന്തോഷം. അതു പാട്ടായാലും അഭിനയമായലും ദൈവികമായി കിട്ടിയ ഭാഗ്യമായി രമ്യ കരുതുന്നു. കലാപാരമ്പര്യമുള്ള കുടുംബമാണ് രമ്യയുടേത്. അച്ഛന് സ്റ്റേജ് ആര്‍ട്ടിസ്റ്റായിരുന്നു. അനുജനും കലാവാസനയുണ്ട്. അതിന്റെയൊക്കെ ഗുണമാണ് ഞാന്‍ എന്തെങ്കിലുമായതിന് പിന്നില്‍. ഏത് റോളായാലും എനിക്കു പ്രിയപ്പെട്ടതാണ്.
നാടന്‍ പെണ്‍കുട്ടി ഇമേജില്‍ നിന്നും മോഡേണ്‍ പെണ്കുട്ടിയിലേക്കുള്ള രമ്യയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. ജീവിതത്തില്‍ ബാലന്‍സ് കീപ്പ് ചെയ്യുന്ന ഒരാളാണ് ഞാന്‍. ജീവിതം എങ്ങനെ നമ്മുടെ മുന്നിലേക്കു വരുന്നോ അതിനെ നമ്മള് ജീവിച്ചു കാണിച്ചു കൊടുക്കുക എന്നു വിശ്വസിക്കുന്നൊരാള്‍. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര് ഒന്നുമില്ല. എന്റെ അച്ഛന് അമ്മ അനുജന് കുറെ നല്ല സുഹൃത്തുക്കള്‍ ഇവരാണ് എനിക്കെന്നും ശക്തി പകരുന്നത്. പിന്നെ അനുഭവങ്ങളാണ് എന്റെ ഗോഡ്ഫാദര് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അനുഭവങ്ങള്‍ എനിക്കു സമ്മാനിച്ച വേഷപകര്ച്ചകളായിട്ടാണ് ഈ മാറ്റത്തെ ഞാന്‍ കാണുന്നതും.
സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ രമ്യ സജീവമായി കലാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പാടാനുള്ള കഴിവ് തിരിച്ചറിഞ്ഞത് രമ്യയുടെ അച്ഛനാണ്. ചെറുപ്പം മുതല്‍ പാട്ടു പഠിക്കാന്‍ അയച്ചു. പിന്നെ അച്ഛന് ഒരു സംഗീത അക്കാദമി ഉണ്ടായിരുന്നു ശ്രീഹരി മ്യൂസിക്കല്‍ അക്കാദമി. അതുകൊണ്ട് ഞങ്ങളുടെ വീട്ടിലെന്നും സംഗീതമുണ്ടായിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് സംഗീത സംവിധായകന് ശരത് സാറാണ് എന്റെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. പക്ഷെ എനിക്ക് എന്റെ ശബ്ദം പാടാനേ കൊള്ളില്ല എന്നാണ് തോന്നിയിട്ടുള്ളത്. കുറെ നല്ല പാട്ടുകള്‍ പാടാന്‍ എനിക്കു ഭാഗ്യം ലഭിച്ചു. അതില്‍ പലതും ഹിറ്റ് ആയതും ഭാഗ്യമായ് കരുതുന്നു. പക്ഷെ ഇതെല്ലാം അത്ഭുതത്തോടെയാണ് രമ്യ കാണുന്നത്.. കാരണം സ്കൂള്‍ കോളേജ് കാലഘട്ടത്തില്‍ ഒട്ടും എക്സ്പ്രസ്സീവല്ലായിരുന്ന രമ്യ ഇത്രയൊക്കെ ആയതിലുള്ള അത്ഭുതം.
ഒട്ടും എക്സ്പ്രസ്സീവല്ലായിരുന്ന രമ്യ ഇവന് മേഘരൂപന്‍ എന്ന ചിത്രത്തിലെ ആണ്ടേലോണ്ടെ.. എന്ന പാട്ടുമായി റോഡിലിറങ്ങി. ബ്രോഡ്വേയില് കൂടി ഓടി നടക്കുക എന്നത് വളരെ ഡെയറിംഗ് ആയിട്ടുള്ള ഒരറ്റംന്റ് ആയിട്ടാണ് എല്ലാവരും പറഞ്ഞത്. നല്ലൊരു ലക്ഷ്യത്തിനു വേണ്ടിയാണെങ്കില്‍ നമ്മുടെ നാട്ടുകാര്‍ സഹകരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പിന്നെ അത് ഒരു വി.കെ.പ്രകാശ് തോട്ടാണ്. തലേ ദിവസം എന്നെ വിളിക്കുന്നു. നാളെ ഇങ്ങനെ ചെയ്യാം എന്നു പറയുന്നു. അതായത് റോഡിലൂടെ രമ്യ നടന്നു പാടുന്നു. പോലീസു വന്നാല്‍ രമ്യയെ അവരു കൊണ്ടുപോകും… അങ്ങനെയൊക്കെയാണ് എന്നോടു പറഞ്ഞത്. അമ്പരന്നെങ്കിലും ഞാന്‍ വിചാരിച്ചു ഒന്നു ചെയ്തു നോക്കാമെന്ന്, ആ ചിത്രം നല്ല കലാമൊാളിയമുള്ള സിനിമകൂടിയായിരുന്നല്ലോ… എന്നാല്‍ കഴിയുന്ന തരത്തില്‍ എനിക്ക് ആ ചിത്രത്തെ പ്രമോട്ടു ചെയ്യാന്‍ സാധിച്ചു.
ചാപ്പാകുരിശ്ശിലെ സോണിയ എന്ന കഥാപാത്രമാണ് രമ്യയുടെ ഇഷ്ട വേഷം. സിനിമ കണ്ടിറങ്ങിയാല്‍ ആ കഥാപാത്രം ആരും മറക്കില്ല. അങ്ങനെയൊരനുഭവം ഏതുപെണ്കുട്ടിക്കും വരാം. ചോക്ലേറ്റിനു ശേഷം ഞാന്‍ മലയാള സിനിമ ചെയ്യുന്നുണ്ടായിരുന്നില്ല. അല്പം നെഗേറ്റെവ് ടച്ചുള്ള ചെറിയ വേഷമായിരുന്നെങ്കിലും എന്റെ കഥാപാത്രം മാറ്റി നിര്‍ത്തിയാല്‍ ആ സിനിമയില്ല. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചിത്രമായിരുന്നു അത്. അതുകൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്തത്. പിന്നെ ഒരഭിനേത്രി എന്ന നിലയില്‍ എനിക്കു ചില കഥാപാത്രങ്ങളേ ചെയ്യാന്‍ പറ്റൂ എന്ന് വിചാരിക്കാന്‍ കഴിയില്ല. ഏതുവേഷവും ചെയ്യാന്‍ നമ്മള് തയ്യാറായിരിക്കണം. മങ്കിപ്പെന്‍ എന്ന സിനിമയില്‍ ആറു വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. എല്ലാ കഥാപാത്രങ്ങളും മനസ്സില്‍ തട്ടിയങ്ങു ചെയ്യും. എന്നാല്‍ മനസിനെ സ്പര്‍ശിച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേയുള്ളു.
ഒരു കഥ കേള്‍ക്കുമ്പോള്‍ എന്റെ കഥാപാത്രം എക്സൈറ്റിങ്ങാണെങ്കില് ഞാന്‍ ആ സിനിമ ചെയ്യും. ഹോംവര്‍ക്കൊന്നും ചെയാറില്ലെങ്കിലും കഥാപാത്രത്തെ പരമാവധി ഉള്‍ക്കൊണ്ട് ചിത്രത്തെ മനോഹരമാക്കാന്‍ ശ്രമിക്കും. അച്ഛന്, അമ്മ, അനുജന് ഇവരോടൊക്കെയാണ് കഥയെക്കുറിച്ച് ചര്‍ച്ചചെയ്യാറുള്ളത്. പിന്നെ ഭാവന ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കളോടും ഡിസ്കസ് ചെയ്യാറുണ്ട്. ചില സിനിമകളൊക്കെ സംഭവിക്കുന്നത് ഒരു തോന്നലാണ.് ആ തോന്നലിനുവേണ്ടിയാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. പിസ്സയില്‍ അങ്ങനെയൊരു തോന്നലില്‍ മാത്രം ചെയ്തതാണ്. അത് വന്‍ വിജയമായി, വിവിധ ഭാഷകളില്‍ അത് ഡബ്ബ് ചെയ്യപ്പെട്ടിട്ടുണ്ട്.
മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ എങ്ങനെ വിലയിരുത്താന്‍ സാധിക്കും. അവരെല്ലാം മനുഷ്യരാണ്. ഡൗണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ആള്ക്കാര്. അടുത്തിടപഴകുമ്പോഴാണ് നമുക്ക് ഇവരുടെ മഹത്വം മനസിലാക്കാന്‍ കഴിയുന്നത്. ഇവരുടെയൊക്കെ വിജയത്തിന്റെ പിന്നില്‍ അവരുടെ ചിന്തകള്‍ തന്നെയാണ്. തൊഴിലിനോടുള്ള മനോഭാവം, സൊസൈറ്റിയോടുള്ള കാഴ്ചപ്പാട് ഇതൊക്കെതന്നെയാണ് ഇന്നത്തെ വിജയത്തിന്റെ പിന്നിലെ രഹസ്യം. കോമ്പ്ലക്സ് ആയിട്ടുള്ള ഫീല്‍ഡ് ആണ് സിനിമ. പല പ്രശ്നങ്ങള്‍ നമ്മള് കൈകാര്യം ചെയ്യേണ്ടിവരും. അവിരില്‍ നിന്നൊക്കെ ഒരുപാടു കാര്യങ്ങള്‍ നമുക്കു പഠിക്കാന്‍ കഴിയും. മലയാളസിനിമയിലെ ഇന്നത്തെ യുവനായകന്മാരെല്ലാം ഹാര്‍ഡ്വര്‍ക്കിങ് ആണ്. ആ മനോഭാവത്തെയാണ് ഞാന്‍ അഭിനന്ദിക്കുന്നത്.
സിനിമ നല്‍കിയിട്ടുള്ള നല്ലമുഹൂര്‍ത്തങ്ങള്‍, നല്ല സന്തോഷങ്ങള്‍, കയ്പ്പേറിയ നിമിഷങ്ങള്‍ ഇതൊക്കെയാണ് രമ്യയുടെ മറക്കാനാവാത്ത അനുഭവങ്ങള്‍. പക്ഷെ ഓരോ അനുഭവങ്ങളും തള്ളിക്കളയാറില്ല, മോശമായ അല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതില്‍നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാന്‍ രമ്യ ശ്രമിക്കുന്നു.
അച്ഛനും അനുജനുമാണ് രമ്യയുടെ വിമര്‍ശകര്‍. അമ്മ നല്ലൊരാസ്വാദകയാണ്. വിവാഹത്തെക്കുറിച്ചുള്ള രമ്യയുടെ സങ്കല്പങ്ങള് ഇങ്ങനെ തുടങ്ങുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന, പ്ലസന്റായ ഒരാളായിരിക്കണം ഭാവി പങ്കാളി. ഞാന്‍ വളരെ സംസാരപ്രിയ ആയതുകൊണ്ട് സെയിലന്റായിട്ടുള്ള ഒരാളെ എനിക്കിഷ്ടമല്ല അത്യാവശ്യം തമാശകളൊക്കെ പറയണം ആസ്വദിക്കണം. പിന്നെ നമ്മുടെ പ്രൊഫഷനെ മനസ്സിലാക്കുന്ന ആളല്ലെങ്കില്‍ വല്യ പ്രശ്നമായിരിക്കും. എനിക്കു തോന്നുന്നത് കല്ല്യാണം ഒരു വലിയ ലോട്ടറിയാണ്, കിട്ടിയാ കിട്ടി പോയാ പോയി.
ന്യൂജനറേഷന് സിനിമ-ഓള്‍ഡ്ജനറേഷന്‍ എന്നുള്ള തരംതിരിവിനോട് രമ്യക്ക് യോജിപ്പില്ല. സിനിമയെ ഒരു യൂണിവേഴ്സല്‍ ആര്‍ട്ടായി കാണാനാണെനിക്കിഷ്ടം. അങ്ങനെ ഒരു ടാഗിങ്ങിന്റെ ആവശ്യമില്ല. സിനിമയെ കുറച്ചുവ്യത്യസ്തമായി എടുക്കാന്‍ ശ്രമിച്ചു അതിനെ ന്യൂജനറേഷന് എന്ന ഓമനപേരിട്ടു എന്നതാണ് സത്യം. കാലഘട്ടമനുസരിച്ച് സിനിമ സംസാരിക്കും. ഗ്രാമങ്ങള്‍പോലും നഗരമായിക്കൊണ്ടിരിക്കുന്ന സമയത്ത് കാലഘട്ടത്തിനനുയോജ്യമായ കഥ വേണമല്ലൊ പറയാന്‍. അതുകൊണ്ടതിനെ ന്യൂജനറേഷന്, ഓള്‍ഡ്ജനറേഷന്‍ സിനിമ എന്ന് വിളിക്കുന്നു.
നല്ല മ്യൂസിക് ഡയറക്ടേഴ്സിന്റെ ഗാനങ്ങള്‍ പാടാന്‍ കഴിഞ്ഞു എന്നതാണ് 213ലെ രമ്യയുടെ നേട്ടം. ടാലന്റഡായിട്ടുള്ള സംവിധായകരുടെയും ടെക്നീഷ്യന്‍സിന്റെയും സിനിമകളില്‍ സഹകരിക്കാന്‍ കഴിഞ്ഞു. അതിലെല്ലാമുപരി എനിക്കും അനുജനും ഒന്നിച്ച് ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതാണ് 2013ലെ എന്റെ ഏറ്റവും വലിയ സന്തോഷം. ഫിലിപ്സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത് രമ്യയുടെ അനുജന് രാഹുല്‍ സുബ്രഹ്മണ്യമാണ്. അതില്‍ രമ്യ പാടിയ ബാല്യത്തില്‍ നാം കണ്ട ഓമല്കിനാവിലേറി.. എന്ന ഗാനം ഹിറ്റായി. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ കൂടിയായിരുന്നു രാഹുല്‍.
2014 പുതിയ പ്രോജക്ടുകളുടെയും പ്രതീക്ഷകളുടെയും വര്‍ഷമാണ് രമ്യക്ക്. തമിഴിലാണ് കൂടുതലും പ്രോജക്ട്സ് കമ്മിറ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത സംവിധായകന് ശങ്കര്സാറിന്റെ അസോസിയേറ്റ് സംവിധാനം ചെയ്ത് വൈഭവ് നായകനായി അഭിനയിക്കുന്ന ഡമാല്ഡുമിയില് അഭിനയിക്കുന്നതിനോടൊപ്പം ചിത്രത്തില്‍ രമ്യ പാടിയിട്ടുമുണ്ട്. അരുണ്നിധി നായകനായ നാല് പോലീസും നല്ലായിരുന്ന ഊരുമാണ് മറ്റൊരു ചിത്രം. മലയാളത്തില്‍ ഏപ്രിലില്‍ ഒരു പ്രോജക്ട് ചെയ്യുന്നുണ്ട്. പിന്നെ കുറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പാണ്ഡ്യനാട് എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാടിയ ഫൈ ഫൈ ഫൈ കലാച്ചിഫൈ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. ബര്‍മ്മ എന്ന തമിഴ് ചിത്രത്തിനുവേണ്ടിയും പാടിയിട്ടുണ്ട്. മലയാളത്തില്‍ നിവിന്‍പോളി നായകനാകുന്ന ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ശരത് സംഗീതം നല്കിയ ആല്‍ബത്തിലും പാടിയിട്ടുണ്ട്. 2014നെ നല്ല പ്രതീക്ഷയോടെയാണ് രമ്യ കാണുന്നത്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: