മലയാള സിനിമയിലെ പ്രസരിപ്പുള്ള നായികമാരില്‍ മുന്നിലാണ് ഭാവന. ചിരിയും സന്തോഷവുമാണ് ഭാവനയെന്നുതന്നെ പറയാം. അതു ഭാവനയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍ കൂടിക്കൊണ്ടാണെന്ന് ജന്മഭൂമിയുടെ കെ.എം.കനകലാല്‍ എഴുതുന്നു…
വളരെ എനര്‍ജറ്റിക്കായ…. ഏതു നെഗേറ്റെവ് സാഹചര്യത്തെയും തന്റെ പ്രസരിപ്പുകൊണ്ട് പോസിറ്റിവാക്കിമാറ്റാനുള്ള ഒരു കഴിവ്, അത് ജന്മസിദ്ധം എന്നു തന്നെ പറയാനാണ് ഭാവനക്കിഷ്ടം. കുട്ടിക്കാലത്ത് എങ്ങും അടങ്ങിയൊതുങ്ങിയിരിക്കാത്ത, ആര്‍ക്കും മെരുക്കാന്‍ പറ്റാത്ത ആളായിരുന്നുവത്രെ ഭാവന. പക്ഷെ പെട്ടെന്നു ദേഷ്യം വരുന്ന, സങ്കടം വരുന്ന വളരെ ഇമോഷണലായ സെന്‍സിറ്റീവായ ഒരാളാണ് ഭാവന എന്നത് വേറെ കാര്യം. എത്ര വലിയ പ്രശ്നമാണെങ്കിലും അത് സ്വയം പരിഹരിക്കാനേ ഭാവന ശ്രമിക്കാറുള്ളു. വളരെ അടുത്ത സുഹൃത്തുക്കളോടുപോലും പറയാറില്ല. മറ്റുള്ളവരുടെ മുന്നില്‍ വളരെ പ്ലസന്റായിട്ട് ഇരിക്കാന്‍ ഭാവനക്ക് കഴിയുന്നതും അതുകൊണ്ടാണ്. അല്പം വിഷമത്തോടെയുള്ള മുഖഭാവം കണ്ടാല്‍പോലും എല്ലാവരും വന്ന് കാര്യം അന്വേഷിക്കുന്നതും അങ്ങനെ ഒഴിവാക്കാം എന്നാണ് ഭാവന കരുതുന്നത്.
സാംസാകാരിക തലസ്ഥാനമായ തൃശ്ശുരിലെ പെരിന്കാവ് എന്ന ഗ്രാമത്തില്‍ സിനിമഫോട്ടോഗ്രാഫറും അസിസ്റ്റന്റ് ക്യാമറാമാനും ആയിരുന്ന ജി.ബാലചന്ദ്ര മേനോന്റെയും പുഷ്പലതയുടെയും മകളായി ജനിച്ച കാര്‍ത്തിക മേനോന്റെ മനസ്സില്‍ കുട്ടിക്കാലം തൊട്ടേ സിനിമ നിറഞ്ഞു നിന്നിരുന്നു. അച്ഛന് വീട്ടിലെന്നും സംസാരിച്ചിരുന്നത് ലൊക്കേഷന്‍ കഥകളായിരുന്നതാവാം അതിനു കാരണം. വലുതാകുമ്പോള്‍ ആരാകണം എന്ന അദ്ധ്യാപകരുടെ ചോദ്യങ്ങള്‍ക്ക് തെല്ലും സംശയമില്ലാതെ സിനിമാനടിയാകണം എന്ന് പറഞ്ഞിരുന്ന ബാല്യം. അങ്ങനെയാണ് അഞ്ചാമത്തെ വയസ്സില്‍ എന്റെ സൂര്യപുത്രി എന്ന ചിത്രത്തില്‍ അമലചെയ്ത വേഷം കണ്ണാടിക്കുമുന്നില്‍ അനുകരിക്കാന്‍ ശ്രമിച്ചതും അമല ഒടിഞ്ഞ കൈ തൂക്കിയിട്ടു നടക്കുന്നതു കണ്ട് സ്വന്തം കയ്യൊടിയാന്‍ പ്രാര്‍ത്ഥിച്ചു നടന്നതും ഒടുക്കം അമ്മ തോര്‍ത്തു കൊണ്ട് കൈ കെട്ടി തൂക്കിയിട്ടു കൊടുത്തിട്ട് മോളുടെ കൈ ഒടിഞ്ഞു കേട്ടോ എന്നു പറഞ്ഞു സമാധാനിപ്പിച്ചതുമെല്ലാം.
ഫോട്ടോഗ്രാഫര്‍ ആയിരുന്നതുകൊണ്ട് മിച്ചം വരുന്ന ഫിലിമുകളില്‍ മകളുടെ ചിത്രങ്ങള്‍ പകര്‍ത്തി വക്കുകയായിരുന്നു, ബാലേട്ടന് എന്നു സിനിമാലോകം വിളിക്കുന്ന ജി.ബാലചന്ദ്രന്റെ പ്രധാന ഹോബി. സംവിധായകന് ഭരതന്റെ മകന് സിദ്ധാര്‍ത്ഥ് ഭരതന്, നടന് രാഘവന്റെ മകന് വിഷ്ണു, രേണുക മേനോന് തുടങ്ങിയ പുതുമുഖങ്ങള്‍ക്കൊപ്പം മലയാള സിനിമലോകത്തേക്ക് കാലെടുത്തു വക്കുമ്പോള്‍ ഭാവനയ്ക്ക് വയസ്സ് പതിനഞ്ച്. അങ്ങനെ 2002ല്‍ കമല്‍ സംവിധാനം ചെയ്ത നമ്മള് എന്ന സിനിമയിലൂടെ കാല്ത്തിക മേനോന് ഭാവന എന്ന താരമായി മാറുകയായിരുന്നു. പക്ഷെ വീട്ടിലിന്നും സ്വന്തം കാത്തി തന്നെയാണ് ഭാവന.
കൂടുംബസുഹൃത്തായ ബാലമുരളിയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്.” ‘നമ്മള്’ സിനിമയുടെ കഥ ബാലമുരളിയുടേതായിരുന്നു. പുതിയ ഹീറോയിനെ വേണമെന്ന് അച്ഛനോട് പറഞ്ഞ് ഭാവനയുടെ ഫോട്ടോ വാങ്ങിക്കൊണ്ടു പോകുകയായിരുന്നു. പക്ഷെ സംവിധായകന് കമല്‍ ഫോട്ടോ കണ്ടപ്പോള്‍ കറുത്ത കുട്ടിയെയാണ് വേണ്ടത് എന്ന് പറഞ്ഞ് ഒഴിവാക്കി. ബാലമുരളിയും കലവൂര്‍ രവികുമാറും കമലിനോടു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രം കമലിനെ കാണാന്‍ അനുവാദം കിട്ടി. അങ്ങനെ ഭാവനയും അച്ഛനും കമലിനെ പോയികണ്ടു സംസാരിച്ചു അപ്പോഴും കമലിന്റെ മനസ്സു മാറിയിരുന്നില്ല…” പക്ഷെ ഭാവന സ്വതസിദ്ധമായ ശൈലിയില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ കമലിനു വളരെ ഇഷ്ടപ്പെടുകയും നമ്മള് എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുമാണുണ്ടായത്.
ഇന്ന് ദക്ഷിണേന്ത്യയിലെ തിളങ്ങുന്ന താരമായി ഭാവന വളര്‍ന്നു കഴിഞ്ഞു. മലയാളത്തിലെ മാത്രമല്ല അന്യഭാഷകളിലെയും ഒന്നാം നിര നായിക. ഗ്ലാമളറസ് വേഷങ്ങളും നാടന്‍ പെണ്‍കുട്ടിയുടെ ശാലീനവേഷങ്ങളും ഒരുപോലെ ആ കൈകളില്‍ ഭദ്രം. സിനിമയ്ക്കനിവാര്യമായ മാറ്റങ്ങള്‍ ഭാവന എന്ന നടിക്കു വരുത്തിയിട്ടുണ്ടോ എന്നു ചോദിച്ചാല്‍ വളരെ വ്യക്തമായ ഉത്തരമുണ്ട് ഭാവനക്ക്. “ആദ്യത്തെ രണ്ടമൂന്നു വര്‍ഷം സിനിമയെ ഒരു പ്രൊഫഷനായി കണ്ടിരുന്നില്ല. വളരെ കീയര്ലസ് ആയിട്ട്, എന്തു ഭക്ഷണവും കഴിച്ച് വെയിലുംകൊണ്ട് നടക്കുമായിരുന്നു. സംവിധായകന് സിദ്ധിക്ക്, നടന് ഇന്നസെന്റ് തൂടങ്ങിയ സീനിയറായിട്ടുള്ള ആളുകളൊക്കെ എന്നെ ഉപദേശിച്ചു തുടങ്ങി. പക്ഷെ ഇരുപതുവയസ്സൊക്കെ ആയപ്പോഴാണ് സിനിമ എന്ന പവര്‍ഫുള്ളായൊരു മീഡിയയില്‍ ആണ് ജോലി ചെയ്യുന്നത്, തന്നെ ഒരുപാട് ആള്ക്കാര് കാണുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത്. അപ്പോഴേക്കും സ്വാഭാവികമായ മാറ്റങ്ങള്‍ ശരീരത്തില്‍ വന്നുതുടങ്ങി, പിന്നെയാണ് സ്കിന്‍ ശ്രദ്ധിക്കാനും ബോഡി ശ്രദ്ധിക്കാനും അങ്ങനെ കൂടുതല്‍ കീയര്‍ തുടങ്ങിയത്.” ഭാവന പറയുന്നു.
“സൗന്ദര്യം കാത്തു സൂക്ഷിക്കാന്‍ ഇപ്പൊ വെയില് കൊള്ളാറില്ലേ എന്നു ചോദിച്ചാല്‍ ഞങ്ങള്‍ സിനിമാക്കാരാണ് ഏറ്റവും കൂടുതല്‍ വെയിലുകൊള്ളുന്നവര്‍. ഷൂട്ടിങ് മുഴുവന്‍ വെയിലത്താണ്. ഞങ്ങള്‍ എന്നും പറയാറുണ്ട് റോഡില്‍ പണിയുന്നവരും സിനിമക്കാരും ഒരേപോലെയാണെന്ന്,” ഭാവനയുടെയുടെ വിശദീകരണം തുടരുന്നു. ഫെബ്രുവരി മുതല്‍ നാലുമാസം ഹണീബിയുടെ ഷൂട്ടിലായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലേയും, ലക്ഷദ്വീപിലേയും മുഴുവന്വെയിലും കൊണ്ടിട്ടുണ്ട് ഭാവന. അതുകൊണ്ട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ കറങ്ങി നടക്കാനും വെയിലുകൊള്ളാനും കഴിയുന്നില്ല എന്ന തോന്നല്‍ ഭാവനക്കില്ല. “പിന്നെ എല്ലാവരെയും പോലെ ഫ്രീയായിട്ടു കറങ്ങി നടക്കാന്‍ പറ്റുന്നില്ലല്ലോ എന്ന വിഷമം ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ഫ്രണ്ഡ്സൊക്കെ വിളിക്കുമ്പൊ പലയിടത്തും പോയകാര്യമൊക്കെ പറഞ്ഞുകേള്‍ക്കുമ്പോള്‍ നഷ്ടം തോന്നും. മുപ്പതു ദിവസത്തെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞുള്ള ഇടവേളകളില്‍ പത്തോ പതിനഞ്ചോ ദിവസം വീട്ടില്‍ വെറുതെയിരിക്കും. ഇപ്പൊ സിനിമയില്‍ വന്നിട്ട് പത്തു വര്‍ഷം കഴിയുന്നു. ലൊക്കേഷന്‍, വീട് എന്ന റൊട്ടീന്‍ ജീവിതം… ചിലപ്പോഴൊക്കെ സങ്കടം വരാറുണ്ട്. പിന്നെ കമലഹാസനൊക്കെ വേഷം മാറി കറങ്ങി നടന്നിട്ടുള്ളപോലെ പര്‍ദ്ദയൊക്കെയിട്ട് ചിലപ്പൊ പുറത്തു പോകാറുണ്ട്,” പക്ഷെ അതുവളരെ രഹസ്യമാണെന്നോര്മ്മിപ്പിക്കാനും മറന്നില്ല ഭാവന.
ക്രിക്കറ്റിനെക്കുറിച്ച് ഒന്നും തന്നെ അറിയാതെയാണ് സെലിബ്രിറ്റി ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്നത്. അറബീം ഒട്ടകോം ഷൂട്ട് നടക്കുന്ന സമയത്ത് ലിസിയാണ് ആദ്യം ഭാവനയോട് സിസിഎല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകുന്ന കാര്യം പറയുന്നത്. സ്പോര്‍ട്സിനെക്കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാതിരുന്നത് കൊണ്ട് മടി പറഞ്ഞെങ്കിലും വളരെ ഫണ്‍ ആയിരിക്കും എന്നു പറഞ്ഞ് അവരെനിക്കു ധൈര്യം തരികയായിരുന്നു. അങ്ങനെയാണ് ആദ്യം അംബാസിഡര്‍ ആകുന്നത്. ഈയൊരു റുട്ടീന്‍ ലൈഫില്‍ നിന്നും ചെറിയൊരു മോചനം തന്നു സിസിഎല്‍. പിന്നെ കുറെ നല്ല സൗഹൃദങ്ങള്‍ ഉണ്ടായി.
സിനിമയെക്കുറിച്ചു ഭാവനയുടെ നിരീക്ഷണം ഇങ്ങനെ. “സിനിമ ശരിക്കും ഒരു ഗാംബ്ലിങ്ങാണ്. സര്‍ക്കാര്‍ ജോലിയിലിരിക്കുന്നതുപോലെ ഇത്ര വര്‍ഷം ജോലി ചെയ്യാം എന്ന യാതൊരൊറപ്പും സിനിമയിലില്ല. ഒരു സിനിമ തീര്‍ന്ന് അടുത്തതില്‍ ജോയിന്‍ ചെയ്യുമ്പോള്‍ മാത്രമെ നമുക്കു സിനിമ ഉണ്ടെന്നു പറയാന്‍ കഴിയൂ. പുറത്തു നിന്നു കാണുന്നതു പോലെ വളരെ ഈസിയായിട്ടുള്ള പ്രൊഫഷനല്ല സിനിമ. നാല്പത്തഞ്ച് അല്ലെങ്കില്‍ അറുപത്തഞ്ചു ദിവസത്തെ ഇരുനൂറോളം ആളുകളുടെ കഠിന പ്രയത്നം അതിന്റെ പിന്നിലുണ്ട്….” അങ്ങനെ ഒരുപാടു കഷ്ടപ്പെട്ടുതന്നെയാണ് ഭാവനയും ഈ ഉയരങ്ങളില്‍ എത്തിയത്. ആരെയെങ്കിലും കുറിച്ച് കുറ്റം പറഞ്ഞാല്‍ മാത്രം സമാധാനം കിട്ടുന്ന ഒരുപാടു ഫ്രസ്ട്രേഷനുള്ള ആളുകളുടെ ഇടയില്‍ പിടിച്ചുനിന്നു നേടിയ വിജയം. സിനിമക്കാരുടെ സ്വകാര്യതകള്‍ വരെ ഇവിടെ എല്ലാവരും അറിയും, അതിനെക്കുറിച്ച് പലതും പറഞ്ഞു പരത്തും. സെലിബ്രിറ്റി എന്നു പറയുന്നത് പബ്ലിക്ക് പ്രോപ്പര്‍ട്ടിയല്ല എന്ന് ഭാവന തറപ്പിച്ചു പറയുന്നു. ആക്ഷന്റെയും കട്ടിന്റെയും ഇടയിലുള്ള സമയം കഴിഞ്ഞാല്‍ ഞങ്ങളും സാധാരണ മനുഷ്യര്‍ തന്നെയാണെന്നു ഭാവന ഓര്‍മ്മിപ്പിക്കുന്നു.
ജാഡകൊണ്ടല്ല ആരോടും മിണ്ടാതിരിക്കുന്നത്. ഒട്ടും പരിചയമില്ലാത്തിടത്ത് എങ്ങനെ പെരുമാറണം എങ്ങനെ റിയാക്ട് ചെയ്യണം എന്ന ഒരു കണ്ഫ്യൂഷന്കൊണ്ടുണ്ടാകുന്നതാണതെന്നു പറയുന്ന ഭാവന, അനാവശ്യ കമന്റുകള്‍ കേട്ടാല്‍ കരയാനൊന്നും നില്‍ക്കില്ല-വളരെ ശക്തമായിത്തന്നെ പ്രതികരിക്കും. ഒരനുഭവ വിവരണം ഇങ്ങനെ: ഒരു സ്കൂളില്‍ വച്ചു നടന്ന ഷുട്ടിങ്ങിനിടയില് ഭാവനയേയും കൂടെഅഭിനയിച്ച നായികാനടിയെയും കുറച്ചുപേര്‍ചേര്‍ന്ന് എന്തൊക്കെയോ കമന്റുകള്‍ പറഞ്ഞു. പരിധിവിട്ടപ്പോള്‍ സഹികെട്ട് ഭാവനയുടെ നേതൃത്വത്തില്‍ ഒരു സംഘം അവരെ പിടികൂടി ഒടുവില്‍ ഗത്യന്തരമില്ലാതെ ഞങ്ങള്‍ കുട്ടികളല്ലെ ക്ഷമിക്കണമെന്നു പറഞ്ഞു. കുട്ടികളാണെന്നു പറയാനുള്ള തിരിച്ചറിവുള്ള കുട്ടികള്‍ ഇത്തരം മോശമായ കമന്റുകള്‍ പറയുന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്കാരം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഭാവന രോഷം കൊള്ളുന്നു. പ്രത്യേകിച്ച് സിനിമാതാരങ്ങളോടാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത് എന്നും ഭാവന പറയുന്നു. അന്യഭാഷയിലെയും ഇവിടുത്തെയും തമ്മിലുള്ള പ്രധാനവ്യത്യാസം എന്നുപറയുന്നത് അവിടെ അപരിചിതരാണെങ്കില്പോലും കണ്ടാല്‍ ആദ്യം ചോദിക്കുന്നത് ഇപ്പോ ഏതു സിനിമയാണ് ചെയ്യുന്നതെന്നാണ്. എന്നാലിവിടെ പരിചയമുള്ളവര്‍പോലും ആദ്യം ചോദിക്കുന്നത് ഇപ്പൊ പടം ഒന്നുമില്ലേയെന്നാണെന്നും ഭാവന. പിന്നെ വളരീസെനിയറായിട്ടുള്ള ആളുകളോടുവരെ പേരെന്താന്നു ചോദിക്കുന്ന ആള്ക്കാര് വരെ ഇവിടെയുണ്ടെന്നും നിരീക്ഷണം.
വിവാഹത്തെകുറിച്ചു പറഞ്ഞാല്‍ ഭാവന മാനസികമായി തയ്യാറായിട്ടില്ല എന്നാണ് മറുപടി. മാനസികമായി തയ്യാറാകുമ്പോള്‍ കല്ല്യാണം കഴിക്കും. പക്ഷെ ഒളിച്ചോട്ടത്തിനൊന്നുമില്ലെന്നും ഭാവന ആണയിടുന്നു. തനിക്കും പ്രണയം തോന്നീട്ടുണ്ടെന്നും ഭാവന സമ്മതിക്കുന്നുണ്ട്. “പക്ഷെ അതു പുറത്തു പറയാറായിട്ടില്ല. സിനിമാതാരങ്ങളുടെ വിവാഹമോചനങ്ങളും പ്രശ്നങ്ങളും കാണുമ്പോഴും കേള്‍ക്കുമ്പോഴും എന്റെ മനസ്സും വിഷമിക്കുന്നുണ്ട്. പക്ഷേ, നന്നായിട്ടു ജീവിക്കുന്ന താരദമ്പതികളെക്കുറിച്ച് ഇവിടെ ആരും ചര്‍ച്ചചെയ്യുന്നില്ല മറിച്ച് പരാജയപ്പെട്ട നാലോ അഞ്ചോ കാര്യങ്ങള്‍ മാത്രമേ ആളുകള്‍ ശ്രദ്ധിക്കുന്നുള്ളു,” എന്നു ഭാവന പരാതിയും പറയുന്നുണ്ട്.
എംടി, ഹരിഹരന് ടീമില്‍ വര്‍ക്കു ചെയ്യാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമായി ഭാവന കരുതുന്നു. തന്റെ അഭിനയതികവോ, സൗന്ദര്യമോ, ഇത്രനാളത്തെ എക്സപീരിയന്സോ ഒന്നുമല്ല ഭാഗ്യമാണ് ആ അവസരം തനിക്കു സമ്മാനിച്ചതെന്നും ഭാവന വിശ്വസിക്കുന്നു. ഹരിഹരന്‍സാര്‍ പറഞ്ഞത് പത്തു വര്‍ഷം മുന്‍പ് കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ കുട്ടിയാണ് അല്ലാതെ പത്തു വര്‍ഷം മുന്‍പ് സ്കൂള്‍ കഴിഞ്ഞ കുട്ടിയല്ല, അതുമാത്രം മനസ്സില്‍ വച്ചാല്‍ മതിയെന്നാണ്. ഇന്‍ഡസ്ട്രിയില്‍ പരിചയപ്പെട്ടവരില്‍ വച്ച് ഏറ്റവും മാന്യനായിട്ടുള്ള മുതിര്‍ന്ന സംവിധായകന് ഹരിഹരന് തന്നെയാണെന്നും ഭാവന.
ഏതുവേഷം ഏതുപ്രായത്തില്‍ വന്നാലും അഭിനയം തുടരാന്‍ തന്നെയാണ് ഭാവനയുടെ തീരുമാനം. അതുവിവാഹം കഴിഞ്ഞാലും അങ്ങനെതന്നെയായിരിക്കും. സിനിമക്കുള്ള ഒരു അഡ്വാന്റേജും ഏതുപ്രായത്തിലും അഭിനയിക്കാന്‍ കഴിയും എന്നു തന്നെയാണ്. ഭാവനക്ക് സ്വന്തം ശബ്ദം ഇഷ്ടമല്ല, പക്ഷെ കേരളത്തില്‍ ഭാവനയുടെ ശബ്ദം ആരാധിക്കുന്ന ഒരുപാടുപേരുണ്ടെന്നും ഭാവന പറയുന്നു. മലയാളത്തിലും തമിഴിലുമല്ലാതെ മറ്റൊരു ഭാഷയിലും ഡബ്ബുചെയ്തിട്ടില്ല ഭാവന. ബോളിവുഡ്ഡിലേക്കും ക്ഷണം കിട്ടിയിട്ടുണ്ട്. കൂടുതല്‍ നോണ്ഫിക്ഷന്സായിട്ടുള്ള പുസ്തകങ്ങള്‍ വായിക്കുന്നതാണ് ഭാവനയുടെ ഹോബി.
2012ല്‍ ഒഴിമുറിയും, ട്രിവാണ്ട്രംലോഡ്ജും 2013 ല്‍ ഹണീബിയും, ഏഴാമത്തെവരവും നമുക്കായി സമ്മാനിച്ച ഭാവന പക്ഷെ 2014ല്‍ മലയാളത്തിനു കൂടുതലായ് പങ്കിട്ടു തന്നിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ആങ്ഗ്രി ബേബീസ് ഇന്‍ ലൗ ആണ് ഭാവന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം. അതില്‍ അനൂപ്മേനോന്റെ നായികയാണ്. കുഞ്ചാക്കോ ബോബന് നായകനാകുന്ന പോളിടെക്നിക്ക്, മ്യാവു മ്യാവു കരിമ്പൂച്ച, ലൈഫ് ലൈറ്റ് എന്നിവയാണ് മലയാളത്തിലെ ഭാവനയുടെ മറ്റു പ്രോജക്ട്സുകള്‍. പിന്നെ കന്നഡയില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന മൈത്രി, തെലുങ്കില്‍ ജയം മന്നാടി ഇവയാണ് ഭാവന കരാറുചെയ്തിരിക്കുന്ന സിനിമകള്‍. ഭാവന എന്നും തിരക്കിലാണ്. സെറ്റില്‍ എപ്പോഴും ഭാവനയുടെ കലപിലശബ്ദവും നിറഞ്ഞചിരിയും കേള്‍ക്കാം. ആ പ്രസരിപ്പ് അതുതന്നെയാണ് ഭാവനയെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായി ഇന്ന് വളര്‍ത്തിയത്. ഏഴാമത്തെവരവിലെപോലെ ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ ഭാവന മലയാളത്തിനു സംഭാവനചെയ്യുന്നത് കാത്തിരിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: