അനുകരണം പുതിയൊരു സംഭവമൊന്നുമല്ല. അത് മനുഷ്യന്റെ സ്വഭാവമാണ്. അല്ലെങ്കില്‍ സഹജാവബോധമാണ്. കല അനുകരണത്തിന്റെ അനുകരണമാ ണെന്നൊക്കയുള്ള പ്ലാറ്റോയുടെ ദര്ശനമൊക്കൊ ചുമ്മാ ഫിലോസഫി പറയാന്‍ കൊള്ളാം. മനുഷ്യനുണ്ടായ കാലം മുതല്‍ മുറിയാത്ത ഒരു പ്രവാഹമായി തുടര്‍ന്നു പോരുന്നതാണ് അനുകരണത്തിന്റെ ജനിതകം. പക്ഷേ എന്തു ചെയ്താലും അതുഅനുകരണമാണെന്നുള്ള ചപ്പടാച്ചി പറച്ചില് തികച്ചും പ്രതിലോമ പരമാണ്. മനുഷ്യന് ചെയ്യുന്നതിലെപ്പോഴുമൊരു പകര്‍ത്തല്‍ പ്രക്രിയ നടക്കുന്നുണ്ട്.
നന്മയും തിന്മയും ചെകുത്താനും ദൈവവുമൊക്കെ മനുഷ്യനിലുള്ളതാണ്. അതുപോലെ കൊള്ളയും കൊലപാതകവും. എന്തെങ്കിലും കണ്ടിട്ടോ പകര്ത്തിയിട്ടോ വേണ്ട ഇതൊക്കെ ചെയ്യാന്‍.സിനിമ കാണലോ പുസ്തകം വായനയോ ഇതിന് ആവശ്യമില്ല. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊല തെളിവില്ലാതാക്കാന്‍ ദൃശ്യം സിനിമയെയാണ് പ്രതികള്‍ പ്രയോജനപ്പെടുത്തിയതെന്ന വാദം കടമെടുത്തുകൊണ്ട് ചില പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ ദൃശ്യം സിനിമയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണം ശരിയല്ലേ എന്ന് ഉത്ഘോഷിച്ചിരുന്നു.ദൃശ്യം സിനിമയില്‍ നായകനും കുടുംബവും കൊലപാതകം മറച്ചുവെക്കാന്‍ നടത്തുന്ന ബുദ്ധിപരമായ നീക്കം സിനിമാ പോലീസിനെ തോല്‍പ്പിച്ചിരുന്നു. ഇതു സഹിക്കവയ്യാതെയാകണം ദൃശ്യത്തിനെതിരെ ഇവര്‍ വന്‍ പുകിലുയര്ത്തിയത്. സിനിമ സിനിമ മാത്രമാണെന്നു ചിന്തിക്കാനുള്ള ബോധം ആവേശത്തിന്റെ വേഗതയില്‍ അവരെ ഏശിയില്ല എന്നതാണ് വാസ്തവം.
കൊല്ലാനും പിടിച്ചുപറിക്കാനും മനുഷ്യന് സിനിമ കാണണമെന്നും പുസ്തകം വായിക്കണമെന്നും പറയുന്നത്് എത്ര തമാശയാകും. ചെയ്യാന്‍ തീരുമാനിച്ചവന് ലക്ഷ്യം തന്നെയാണ് വഴിയും. പണ്ട് എം. മുകുന്ദന്റെ പുസ്തകം വായിച്ച് ചില ചെറുപ്പക്കാര്‍ കള്ളിനും കഞ്ചാവിനും അടിമയായെന്ന് വിമര്‍ശനമുണ്ടായിരുന്നു. മുകുന്ദന്റെ പുസ്തകം ഉണ്ടാകുന്നതിനു മുന്‍പും പിന്‍പും ആര്ക്കാര് കള്ളും കഞ്ചാവും ഉപയോഗിച്ചിരുന്നുവെന്നത് വേറെ കാര്യം. ചര്‍ച്ചയും വിമര്‍ശനവും കൊണ്ട് ആകെ ഉണ്ടായ നേട്ടം മുകുന്ദനുമാത്രം. ലോകത്തിലെ പുസ്തകങ്ങളും സിനിമയും കൊണ്ട് എത്രകോടി യേശുവും ബുദ്ധനും ഗാന്ധിയും ലിങ്കനും സ്റ്റാലിനും ഹിറ്റ്ലറും ബിന്‍ലാദനും ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചാല്‍ എന്തായിരിക്കും രസം. ലോക സിനിമയില്‍ പണം വാരുന്നത് ഏറെയും ആക്ഷന്‍ ചിത്രങ്ങളാണ്. കുത്തും വെട്ടും കൊള്ളയും കൊലയുമൊക്കെയുള്ള ചിത്രങ്ങള്‍. എന്നുവെച്ച് ഇത്തരം ചിത്രങ്ങള്‍ കണ്ട് ആളുകള്‍ മേശക്കാരായി മാറി എന്നു ചിന്തിക്കാനാവുമോ. ചില സാദാ കള്ളന്മാര് വന്‍ പോലീസുകാരെക്കാള്‍ ബുദ്ധിയുള്ളവരായിരിക്കും. എന്നു കരുതി ഏതെങ്കിലും പോലീസുകാരന് കള്ളന്റെ ബുദ്ധി പകര്‍ത്തുമോ.
മലയാള സിനിമയുടെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള കളക്ഷനെയാണ് ദൃശ്യം അട്ടിമറിച്ചത്. കാലങ്ങളായി മലയാളി കാത്തിരുന്ന സിനിമയാണിത്. മോഹന്‍ലാലിന് പുനര്ജന്മം ഉണ്ടാക്കിയതാണ് ഈ ചിത്രം. എന്നാല്‍ ഇതു പക്ഷേ മോഹന്‍ലാല്‍ സിനിമയല്ല. ഒരു ജീത്തു സിനിമ മാത്രം. ജീവിതമുള്ള ഇത്തരം നല്ല സിനിമകളെ ഒരു പ്രതി എന്തെങ്കിലും പറഞ്ഞുവെന്നുവെച്ച് അയാളെ മൂന്നരക്കോടി മലയാളികളുടെ പ്രതിനിധിയാക്കുന്നത് തലയില്‍ ആള്‍ത്താമസമുള്ള ആര്‍ക്കും പറ്റുന്ന പണിയല്ല.
സേവ്യര്‍. ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: