വിഷു – ഈസ്റ്റര്‍ അവധിക്കാലത്തെ വരവേല്‍ക്കാനായി മലയാള സിനിമാ പ്രേമികളെ കാത്തിരിക്കുന്നത് നാല് വമ്പന്‍ ചിത്രങ്ങള്‍. അധോലോക നായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും പോലീസുകാരനായി പൃഥ്വിരാജും എത്തുമ്പോള്‍ ദിലീപ് മൃഗ സ്നേഹിയായും കുഞ്ചാക്കോബോബന് യുവരാഷ്ട്രീയക്കാരനുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. എന്നാല്‍ മോഹന്‍ലാലിന് വിഷു ചിത്രമില്ലാത്തത് ആരാധകര്‍ക്ക് നിരാശയായി.
ഈ വര്‍ഷം മലയാളി പ്രേക്ഷകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ആഷിഖ് അബു ചിത്രം ‘ഗാങ്ങ്സ്റ്റര്‍’ 11ന് റിലീസാകും. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വിഷു റിലീസായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ലക്ഷ്യം. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പറി’ന് ശേഷം പ്രഖ്യാപിച്ച ആഷിഖ്-മമ്മൂട്ടി ചിത്രം മൂന്നു വര്‍ഷത്തിനു ശേഷമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ആഷിഖിന്റെ ആദ്യചിത്രമായ ‘ഡാഡി കൂളി’ന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഗാങ്ങ്സ്റ്റര്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്‍ സ്റ്റെയിലില്‍ അക്ബര്‍ അലി ഖാന് എന്ന അധോലോക രാജാവായാണ് മമ്മൂട്ടി ഗാങ്ങ്സ്റ്ററില് എത്തുന്നത്. നെയില ഉഷയും അപര്‍ണ ഗോപിനാഥുമാണ് ചിത്രത്തിലെ നായികമാര്‍. ടി.ജി. രവി, ‘ഡാ തടിയാ’ ഫെയിം ശേഖര്‍ മേനോന്, കുഞ്ചന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അഹമ്മദ് സിദ്ധിഖ്, അഭിലാഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ: വിഷ്ണു ശര്‍മ. സംഗീതം: ദീപക്ദേവ്. എഡിറ്റിംഗ് അല്‍ഫോണ്‍സ് പുത്രന്.
ജനപ്രിയ നടന് ദിലീപിന്റെ വിഷു ചിത്രമാണ് ‘റിംഗ്മാസ്റ്റര്’. ഇത്തവണയും വ്യത്യസ്തമായ പ്രമേയവും കഥാപാത്രവുമായാണ് ദിലീപ് എത്തുന്നത്. നായ പരിശീലകനായ പ്രിന്‍സ് എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന പ്രിന്‍സിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വൈശാഖ മൂവീസിന്റെ ബാനറില്‍ വൈശാഖ് രാജന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഹണി റോസും കീര്‍ത്തി സുരേഷുമാണ് നായികമാര്‍.
പൃഥ്വിരാജിനെ നായകനാക്കി ശ്യാം ശ്രീധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സെവന്‍ത്ത് ഡേ. മധ്യവയസ്കനായ പോലീസ് ഓഫീസര്‍ ഡേവിഡ് എബ്രഹാം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഹെയര്സ്റ്റെയിലുമായാണ് പൃഥ്വിയുടെ വരവ്. മെമ്മറീസിന് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. ഈ സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തില്‍ ജനനി അയ്യരാണ് നായിക. അജ്മല്‍ അമീര്‍, രാഹുല്‍ മാധവ്, വിനയ് ഫോര്‍ട്ട് എന്നിവരും അഭിനയിക്കുന്നുണ്ട്.
‘പോളിടെക്നിക്കാണ്’ വിഷുവിനെത്തുന്ന കുഞ്ചാക്കോബോബന് ചിത്രം. എം. പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ പോളിയെന്ന യുവ രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് ചാക്കോച്ചന് എത്തുന്നത്. പോളിയുടെ ടെക്നിക്കാണ് പോളി ടെക്നിക്ക്. ഭാവനയാണ് നായിക. അശ്വതി എന്ന പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഭാവനയ്ക്ക്. ആദ്യമായിട്ടാണ് ഭാവന ഒരു പോലീസുകാരിയായി മലയാളത്തില്‍ വേഷമിടുന്നത്. വിജയരാഘവന്, അജൂവര്ഗീസ്, നിയാസ് ബക്കര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. നിഷാദ് കോയയുടെയാണ് കഥ, തിരക്കഥ, സംഭാഷണം. സുരാജ് വെഞ്ഞാറമ്മൂട്, ഷിജൂ വര്‍ഗീസ്, മനുരാജ്, അനില്‍മുരളി, ഡോ. റാണി, ശശി കലിംഗ, കൊച്ചുപ്രേമന്, മാമുക്കോയ, രവി വള്ളത്തോള്‍, അംബിക, ദേവീ ചന്ദന, തെസ്നിഖാന് എന്നിവരും ചിത്രത്തിലുണ്ട്.
അങ്കിത
പ്രതികരിക്കാൻ ഇവിടെ എഴുതുക: