രസമാണ് മലയാള സിനിമയുടെ കാര്യങ്ങള്‍. ചിലപ്പോള്‍ തോന്നും പെട്ടെന്നു നന്നാകുമെന്ന്. അലമ്പാകാനുള്ള ലക്ഷണങ്ങളും പെട്ടെന്നു പ്രത്യക്ഷപ്പെടാനും മതി. സിനിമ രക്ഷപെടണമെന്നു പ്രേക്ഷകര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങള്‍ മാത്രം രക്ഷപെടണമെന്നാണ് ചില സിനിമാക്കാരുടെ ദുരാഗ്രഹം. അതുകൊണ്ടെന്താ ചക്കിനു വെച്ചതു കൊക്കിനുപോലും കൊള്ളാത്തവസ്ഥ. വെറുതെയല്ല സൂപ്പറുകളുടെ ചിത്രങ്ങള്‍ കാക്കത്തൊള്ളായിരം നിലയില്‍ പൊട്ടുന്നത്. ഫലം നിര്‍മാതാക്കള്‍ പിച്ചക്കാരാകുക. സിനിമാക്കാരുടെ മുന്നില്‍ കൈ നീട്ടുന്നത് അവരു മൂലം സിനിമയെടുത്തു പിച്ചക്കാരായ നിര്‍മ്മാതാക്കളാണെന്നു പറഞ്ഞ വിദ്വാനെ സ്തുതിക്കണം.
മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധി സാറ്റ് ലൈറ്റു ബ്ലോക്കാണെന്നാണ് സിനിമാഭാഷ്യം. സൂപ്പറുകളുടെ പടങ്ങള്ക്കല്ലാതെ സാറ്റ് ലൈറ്റ് റേറ്റ് കിട്ടില്ലത്രെ. ബാക്കിയുള്ളവര്ക്കന്തെങ്കിലും പൊട്ടും പൊടിയും കിട്ടിയാലായി. കുറെക്കാലം മലയാളത്തില്‍ കത്തിനിന്ന ഒരു സൂപ്പറിനുപോലും റേറ്റില്ലത്രെ. എന്നാല്‍ ഇന്നാളുവന്ന് നൂറു നിലയില്‍ സിനിമ പൊട്ടുകയും മറ്റു നടന്മാരുടെ സപ്പോട്ടുകൊണ്ട് വല്ലപ്പോഴും രക്ഷപെടുകയും ചെയ്യുന്ന ഒരു കുഞ്ഞന്‍ സൂപ്പറിനു റേറ്റുണ്ടത്രേ. കൊല്ലങ്ങളായി പച്ചതൊടാത്ത സൂപ്പറുകളുടെ പടങ്ങള്‍ക്കാണ് ഇപ്പോഴും ചാനല്‍ പണം.അതുകൊണ്ടാണല്ലോ ഒരു ബ്രഹ്മാണ്ഡ സംവിധായകന്റെ സൂപ്പര്‍ ചിത്രം മൂന്നാം ദിവസം തീയറ്ററുകാര് മടക്കിയൊടിച്ചിട്ടും എക്കാലത്തേയും വലിയ ചാനല്പ്പണം മേപ്പടി പടത്തിനു കിട്ടിയത്. അപ്പോഴൊരു ചോദ്യം,സിനിമ ചാനലില്‍ കാണാനുള്ളതാണോ.
ഇന്ന് സിനിമാക്കാര് പൂജിക്കുന്നത് സിനിമയെയല്ല സാറ്റ് ലൈറ്റിനെയാണ്. അല്ലെങ്കില്‍ പണി പാളും. പക്ഷേ ഈ പൂജകൊണ്ട് ഗുണമുണ്ടായിട്ടുണ്ട്. തെക്കുവടക്കു നടന്ന ചില എസ് എം എസ് ബോയ്സ് സാറ്റ് ലൈറ്റ് വാങ്ങിക്കാമെന്നു പറഞ്ഞ് നിര്‍മാതാക്കളെ വശത്താക്കിസിനിമയെടുത്ത് കേമന്മാരായി. അന്തിമ ഫലം നിര്‍മാതാവിന്റെ ട്രൗസര്‍ കീറിയതു തന്നെ.എന്നാലും പട്ടിക്കിട്ടെറിയാന്പോലും കൊള്ളില്ലെന്നു പറഞ്ഞപോലെ ചില ന്യൂ ജനറേഷന് സിനിമയുണ്ടായി എന്നതും സത്യം. പണ്ട് ഐ എ എസ് എഴുതി തോറ്റവന് എന്നു പറഞ്ഞു ഗമയില്‍ നടന്നവരെപ്പോലെ ആയുസില്‍ സിനിമയുണ്ടാക്കിയില്ലെങ്കിലും സിനിമാക്കാരന് എന്ന ജാഡയില് ഇത്തരം ബോയ്സിനു നടക്കാമല്ലോ. എന്നാല്‍ ഇവയില്‍ അറിയാതെ നന്നായിപ്പോയതും അറിഞ്ഞു നന്നായതുമായ സിനിമകള്‍ ഉണ്ടായതും നിഷേധിക്കുന്നില്ല. ചില വഴിപോക്കര്‍ ആരാന്റെ ചെലവില്‍ സിനിമാപ്പേരും പറഞ്ഞ് ചപ്പും ചവറും കുത്തിതിരികാന് തുടങ്ങിയപ്പോള്‍ ചാനലുകാരും വിചാരിച്ചു ഇത്തരം തട്ടിപ്പ് ചുരുട്ടിക്കൂട്ടണമെന്ന്. അങ്ങനെ ചുരുട്ടിക്കൂട്ടിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ സിനിമയുടെ കുത്തൊഴുക്കുണ്ടായത് സാറ്റ് ലൈറ്റിന്റെ പിന്‍ബലത്തിലാണ്.
ചാനലുകള്‍ സിനിമയുടെ പ്രമോട്ടര്‍മാരാകുന്നത് നല്ലതാണ്. പക്ഷേ ഇന്നവരുടെ സിനിമ മാത്രമേ പ്രേക്ഷകന് കാണാവൂ എന്നു നിശ്ചയിക്കുന്നത് തമാശയാകും. മാത്രവുമല്ല, ഈ സൈബര്‍ ലോകത്ത് കണ്ടു രസിക്കാന്‍ സിനിമ അനേകം ഉപാധികളില്‍ ഒന്നുമാത്രമാണ്. അനിവാര്യമല്ല. സിനിമ കൂട്ടായ്മയാണ്. അനേകര്‍ക്ക് മാന്യമായി അന്നം കഴിക്കാവുന്ന കൂട്ടായ്മ.അന്നം കണ്ടെത്തുന്നതിനെക്കാള്‍ വലിയ വിപ്ലവമില്ല.അതു മറക്കാതിരുന്നാല്‍ കൊള്ളാം.
പി. ലോറന്‍സ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: