ഏറ്റവും പുതിയ ചലച്ചിത്രമായ ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ സംവിധായകന് വാസുദേവ് സനലുമായി ജന്മഭൂമിയുടെ കെ.എം. കനകലാല്‍ സംസാരിച്ചപ്പോള്‍….
രണ്ടായിരം അവസാനത്തോടെ നാടക ലോകത്തു നിന്നും ചലച്ചിത്രലോകത്തേക്കുള്ള കടന്നു വരവ്. പ്രിയം എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഒരുക്കികൊണ്ടുള്ള യാത്രയുടെ തുടക്കത്തില്‍ തന്നെ സിനിമാ ലോകത്ത് സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ വ്യക്തിത്വം. പ്രിയമോടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ സംവിധായകന് വാസുദേവ് സനല്‍ ചെറിയ ഒരിടവേളക്കു ശേഷം തന്റെ നാലാമത്തെ ചിത്രമായ ഗോഡ്സ് ഓണ്‍ കണ്‍ട്രിയുമായി ശക്തമായ തിരിച്ചുവരവു നടത്തുകയാണ്. സ്വകാര്യമായ ചില പ്രശ്നങ്ങളാല്‍ മുഖ്യധാരയില്‍ നിന്നു മാറി നിന്നപ്പോഴും പല അവസരങ്ങളും തന്നെ തേടി വന്നിരുന്നു. പക്ഷെ എന്തെങ്കിലും ചെയ്തു കൂട്ടുക എന്നതായിരുന്നില്ല വാസുദേവ് സനല്‍ എന്ന ബോണ്‍ സംവിധായകന്റെ ലക്ഷ്യം; മറിച്ച് കലാമൂല്യമുള്ള വിഷയങ്ങള്‍ ചെയ്യുകയായിരുന്നു. അങ്ങനെയാണ് തികച്ചും പുതുമുഖങ്ങളായ മൂന്നു ചെറുപ്പക്കാര്‍ ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ സിനിമയാക്കാന്‍ വാസുദേവ് സനല്‍ ഒരുങ്ങിയത്. ഒരു വര്‍ഷം മുമ്പ് തന്നെ ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ തിരക്കഥ തയ്യാറായതാണെന്ന് സംവിധായകന് പറയുന്നു. ജന്മഭൂമിയുടെ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന വി. പ്രവീണ്‍കുമാറും സുഹൃത്തുക്കളായ അരുണ്‍ഗോപിനാഥ്, അനീഷ് ഫ്രാന്‍സിസ് എന്നിവരാണ് ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ തിരക്കഥ തയ്യാറാക്കിയത്. തിരകഥാകൃത്തുക്കളുമായി നന്നായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞതും ചിത്രത്തെ വളരെയേറെ സഹായിച്ചതായി സനല്‍ പറയുന്നു.
ചെറുപ്പത്തില്‍ വായനശാലാ നാടകങ്ങളിലൂടെ കലാജീവിതം തുടങ്ങി. കലാപാരമ്പര്യം അവകാശപ്പെടാനില്ലെങ്കിലും കലയോടുള്ള അടങ്ങാത്ത ആഗ്രഹത്താല്‍ വാസുദേവ് സനല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ എത്തി. 1993ല്‍ കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സനല്‍ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. ഏറ്റവും നല്ല നാടക സംവിധായകനും, ഏറ്റവും നല്ല നാടക അവതരണത്തിനുമുള്ള കേരള സംസ്ഥാന അവാര്‍ഡ് 2000 ല്‍ വാസുദേവ് സനലിനു ലഭിച്ചിട്ടുണ്ട്.
കൊച്ചിന് സംഘചേതന അവതരിപ്പിച്ച വര്‍ണ്ണ വര്‍ണ്ണ കോലങ്ങള്‍ എന്ന നാടകത്തിനായിരുന്നു അവാര്‍ഡ് ലഭിച്ചത്. ശരിക്കും അത് സിനിമയിലേക്കുള്ള വഴിത്തിരിവായിരുന്നു. വിജി തമ്പിയുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ചെറിയ പരിചയവുമായി 2000 അവസാനത്തോടെ സനല്‍ പ്രിയം എന്ന ചിത്രം ഒരുക്കി. കുഞ്ചാക്കോ ബോബനെ നായനാക്കി ഒരുക്കിയ പ്രിയം അക്കാലത്തെ ബോക്സോഫീസ് ഹിറ്റ് ചിത്രമായിരുന്നു. കുഞ്ചാക്കോ ബോബന്റെ താരമൂല്യം ഉയര്‍ത്താന്‍ ഈ ചിത്രത്തിനു കഴിഞ്ഞു. മൂന്നു അനാധ കുട്ടികളുടെയും അവരെ സംരക്ഷിക്കുന്ന ഒരു യുവാവിന്റെയും കഥ നര്‍മ്മവും, പ്രണയവും, കുടുംബ ബന്ധങ്ങളുടെ മൂല്യവും എല്ലാം ചേര്‍ത്ത് മനോഹരമായി സംയോജിപ്പിച്ചതാണ് ചിത്രത്തെ സൂപ്പര്‍ ഹിറ്റാക്കിയത്. തുടര്‍ന്ന് ജയസൂര്യയെയും കാവ്യാമാധവനെയും പ്രധാന കഥാപാത്രങ്ങളാക്കി ടു വീലര്‍ എന്ന ചിത്രം സംവിധാന ചെയ്തെങ്കിലും 2013 ലാണ് പ്ലേയേഴ്സ് എന്ന പേരില്‍ ചിത്രം പുറത്തിറങ്ങിയത്. കാലം തെറ്റി ഇറങ്ങിയ സിനിമയായതുകൊണ്ടാവാം വളരെ പ്രതീക്ഷയോടെ ഇറക്കിയ ചിത്രം ജനം സ്വീകരിക്കാഞ്ഞത് എന്ന് സനല്‍ വിശ്വസിക്കുന്നു. വാസുദേവ് സനലിന്റെ സംവിധാനത്തില്‍ രണ്ടാമത് പുറത്തിറങ്ങിയ ചിത്രം കുഞ്ചാക്കോ ബോബനെയും കാവ്യമാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൂര്‍ രാഷ്ട്രീയവും പ്രണയവും കലര്‍ന്ന കഥ പറഞ്ഞ ഇരുവട്ടം മണവാട്ടിയാണ്. 2005ല്‍ പുറത്തിറങ്ങിയ ഇരുവട്ടം മണവാട്ടിയും വിജയിച്ച ചിത്രം തന്നെയായിരുന്നു.
വാസുദേവ് സനല്‍ എന്ന സംവിധായകന് പറയുന്നത് കാലഘട്ടത്തിന് അനുസരിച്ചുള്ള കഥകളാണ് എന്നതാണ് സിനിമാ ലോകത്ത് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ താര മൂല്യം മാത്രം നോക്കാതെ പുതുമുഖങ്ങള്‍ രൂപപ്പെടുത്തുന്ന കഥകള്‍ സ്വീകരിക്കുന്നതും. കണ്ടെത്തുന്ന ആശയങ്ങള്‍ കാമ്പുള്ളതും കാലഘട്ടതിന് അനുയോജ്യവും ആയിരിക്കണം എന്നതു മാത്രമാണ് സനലിന്റെ അഭിപ്രായം. ന്യൂജനറേഷന് കഥകള്‍ എന്നു പറയുന്നത് പുതുതായി സൃഷ്ടിക്കപ്പെട്ട ഒന്നല്ല എന്നും സനല്‍ വിശ്വസിക്കുന്നു. യഥാര്‍ത്ഥത്തില്‍ നല്ല സബ്ജക്ടുകളാണ് മാറി മാറി വരുന്നത്. ഓരോ കാലത്തും വ്യത്യസ്തങ്ങളായ വിഷയങ്ങളും ട്രീറ്റുമെന്റും സിനിമയിലും, നാടകത്തിലും, സംഗീതത്തിലും, ഫാഷനിലും വരുന്നുണ്ട്. ന്യൂ ജനറേഷന് ഇല്ലാതെ ജീവിതമോ, കുടുംബമോ, കഥയോ, സിനിമയോ ഉണ്ടാകുന്നില്ല എന്നാണ് സനലിന്റെ അഭിപ്രായം. പലപ്പോഴും സിനിമ മാറി സഞ്ചരിക്കേണ്ടത് സിനിമാ ലോകത്തിന്റെ നിലനില്‍പ്പിനു തന്നെ ആവശ്യമാണ്. അങ്ങനെ സിനിമ മാറി സഞ്ചരിച്ചതു കൊണ്ടാണ് മൂക ചിത്രങ്ങളില്‍ നിന്ന് ശബ്ദ ചിത്രങ്ങളിലേക്കും, ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ നിന്ന് കളര്‍ ചിത്രങ്ങളിലേക്കും സിനിമാ ലോകം വളര്‍ന്നത്. അന്നതിനെ ന്യൂ ജനറേഷന് എന്നു പേരുവിളിച്ചില്ല എന്നു മാത്രം. പഴയകാല സിനിമകളുടേതു പോലുള്ള കഥകള്‍ ഇന്നില്ല എന്നും സനല്‍ വിശ്വസിക്കുന്നില്ല. എല്ലാകാലത്തും നല്ല സബ്ജക്ടുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കണ്ടെത്തുക എന്നതാണ് ശ്രമകരം.
ട്രീറ്റുമെന്റിലെ വ്യത്യസ്തതയാണ് ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ പ്രത്യേകത. ആദ്യാവസാനം വളരെ പ്ലസന്റായിട്ട് കഥ പറയാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരു മാസ് എന്റര്‍ടെയിന്‍മെന്റ് ആയതുകൊണ്ട് പ്രേക്ഷകന് നല്ലൊരു കമ്മ്യൂണിക്കേഷന്‍ ചിത്രത്തിലൂടെ കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സനല്‍ വിശ്വസിക്കുന്നു. എല്ലാ നല്ല ചിത്രങ്ങളെയും പോലെ ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ സന്ദേശവും പ്രേക്ഷകനാണ് തീരുമാനിക്കേണ്ടത് എന്നു സനല്‍ പറയുന്നു. ഇതില്‍ കുടുംബ ബന്ധങ്ങളുണ്ട്, സാമൂഹിക പ്രതിബന്ധതയുണ്ട്, പ്രണയമുണ്ട്. തന്റെ സിനിമകളിലെ പ്രണയങ്ങള്‍ മെച്ച്യൂരിറ്റി ഉള്ളതാണെന്നാണ് സനലിന്റെ അഭിപ്രായം. പാട്ടു പാടി മരം ചുറ്റി നടക്കലല്ല തന്റെ സിനിമകളിലെ പ്രണയം. വിവാഹത്തിനു മുന്‍പും വിവാഹ ശേഷവും ഉള്ള പ്രണയമുണ്ട്. പ്രണയം ഏതു പ്രായത്തിലുമാകാം. ഇത്തരത്തില്‍ മെച്ച്യൂരിറ്റി ഉള്ള പ്രണയമാണ് ഗോഡ്സ് ഓണ്‍ കണ്ട്രിയിലുള്ളതും. ഇതില്‍ ആരെയും ടൈപ്പ് കഥാപാത്രങ്ങളാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംവിധായകന് പറഞ്ഞു. കഥ കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്ക് വന്ന രൂപങ്ങളാണ് ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ കഥാപാത്രങ്ങളായി എത്തിയത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലും, ശ്രീനിവാസനും, ലാലും, ലെനയും എല്ലാം അങ്ങനെയാണ് ചിത്രത്തിന്റെ ഭാഗമായത്. ഗോഡ്സ് ഓണ്‍ കണ്ട്രിയുടെ ചിത്രീകരണം നടക്കുന്ന സമയത്തു തന്നെ തന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫഹദ് ഫാസിലിനും, ലാലിനും, ലെനക്കും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതും തനിക്ക് ഏറെ സന്തോഷം നല്കിയ സംഭവമാണെന്നും സനല്‍ പറയുന്നു. പക്ഷെ അവര്‍ക്കു ലഭിച്ച അവാര്‍ഡുകള്‍ സിനിമ പൂര്‍ത്തിയാക്കുന്നതില്‍ തനിക്ക് ഒരു തരത്തിലും ഭാരമായി തോന്നിയില്ലെന്നും സനല്‍ പറയുന്നു. കാരണം അവരുടെ അഭിനയ ശേഷിയെ പൂര്‍ണ്ണമായി തന്നെ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള കഥാപാത്രം തന്നെയാണ് ഗോഡ്സ് ഓണ്‍ കണ്‍ട്രിയിലുള്ളത് എന്ന് സനല്‍ ഉറച്ചു വിശ്വസിക്കുന്നു. ഫഹദിന്റെ മാനറിസങ്ങള്‍ സിനിമക്കായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ഡെഡിക്കേറ്റഡ് ബ്രില്ല്യന്റ് ആക്ടര്‍ എന്നാണ് ഫഹദിനെ സംവിധായകന് വിശേഷിപ്പിച്ചത്. ഫഹദ് കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോള്‍ ടിപ്പിക്കല്‍ മാനറിസങ്ങള്‍ അനുഭവപ്പെടില്ല. പിന്നെ ഒരുപാട് ശബ്ദ കോലാഹലങ്ങളില്ലാതെ കഥാപാത്രങ്ങളെ ക്യാരി ചെയ്യാനുള്ള കഴിവും എടുത്തു പറയേണ്ടതാണെന്നാണ് സനലിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ഗോഡ്സ് ഓണ്‍ കണ്ട്രിയിലെ കഥാപാത്രത്തിന് അദ്ദേഹം എന്തുകൊണ്ടും ഇണങ്ങും.
തന്റെ പുതിയ ചിത്രത്തെ ഒരു റോഡ് മൂവി ചിത്രമായാണ് സംവിധായകന് വിശേഷിപ്പിച്ചത്. ഗാനങ്ങള്‍ വളരെ ഇഷ്ടമാണെങ്കിലും ധാരാളം ഗാനങ്ങള്‍ തന്റെ സിനിമകളില്‍ കുത്തി നിറക്കാറില്ല. ഗാനങ്ങള്‍ കഥാഗതിക്കനുസരിച്ച് കഥപറയാനാണ് ഉപയോഗിക്കേണ്ടത് എന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭരതന്, പത്മരാജന്, അരവിന്ദന്, ജോണ്‍എബ്രഹാം തുടങ്ങി വാസുദേവ് സനല്‍ എന്ന സംവിധായകന്റെ കാഴ്ചപാടുകളെ സ്വാധീനിച്ച സംവിധായകര്‍ ഒരുപിടിയാണ്. തന്റെ കലാസപര്യയില്‍ ഉണ്ടായ നീണ്ട ഇടവേളക്ക് ഇനി കാത്തു നില്‍ക്കില്ല എന്ന ഉറച്ച വിശ്വാസത്തോടെയാണ് തിരുവനന്തപുരം വര്‍ക്കല കല്ലമ്പലം സ്വദേശി വാസുദേവ് സനല്‍ തന്റെ തിരിച്ചു വരവു നടത്തിയിരിക്കുന്നത്. അവാര്‍ഡു നേടിയതിനുശേഷം ആദ്യം റീലീസ് ആകുന്ന ഫഹദ് ഫാസില്‍, ലാല്‍ ചിത്രം എന്ന നിലയില്‍ ഈ ചിത്രം ചലച്ചിത്ര ലോകം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന കരുണ എന്ന ഏക മകളാണ് വാസുദേവ് സനലിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: