കഴിവുള്ള ആര്‍ട്ടിസ്റ്റുകളെ തിരിച്ചറിയുകയെന്നത് ഒരു കലയാണ്. സംസ്ഥാന സിനിമാ അവാര്‍ഡില്‍ നടിയെന്ന നിലയില്‍ ആന്‍ അഗസ്റ്റ് തിരിച്ചറിയപ്പെട്ടത് ജൂറിയുടെ കഴിവാണ്. പക്ഷേ, ആന്‍ അഗസ്റ്റിന് അഭിനയിച്ച ആര്‍ട്ടിസ്റ്റ് എന്ന സിനിമപക്ഷേ പ്രേക്ഷകര്‍ വേണ്ടരീതിയില്‍ കണ്ടില്ലെന്നതില്‍ ആനിന് വേനയുണ്ട്. ജന്മഭൂമിയുടെ സി. രാജയും ആന്‍ അഗസ്റ്റിനും തമ്മില്‍ സംസാരിക്കുന്നു…..
മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഫഹദ് ഫാസില്‍, ലാല്‍, ജയററാം, സുരാജ് വെഞ്ഞാറമൂട് പ്രേക്ഷകമനസുകളില്‍ അവാര്‍ഡിനര്‍ഹരായവര്‍ പലരാണ്, പക്ഷേ ഈ വര്‍ഷത്തെ മികച്ച അഭിനേത്രിയുടെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലാ ജൂറിക്കു മുന്നിലും പ്രേക്ഷകര്‍ക്കു മുന്നിലും ഒരൊറ്റ കഥാപാത്രം. ഒരൊറ്റ അഭിനേത്രി. എല്‍സമ്മയിലൂടെ ആസ്വാദകമനസിലേക്ക് കടന്നുകയറിയ ഗായത്രിയിലൂടെ പ്രേക്ഷകമനസില്‍ ചിരപ്രതിഷ്ഠ നേടിയ അനറ്റ് അഗസ്റ്റിന് എന്ന ആന്‍ അഗസ്റ്റിന്.
നടനും നിര്‍മാതാവുമായ അഗസ്റ്റിന്റെ മകള്‍ സിനിമയിലേക്കത്തിയത് തികച്ചും യാദൃച്ഛികമാണ്. സൈക്കോളജിസ്റ്റാവാന്‍ തീരുമാനിച്ചുറപ്പിച്ച പെണ്‍കുട്ടിയെ അഭ്രപാളികള്‍ക്ക് മുന്നിലെത്തിച്ചത് സംവിധായകന് ലാല്ജോസിനയച്ച ഒരു ഫേസ് ബുക്ക് റിക്വസ്റ്റാണ്. ഫേസ് ബുക്കിലെ സുഹൃത്തിനെ നടന് അഗസ്റ്റിന്റെ വീട്ടില്‍ കണ്ടെത്തിയപ്പോള്‍ ആദ്യം അമ്പരന്നെങ്കിലും ലാല്‍ ജോസിന് തെറ്റിയില്ല. മലയാള സിനിമാ ലോകത്തിന് ലാല്‍ജോസിന്റെ സംഭാവനയായി ഒരു മികച്ച അഭിനേത്രി കൂടിയെത്തി.
2010ല്‍ എല്‍സമ്മ എന്ന ആണ്കുട്ടിയിലെ എല്സമ്മയായും രംഗപ്രവേശം ചെയ്ത, അര്ജ്ജുനന് സാക്ഷിയിലെ അഞ്ജലി മേനോനായും ഓര്‍ഡിനറിയിലെ അന്നയായും ഫ്രൈഡേയിലെ ജിന്സിയായും ടാ തടിയനിലെ ആന്മേരി താടിക്കാരനായും മിന്നിത്തിളങ്ങി 2013ല്‍ ആര്‍ട്ടിസ്റ്റിലെ ഗായത്രിയായപ്പോഴേക്കും മികച്ച നടിക്കുള്ള അംഗീകാരം ആനിയെ തേടിയെത്തി. സംസ്ഥാന പുരസസ്കാരത്തിന്റെ നിറവില്‍ ആന്‍ സംസാരിക്കുന്നു.
ഗായത്രിയെന്ന ചിത്രകാരിയെക്കുറിച്ച്?
ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചിത്രരചന പഠിക്കാനെത്തുന്ന ഗായത്രിയെയാണ് ഞാന്‍ ആര്‍ട്ടിസ്റ്റില്‍ അവതരിപ്പിച്ചത്. ചിത്രകലയില്‍ വളരെയേറെ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്ന മൈക്കിളുമായി ഗായത്രി പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. കലയേക്കാളും മൈക്കിളുമായുള്ള പ്രണയത്തിന് പ്രാധാന്യം നല്കി പഠനമുപേക്ഷിച്ച് ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയ ഗായത്രിക്ക് ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുന്നതാണ് പ്രമേയം. എല്സമ്മയ്ക്കുശേഷം ഇത്രയും ശക്തമായ കഥാപാത്രം എനിക്കു ലഭിച്ചിട്ടില്ല.
ഗായത്രിയിലേക്കെത്തുന്നത്?
ഒരുദിവസം ശ്യാമപ്രസാദ് സാര്‍ ഫോണിലൂടെയാണ് ആര്‍ട്ടിസ്റ്റിന് കുറിച്ചു പറയുന്നത്. ഗായത്രിയെക്കുറിച്ച് പറഞ്ഞുതന്ന അദ്ദേഹം തിരക്കഥ അയച്ചുതന്നു. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നു തുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ബുദ്ധിമുട്ടുകള്‍ മാറി. തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തിലായിരുന്നു ഏറെയും ഷൂട്ട്. തുടര്‍ച്ചയായി 40 ദിവസം ഷൂട്ടുണ്ടായിരുന്നു. ചെറിയ വീടും സിനിമയില്‍ സിങ്ക് സൗണ്ടുമായതിനാല് വളരെ ശ്രദ്ധിച്ചാണ് ഷൂട്ട് നടത്തിയിരുന്നത്. സിങ്ക് സൗണ്ട് സംവിധാനത്തില്‍ ഡബ്ബിംഗില്ല. ലൈവ് റെക്കോര്‍ഡിംഗാണ്. അതുകൊണ്ടുതന്നെ ശബ്ദങ്ങള്‍ക്കു മൊബെയില്‍ ഉപയോഗങ്ങള്‍ക്കുമെല്ലാം നിയന്ത്രണമുണ്ടായിരുന്നു.
ആര്‍ട്ടിസ്റ്റിലൂടെ ഫഹദിനും ശ്യാമപ്രസാദിനും അവാര്‍ഡ് ഉണ്ടല്ലോ?
ആ സിനിമയുടെ മികവല്ലേ അത് കാണിക്കുന്നത്. സിനിമ അംഗീകരിക്കപ്പെട്ടതില്‍ വളരെയേറെ സന്തോഷമുണ്ട്. പലര്‍ക്കും ആര്‍ട്ടിസ്റ്റ് കാണാന്‍ പറ്റിയിട്ടില്ല. ആര്‍ട്ടിസ്റ്റ് പ്രേക്ഷകരിലെത്തിയില്ല. ശ്യാമപ്രസാദ് സാറിനെപ്പോലുള്ള മികച്ച സംവിധായകരുടെ സിനിമകള്‍ വേര്‍തിരിക്കപ്പെടുകയാണ്. സാറിന്റെ സിനിമ സ്ലോആണെന്നും കൊമേഴ്സ്യല്‍ അല്ലെന്നുമൊക്കെയാണ് പലരും വിചാരിച്ചുവച്ചിരിക്കുന്നത്. ഇതിന് എന്താണ് കാരണമെന്നറിയില്ല. പക്ഷേ ആര്‍ട്ടിസ്റ്റ് പോലുള്ള മികച്ച ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ വലിയ വിഷമമുണ്ട്.
അവാര്‍ഡ് അനുഭവങ്ങള്‍ പറയാമോ?
ലാലു അങ്കില് (ലാല്‍ ജോസ്) വിളിച്ചിരുന്നു. ഈസ്റ്ററിന് നേരിട്ടു കണ്ടിരുന്നു.
ഫെബ്രുവരിയില്‍ വിവാഹം, ഏപ്രിലില്‍ അവാര്‍ഡ്, ആന്‍ എന്ന ഭാര്യയെക്കുറിച്ച് പറഞ്ഞാല്‍?
പഴയ ആന്‍ തന്നെ. ജോയും (സിനിമ ഫോട്ടോഗ്രാഫര്‍ ജോമോന്.ടി. ജോണ്‍) ഞാനും തമ്മില്‍ രണ്ടുവര്‍ഷമായി പരസ്പരം അറിയാവുന്നവരാണ്. പ്രൊഫഷനെകുറിച്ച് പരസ്പരം വിലയിരുത്താറില്ല. വിവാഹം കഴിഞ്ഞതുകൊണ്ട് പ്രത്യേകിച്ച് മറ്റ്മൊന്നുമില്ല.
അഗസ്റ്റിന്റെ അഭാവം എങ്ങനെ അനുഭവപ്പെടുന്നു?
ആ വിഷമം ഒരിക്കലും മാറില്ല. ആര്ട്ടിസ്റ്റിനുശേഷം ഞാന്‍ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. ആര്‍ട്ടിസ്റ്റ് കഴിഞ്ഞപ്പോഴാണ് അച്ഛന് ആശുപത്രിയിലായത്. പിന്നീട് വിവാഹവുമൊക്കെയായി. ചിലര്‍ പറയുന്നതുപോലെ ഒരുപക്ഷേ എവിടെയോ ഇരുന്ന് ഈ അംഗീകാരം കാണുന്നുണ്ടാവാം. എന്തോ… അറിയില്ല…
ആന്‍ എന്ന പെണ്‍കുട്ടി എങ്ങനെ?
സാധാരണ പെണ്‍കുട്ടി സെന്‍സിറ്റീവ് ആണ്. സിനിമയില്‍ എത്തിയെന്നു വച്ച് യാതൊരു മാറ്റവുമില്ല. സാധാരണനിലയിലുള്ള ജീവിതം തന്നെയാണ് തുടരുന്നത്. ഒന്നിലും ഓവര്‍ എക്സൈറ്റഡ് ആവില്ല. അവാര്‍ഡ് കിട്ടിയപ്പോഴും അവസ്ഥ.
നടിയായിരുന്നില്ലെങ്കിലോ?
സൈക്കോളജിസ്റ്റ് ആവുമായിരുന്നു. എംഎസ്സി സൈക്കോളജി ചെയ്തുകൊണ്ടിരിക്കുകയാണ്.
വിനോദങ്ങള്‍
യാത്രയും വായനയും
ഇഷ്ടപ്പെട്ട എഴുത്തുകാര്‍?
മാധവിക്കുട്ടി, നിക്കോളാസ് പാര്‍ക്ക്സ്
ഇഷ്ടപ്പെട്ട ലൊക്കേഷന്‍?
അങ്ങനെ പ്രത്യേകിച്ച് ഒരിടവുമില്ല. യാത്രകള്‍ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നുമാത്രം.
ഇനിയുള്ള അഭിനയ ലോകം?
നല്ല സിനിമകള്‍ കിട്ടിയാല്‍ മാത്രം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: