ഇമേജ് ബാധിക്കാത്ത അഭിനയപ്രതിഭയായിരുന്നു സുകുമാരി. ഏതു വേഷവും അഭിനയിച്ച് പ്രതിഫലിപ്പിക്കുക എന്നതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. നര്ത്തകിയില് നിന്നാണ് സുകുമാരിയെന്ന നല്ല നടിയുണ്ടായത്. എന്റെ ഇരുപത്തിയാറാമത്തെ വയസ്സുമുതല്‍ സുകുമാരിയെ എനിക്കറിയാം. എന്റെ ആദ്യ തിരക്കഥ സിനിമയായപ്പോള്‍ അതില്‍ പ്രധാനപ്പെട്ട വേഷത്തില്‍ സുകുമാരിയുണ്ടായിരുന്നു. ‘അപസ്വരങ്ങള്‍’ എന്നായിരുന്നു സിനിമയുടെ പേര്. പ്രേംനസീറായിരുന്നു സിനിമയിലെ നായകന്. പാടുവാന്‍ മോഹം….ആടുവാന്‍ മോഹം…’ എന്ന എന്റെയൊരു പാട്ടില്‍ നൃത്തം ചെയ്ത് അവര്‍ അഭിനയിക്കുകയും ചെയ്തു. അക്കാലം മുതല്‍ തന്നെ സുകുമാരിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഞാന്‍.
പൊള്ളലേറ്റ് ആശുപത്രിയിലായതിനു ശേഷം കാണാന്‍ കഴിഞ്ഞില്ല. അതിനു തൊട്ടു മുമ്പ് ഞാന്‍ കണ്ടിരുന്നു. ഇന്ന് ചെന്നൈയില്‍ കാണാനെത്തിയപ്പോഴാണ് മരണവാര്‍ത്ത അറിഞ്ഞത്. മരണത്തെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെങ്കിലും സുകുമാരിയുടെ മരണം വലിയ വേദനയാണുണ്ടാക്കുന്നത്.പ്പാലെ ലളിതമായി ജീവിക്കുകയും ആത്മാര്‍ത്ഥത പുലര്‍ത്തുകയും ചെയ്ത മറ്റൊരു നടിയുണ്ടാകില്ല. ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ല. നമ്മുടെ സിനിമ അന്തരീക്ഷം ആകെ മാറിക്കഴിഞ്ഞ ചുറ്റുപാടില്‍ സുകുമാരിയെപ്പോലെ ദീര്‍ഘകാലം നിലനില്ക്കുകയും ആത്മാര്‍ത്ഥ പ്രകടിപ്പിക്കുകയും കഴിവു തെളിയിക്കുകയും ചെയ്യുന്ന നടി ഇനി ഉണ്ടാകില്ല. അപകടം ഉണ്ടായിരുന്നില്ലെങ്കില്‍ ഇപ്പോഴും ഏതെങ്കിലും ക്യാമറയ്ക്കു മുന്നില്‍ നില്ക്കുകയായിരുന്നിരിക്കും. ആ മഹതിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: