തൃശൂര്‍: മലയാളസിനിമയില്‍ തിരിച്ചു വരില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് നടി ജയഭാരതി. എന്നാല്‍ ഇപ്പോള്‍ നൃത്തത്തിലാണ് മുഴുകിയിരിക്കുന്നത്. നല്ലവേഷങ്ങള്കിട്ടിയാല് സിനിമയിലേക്ക് തിരിച്ചുവരും. നേരത്തെ ഒരുപാട് വേഷങ്ങള്‍ വന്നിരുന്നു. എന്നാല്‍ മകനോടൊപ്പമുള്ള ജീവിതത്തിരക്ക് മൂലം അതൊന്നും സ്വീകരിക്കായില്ല.വീട്ടില്‍ ഒതുങ്ങിക്കൂടുകയാണെന്ന് പറഞ്ഞ് ഷീലാമ്മ എപ്പോഴും വഴക്ക് പറയാറുണ്ട്. ഇപ്പോഴും ധാരാളം ഓഫര്‍ വരുന്നുണ്ട്. സിനിമയാണ് ജീവിതം അതുകൊണ്ട് ഉചിതസമയത്ത് തീരുമാനമെടുക്കുമെന്നും ജയഭാരതി പറഞ്ഞു. തൃശൂര്‍ പ്രസ്ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
തമിഴ്നാടിനെ അപേക്ഷിച്ച് കേരളത്തില്‍ നൃത്തത്തിന് സ്വീകാര്യത കുറവാണ്. തമിഴ്നാട്ടില്‍ നര്‍ത്തകിമാര്‍ക്ക് വലിയ ആദരവും അംഗീകാരവുമാണ് ലഭിക്കുന്നത്. ചെറുപ്പംമുതല്‍ ഭരതനാട്യം അഭ്യസിക്കുന്നതുകൊണ്ടാണ് തനിക്ക് ഇന്നും ഇതുപോലെ നില്ക്കുവാന് സാധിക്കുന്നതെന്ന് ജയഭാരതി പറഞ്ഞു. തന്റെ ഏറ്റവും വലിയ ഗുരു അമ്മ തന്നെയാണ്, വള യും മാലയും ഊരിക്കൊടുത്ത് അഞ്ച് വയസ്മുതല്‍ നൃത്തംപഠിപ്പിച്ചത് അമ്മയാണ്. വീട്ടില്‍ വന്നാണ് എല്ലാവരും പഠിപ്പിച്ചത്. പുറത്തുപോയി പഠിച്ചിട്ടില്ല. നൃത്തംഎപ്പോഴും എന്റെ കൂടെയുണ്ട്. എല്ലാം ചെന്നൈയിലായിരുന്നു. ഒന്നേപഠിക്കാവു,ഭരതനാട്യം മാത്രം. ഭരതനാട്യത്തില്‍ തന്നെ എല്ലാം പഠിക്കണം. ക്ഷേമാവതി ടീച്ചര്‍ ഒന്നാന്തരം കലാകാരിയാണ്. അവര്‍ക്ക് കേരളത്തിലേക്കാള്‍ വലിയബഹുമാനമാണ് തമിഴ്നാട്ടില്‍ ലഭിക്കുന്നത്. കൃഷ്ണഗാനസഭ അവരെ ആദരിച്ചിരുന്നു. വടക്കുംനാഥക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുവാനായതില്‍ വളരെ സന്തോഷമുണ്ട്.
സിനിമ കൂലിപ്പണിപോലെയാണ് ചെയ്തത്. എല്ലാ ആര്‍ട്ടിസ്റ്റുകളും ഒരുപോലെ ബഹുമാനത്തോടെയാണ് കഴിഞ്ഞിരുന്നത്. സിനിമയായിരുന്നുജീവിതം. സിനിമഎല്ലാം തന്നു.ഒന്നും എടുത്തിട്ടില്ല. കലയെ എന്റെ ജീവിതത്തിനായി എടുക്കുകയാണ് ചെയ്തിട്ടുള്ളത്. അഭിനയഘട്ടത്തില്‍ ഒരിക്കലും നിരാശ തോന്നിയിട്ടില്ല.
റിയാലിറ്റിഷോകളില്‍ പങ്കെടുക്കുവാന്‍ ക്ഷണമുണ്ടാവാറുണ്ടെങ്കിലും താല്പര്യമില്ല. എന്റെ കാലഘട്ടത്തെ സുവര്‍ണ്ണകാലഘട്ടമെന്നാണ് വിശേഷിപ്പിക്കാറ്. സിനിമകള്‍ കാണാറില്ല. അതുകൊണ്ട് ഇപ്പോഴത്തെ സിനിമകളെക്കുറിച്ചറിയില്ല. പണ്ടും സിനിമ കാണാത്ത നടിയെന്നാണ് അറിയപ്പെട്ടിരുന്നത്. ചെറുപ്പത്തില്‍ നാല് സിനിമകളെ കണ്ടിട്ടുള്ളു. ഈയടുത്തകാലത്ത് മകന് അമേരിക്കയില്‍നിന്നും വന്നപ്പോള്‍ കുറച്ച് സിനിമകള്‍ കണ്ടു.
സിനിമയില്‍നിന്നും കിട്ടുന്ന പ്രശസ്തി കയ്യില്‍ വെള്ളം കൊണ്ട് പോകുന്നപോലെ തുളുമ്പി പോകാതെ കൊണ്ട് പോകണം. എന്നാലെ അവസാനകാലഘട്ടത്തില്‍ ബുദ്ധിമുട്ടില്ലാതെ ജീവിക്കാനാവുകയുള്ളു. ഹേമമാലിനിക്കൊപ്പം കൃഷ്ണനായി വേഷം കെട്ടിയിട്ടുണ്ട് എന്ന് വച്ച് അവരെ പോലെ ജീവിക്കണമെന്നാഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. രാഷ്ട്രീയം അറിയില്ല, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാനും ഉദ്ദേശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: