ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി തൃശൂര്‍ താണിക്കുടം ഭഗവതിക്ഷേത്രത്തിലെ ശാന്തിക്കാരനായ ആറാട്ടുപുഴ ഏറനൂര് മനയ്ക്കല്‍ ദാമോദരന്‍ നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. കീഴ്ശാന്തിയായി തിരുവാങ്കുളം ശിവക്ഷേത്രത്തിലെ ശാന്തിക്കാരനായ തൃപ്പൂണിത്തുറ പാവംകുളങ്ങര റോഡ് കിഴക്കേ നെടുമ്പിള്ളില്‍ ബി.വി. ഗണേശന് എമ്പ്രാന്തിരിയെയും തെരഞ്ഞെടുത്തു. ഇവര്‍ ഓരോ മാസം ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിയായും പ്രവര്‍ത്തിക്കും.
കീഴ്ക്കാവ് ക്ഷേത്രത്തിലെ ശാന്തിയായി എറണാകുളം ശിവക്ഷേത്രത്തിലെ പി.എം. നാരായണന് നമ്പൂതിരിയേയും ശിവക്ഷേത്രത്തില്‍ തൃശൂര്‍ കല്ലൂര്‍ ശിവക്ഷേത്രത്തിലെ എന്‍.ആര്. നാരായണന് നമ്പൂതിരിയേയും ശാസ്താക്ഷേത്രത്തിലെ ശാന്തിയായി ഇരിങ്ങാലക്കുട പുല്ലൂര്‍ ആനരുളി വിഷ്ണുക്ഷേത്രത്തിലെ കെ.വി. ശിവദാസ് നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഇവരും ഒരു മാസം ഇടവിട്ട് കീഴ്ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിക്കാരായി പ്രവര്‍ത്തിക്കും.
മേല്‍ക്കാവ് ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുത്ത ഇ.പി. ദാമോദരന്‍ നമ്പൂതിരി ഇതിനുമുമ്പും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍നിന്നുള്ള ശാന്തിക്കാരായ അപേക്ഷകരെ പ്രത്യേകം തന്ത്രിസംഘം മുഖാമുഖം നടത്തിയാണ് നറുക്കെടുപ്പിലേക്കുള്ള ശാന്തിക്കാരെ ഉള്‍പ്പെടുത്തിയത്. ചോറ്റാനിക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ എം.എസ്. സജയ്, മാനേജര്‍ എം.ജി. ജഗദീഷ്, ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ കെ.ബി. വേണു, വി.കെ. രവീന്ദ്രന്, പള്ളിപ്പുറത്തുമനയില് നാരായണന് നമ്പൂതിരി, നിരവധി ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പന്തിരടിപൂജക്കുശേഷമായിരുന്നു നറുക്കെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: