ന്യൂദല്‍ഹി: ആഭ്യന്തരസംഘര്‍ഷം മൂര്‍ച്ഛിച്ച ലിബിയയില്‍ നിന്നും എത്രയും പെട്ടെന്ന് ഭാരത പൗരന്മാര് നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ മടങ്ങാന്‍ താല്പ്പര്യമില്ലാത്തവര് അക്കാര്യം രേഖാമൂലം എഴുതി നല്‍കണമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം. ലിബിയയില്‍ നിന്നും മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരുടെ യാത്രാരേഖകളും വിമാന ടിക്കറ്റുകളും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കി തുടങ്ങി. ആവശ്യമെങ്കില്‍ പ്രത്യേക വിമാനങ്ങള്‍ ലിബിയയിലേക്ക് അയക്കും.
ലിബിയയില്‍ ജോലി ചെയ്യുന്ന ഭാരതീയരായ നേഴ്സുമാരുടെ എണ്ണം 990 ആണ്. ഇതില്‍ 58 പേര് മാത്രമാണ് തിരികെ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇവരുടെ യാത്രാ രേഖകളും ടിക്കറ്റുകളും തയ്യാറാക്കിത്തുടങ്ങിയപ്പോള് മറ്റു 22 പേര് കൂടി മടങ്ങാന്‍ തയ്യാറായി. നിലവില്‍ 80 നേഴ്സുമാരാണ് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. 910 പേര് നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലെന്നാണ് നയതന്ത്രാലയത്തെ അറിയിച്ചത്. ലിബിയന്‍ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവരോട് വിദേശകാര്യ മന്ത്രാലയം സ്വീകരിച്ച നടപടിക്രമങ്ങള്‍ കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.
ട്രിപ്പോളിയിലെ എംബസി 4500 പൗരന്മാരുമായി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ടെന്നും ഏകദേശം 6,000 പേരാണ് ലിബിയയില്‍ ആകെയുള്ള ഭാരതീയരെന്നും വിദേശകാര്യമന്ത്രാലയ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു. മലയാളി നേഴ്സുമാരെ രക്ഷിക്കാന്‍ ഇടപെടണമെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് കത്തിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് ലിബിയയിലെ എംബസി ഉദ്യോഗസ്ഥര്‍ നേഴ്സുമാരുമായി ബന്ധപ്പെട്ടിരുന്നു.
കൂടുതല്‍ പൗരന്മാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക വിമാനങ്ങള്‍ അയച്ച് പൗരന്മാരെ തിരികെ എത്തിക്കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗ്ഗവുമുപയോഗിച്ച് രാജ്യത്തു നിന്നും പുറത്തേക്ക് എത്താനാണ് ലിബിയയിലുള്ള പൗരന്മാര്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 2011ല്‍ മുഹമ്മദ് ഗദ്ദാഫിയെ അധികാരത്തില്‍ നിന്നും പുറത്താക്കും മുമ്പ് ഏകദേശം 18,000ത്തോളം ഭാരതീയര്‍ ലിബിയയിലുണ്ടായിരുന്നു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഭാരതീയരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങുകയായിരുന്നു.
ലിബിയയിലെ പ്രശ്ന ബാധിത നഗരങ്ങളായ ട്രിപ്പോളി, ബംഗാസി എന്നിവിടങ്ങളിലാണ് മലയാളി നേഴ്സുമാര്‍ കുടുങ്ങിക്കിടക്കുന്നത്. ബിലിയയിലെ പ്രവര്‍ത്തനസജ്ജമായ ഏക അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നോ സമീപ രാജ്യമായ ടുണീഷ്യയില്‍ നിന്നോ മലയാളി നേഴ്സുമാരെ നാട്ടിലേക്ക് വിമാനത്തിലയക്കണമെന്നാണ് കേരള മുഖ്യമന്ത്രിയുടെ ആവശ്യം. 115 നേഴ്സുമാരും 3 മറ്റുള്ളവരും ഇതിനകം സഹായത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: