കുംഭകോണം: തമിഴ്നാട്ടിലെ കുംഭകോണത്ത് സ്കൂളിന് തീപിടിച്ച് 94 വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സ്കൂളിന്റെ മാനേജര്‍ക്ക് പത്തു വര്‍ഷം തടവാണ് തഞ്ചാവൂര്‍ കോടതി ശിക്ഷ വിധിച്ചത്.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പത്ത് പേര് കുറ്റക്കാരാണെന്ന് കോടതി
കണ്ടെത്തിയിരുന്നു.
മൂന്ന് അദ്ധ്യാപകരടക്കം പതിനൊന്ന് പേരെ വെറുതെ വിട്ടു. കുറ്റക്കാര്‍ക്കുള്ള ശിക്ഷ ഉച്ചയ്ക്ക് വിധിക്കും.
2004 ജൂലൈ 16നാണ് ദാരുണമായ സംഭവം ഉണ്ടായത്. സ്കൂളിലെ പാചകപ്പുരയില്‍ നിന്ന് ക്ലാസ് മുറികളിലേയ്ക്ക് തീ പടരുകയായിരുന്നു. മരിച്ച കുട്ടികള്‍ എല്ലാവരും അഞ്ചിനും ഒമ്പതു വയസിനു ഇടയില്‍ പ്രായമുള്ളവരായിരുന്നു. സംഭവത്തില്‍ 18ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
കുട്ടികളെ രക്ഷിക്കാന്‍ തുനിയാതെ അദ്ധ്യാപകര്‍ ഓടിരക്ഷപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. ഒരേ കെട്ടിടത്തില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനമുള്പ്പടെ മൂന്ന് സ്ക്കൂളുകള്‍ മുനിസിപ്പല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു വരികയായിരുന്നെന്ന് പിന്നീട് വെളിപ്പെട്ടിരുന്നു.
ഒരു തവണ പോലും സന്ദര്‍ശനം നടത്താതെയാണ് വിവിധ വകുപ്പുകളുടെ അധികൃതര്‍ സ്ക്കൂള് കെട്ടിടത്തിന്റെ നിലനില്‍പ്പിനെയും ശുചിത്വത്തെയും രേഖാമൂലം അംഗീകരിച്ചത്.
കുട്ടികളുടെ ഹാജര്‍ നിലയുടെ കാര്യത്തിലും ഇത്തരത്തിലാണ് അധികൃതര്‍ അംഗീകാരം നല്‍കിയത്. ദുരന്ത ദിവസവും ഇന്സ്പെക്ഷന് ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നു.
നേരത്തെ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മധു സുധനന് കേസിലെ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് വാദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: