ന്യൂദല്‍ഹി: അന്‍പതോളം വരുന്ന അവശ്യമരുന്നുകള്‍ സൗജന്യമാക്കിയും സ്വകാര്യ വാഹനങ്ങളെ ടോള്‍ പിരിവില്‍ നിന്നും ഒഴിവാക്കിയും കേന്ദ്രസര്‍ക്കാര്‍ ജനപ്രിയ പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. ആഗസ്ത് പത്തിനകം ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കണമെന്ന കാബിനറ്റ് സെക്രട്ടറി അജിത് സേത്തിന്റെ നിര്‍ദ്ദേശപ്രകാരം വിവിധ മന്ത്രാലയങ്ങളില്‍ ഊര്‍ജിത പ്രവര്‍ത്തനമാണ് നടക്കുന്നത്. സ്വാതന്ത്ര്യദിനത്തിനു മുമ്പായി മികച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കാനാണ് മോദിസര്‍ക്കാരിന്റെ ശ്രമം.
രക്തസമ്മര്‍ദ്ദം, പനി, പ്രമേഹം, പേവിഷബാധ, മുറിവുകള്‍ എന്നിവയ്ക്കുള്ള,രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള മരുന്നുകളാണ് സൗജന്യമാക്കുന്നത്. തുടക്കത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന മരുന്നുകളുടെ പട്ടിക കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളുടെ മാതൃകയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴിയും മരുന്നുകള്‍ നല്‍കും. ആഗസ്ത് പത്തു മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരോഗ്യമന്ത്രാലയത്തിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തില്‍ 500 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഏകദേശം ആറായിരം കോടി രൂപയോളം വാര്‍ഷിക ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി മുന്‍ യുപിഎ സര്‍ക്കാര്‍ ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലം വേണ്ടെന്നു വെച്ചിരുന്നു. എന്നാല്‍ അധികച്ചെലവു കാര്യമാക്കാതെ പദ്ധതി നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചതോടെയാണ് സൗജന്യമരുന്ന് വിതരണം യാഥാര്‍ത്ഥ്യമാകുന്നത്.
ദേശീയ പാതകളിലെ ടോള്‍ പിരിവില്‍ നിന്നും സ്വകാര്യ വാഹനങ്ങളെ ഒഴിവാക്കാനും ഉടന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടാകും. ദേശീയപാതകളിലെ ടോള്‍ വരുമാനത്തിന്റെ 14 ശതമാനം മാത്രമാണ് സ്വകാര്യ വാഹനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന ദേശീയപാത അതോറിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ടോള്‍ ബൂത്തുകളിലെ തിരക്കില്‍ അമ്പതു ശതമാനത്തിലേറെയും സൃഷ്ടിക്കുന്ന സ്വകാര്യവാഹനങ്ങളില്‍ നിന്നും 2013-14 വര്‍ഷം ലഭിച്ചത് 1600 കോടി രൂപ മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ ചരക്കുവാഹനങ്ങളില്‍ നിന്നും 9,800 കോടി രൂപ ലഭിച്ചു. അമ്പത് ദേശീയ പാതകളിലെ 285 ടോള്‍ ബൂത്തുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണക്കുകള്‍ ലഭിച്ചത്.
ടോളിനു പകരം വാഹനം വാങ്ങുമ്പോള്‍ വാഹനവിലയുടെ രണ്ടു ശതമാനം വരുന്ന ലെവി മാത്രം വാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലൂടെ 2,500 കോടി രൂപ സമാഹരിക്കാമെന്നും ഗതാഗത മന്ത്രാലയം കണക്കുകൂട്ടുന്നു. ഇതു സംബന്ധിച്ച ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: