കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ അതിജീവന പാഠം. എതിരാളിയുടെ സ്പിന്‍ കെണിയെ മറികടന്ന സന്ദര്‍ശകര്‍ സമനില പിടിച്ചു.369 റണ്‍സിന്റെ വിജയലക്ഷ്യം തേടിയ സന്ദര്‍ശകര്‍ അവസാന ദിനം 8ന് 159 എന്ന നിലയിലാണ് കളിയവസാനിപ്പിച്ചത്.
ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി (1-0). 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദക്ഷിണാഫ്രിക്ക ലങ്കയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ടെസ്റ്റ് റാങ്കിങ്ങില്‍ ആസ്ട്രേലിയയെ (123 പോയിന്റ്) മറികടന്ന് ഒന്നാമതെത്താനും അവര്‍ക്കായി. ദക്ഷിണാഫ്രിക്കയ്ക്ക് ഇപ്പോള്‍ 124 പോയിന്റുണ്ട്. ഡെയ്ല്‍ സ്റ്റെയ്ന് മാന്‍ ഓഫ് ദ സീരിസ്.
ലങ്കയ്ക്കുവേണ്ടി ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ മഹേല ജയവര്‍ധനെ കളിയിലെ കേമന്‍. ഇടയ്ക്കിടെയെത്തി മഴയും അതിപ്രതിരോധതന്ത്രവും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിക്കുകയായിരുന്നു. പിച്ചിലെ പരുക്കന്‍ ഭാഗങ്ങളില്‍ പന്തെറിഞ്ഞ ലങ്കന്‍ സ്പിന്നര്‍മാര്‍ ആഫ്രിക്കന്‍ പടയെ വിരട്ടാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. അഞ്ചു വിക്കറ്റ് പിഴുത രംഗന ഹെറാത്തും മൂന്നിരകളെ കണ്ടെത്തിയ ദില്‍രുവാന്‍ പെരേരയും ആവതു ശ്രമിച്ചെങ്കിലും റണ്‍സ് അടിക്കാതെ പന്തുകള്‍ മുട്ടിത്തീര്ത്ത ദക്ഷിണാഫ്രിക്ക സമനില പിടിച്ചെടുത്തു.
തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റണ്‍സ് നിരക്കിലേക്കാണ് ദക്ഷിണാഫ്രിക്ക (1.43) ബാറ്റുവീശിയത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 എന്ന നിലയില്‍ അഞ്ചാം ദിനം കളിയാരംഭിച്ച ദക്ഷിണാഫ്രിക്ക ജയിക്കാനുള്ള ശ്രമങ്ങള്‍ പാടേ ഉപേക്ഷിച്ചമട്ടിലായിരുന്നു. ഡീന്‍ എല്‍ഗാര്‍ (13) ക്വിന്റന്‍ ഡി കോക്ക് (37) എന്നിവര്‍ കുറച്ചു നേരം പിടിച്ചുനിന്നു. നായന് ഹാഷിം ആംലയാണ് (159 പന്തില്‍ 25) ലങ്കന്‍ പ്രതീക്ഷകളെ ഏറെ തളച്ചത്.
67 പന്തുകളില്‍ 12 റണ്‍സ് മാത്രമെടുത്ത എ.ബി. ഡിവില്ലിയേഴ്സും തരക്കേടില്ലാതെ മുട്ടിക്കളിച്ചു.
ഫാഫ് ഡുപ്ലെസിസ് (49 പന്തില്‍ 10), ജെപി ഡുമിനി (65 പന്തില്‍ 3), വെര്‍ണര്‍ ഫിലാന്‍ഡര്‍ (98 പന്തില്‍ 27 നോട്ടൗട്ട്), ഡെയ്ല്‍ സ്റ്റെയ്ന് (28 പന്തില്‍ 6) തുടങ്ങിയവരും ചേര്‍ന്നപ്പോള്‍ ഓവറുകളെല്ലാം കളിച്ചു തീര്‍ക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: