ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡെയ കട്ജു രംഗത്ത്. ആരോപണ വിധേയനായ ജസ്റ്റിസ് ദിനകരനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കട്ജു തന്റെ ബ്ലോഗിലൂടെ ആരോപിക്കുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സ്ഥാനക്കയറ്റത്തിനെതിരെയുള്ള തന്റെ നിലപാടിനെ ജസ്റ്റിസ് കപാഡിയ അടങ്ങുന്ന കൊളീജിയം അംഗീകരിച്ചിരുന്നുവെങ്കിലും അന്ന് ചീഫ് ജസ്റ്റിസ് ആയിരുന്ന കെ ജി ബാലകൃഷ്ണന് ഇടപെട്ടു സ്ഥാനക്കയറ്റം സാധ്യമാക്കുകയായിരുന്നുവെന്ന് കട്ജു പറയുന്നു.
ടി ഡി ദിനകരന് ആരോപണ വിധേയനായ വ്യക്തി ആണെന്നും സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്നും താന്‍ കൊളീജിയതെ അറിയിച്ചിരുന്നു. അന്ന് വിവരങ്ങള്‍ അറിയിച്ചതിന് നന്ദിയുണ്ടെന്ന് ജസ്റ്റിസ് കപാഡിയ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ദിനകരന് സുപ്രീംകോടതിയില്‍ ജഡ്ജിയാകുകയും ഇതിനെക്കുറിച്ച് കപാഡിയയോട് ചോദിക്കുകയും ചെയ്തപ്പോഴാണ് ജസ്റ്റിസ് ബാലകൃഷ്ണന് ഇടപെട്ട വിവരം അറിഞ്ഞതെന്നും കട്ജു ബ്ലോഗില്‍ പറയുന്നു.
കട്ജു ബ്ലോഗില്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ രൂപം –
ഞാന്‍ സുപ്രീംകോടതി ജഡ്ജിയായിരിക്കുമ്പോഴാണ് ഉച്ചഭക്ഷണ ഇടവേളയില്‍ ചേംബറിലെത്തി ജസ്റ്റിസ് കപാഡിയയെ കണ്ടത്. ആ സമയം ജസ്റ്റിസ് കപാഡിയ(അദ്ദേഹത്തിന്റെ സത്യസന്ധതയേയും ജോലിയിലുള്ള ഉത്തരവാദിത്വത്തേയും അങ്ങേയറ്റം ബഹുമാനിക്കുന്നു) സുപ്രീംകോടതി കൊളീജിയത്തിലെ അംഗമായിരുന്നു. ജെസ്റ്റിസ് കെ.ജി ബാലകൃഷ്ണനായിരുന്നു ചീഫ് ജസ്റ്റിസ്.
നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ആള്‍ക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് കപാഡിയയെ ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഞാന്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ജസ്റ്റിസ് ബാലകൃഷ്ണന് ചീഫ് ജസ്റ്റിസ് ആയിരുന്നെങ്കിലും അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിട്ട് കാര്യമൊന്നുമുണ്ടായിരുന്നില്ല. കാരണം ആരോപണ വിധേയനായ ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാന്‍ അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ ശ്രമിച്ചിരുന്നതെന്നാണ് എനിക്ക് ലഭിച്ച വിവരം.
നല്കിയ വിവരത്തിന് നന്ദി പറഞ്ഞ ജസ്റ്റിസ് കപാഡിയ സമാനമായ വിവരങ്ങള്‍ ഇനിയും പങ്കുവെക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ എന്റെ മുന്നറിയിപ്പിനെ വകവെക്കാതെ ജസ്റ്റിസ് കപാഡിയ ആരോപണ വിധേയനായ ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ നിന്നുള്ള അഭിഭാഷകരുടെ പ്രതിഷേധം ശക്തമായതോടെ ആരോപണ വിധേയനായ ജഡ്ജിയെ സിക്കിമിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിനെതിരെ പിന്നീട് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ പോലും വന്നെങ്കിലും അതിന് മുമ്പ് തന്നെ രാജിവെച്ചൊഴിയുകയായിരുന്നു.
ഈ സംഭവത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജസ്റ്റിസ് കപാഡിയയെ ഒരു പാര്‍ട്ടിയില്‍ വെച്ച് കാണുന്നത്. അന്ന് ആരോപണ വിധേയനായ ജഡ്ജിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്കിയ കാര്യം ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മുന്നറിയിപ്പ് ഓര്മ്മയുണ്ടായിരുന്നെങ്കിലും ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ സമ്മര്‍ദ്ദം മൂലമാണ് താന്‍ ആരോപണ വിധേയനായ ജഡ്ജിയെ സുപ്രീംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്തതെന്നായിരുന്നു ജസ്റ്റിസ് കപാഡിയ പറഞ്ഞത്. ഈ ജഡ്ജിക്കെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് കെ.ജി. ബാലകൃഷ്ണന് പറഞ്ഞെന്നും ജസ്റ്റിസ് കപാഡിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: