ന്യൂദല്‍ഹി: ആഗോളതലത്തില്‍ ഇസ്ലാമികരാഷ്ട്രസ്ഥാപനത്തിനായി നടക്കുന്ന ജിഹാദില്‍ പങ്കുചേരാന്‍ അഞ്ചുലക്ഷം അംഗസംഖ്യയുള്ള സുന്നിസൈന്യം തയ്യാറാണെന്ന് മുസ്ലിം മതനേതാവ് സൗദി അറേബ്യന്‍ സര്‍ക്കാരിന് കത്തയച്ചത് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നു. ലഖ്നൗവിലെ ദാറുല്‍ ഉലൂം നദ്വയിലെ ശരീയത്ത് ഡീനും ഉറുദു-അറബി പണ്ഡിതനും അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോര്‍ഡംഗവുമായ മൗലാന സയ്യിദ് സല്മാന് ഹുസൈനി നദ്വിയാണ് ജുലൈയില്‍ സൗദി സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. സംഭവത്തെപ്പറ്റി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറാഖില്‍ ഐഎസ്ഐസിന്റെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ നിരവധി ഇന്ത്യക്കാര്‍ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഹുസൈനി നദ്വിയുടെ കത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
അതിശക്തമായ ആഗോള ഇസ്ലാമിക സേന രൂപീകരിക്കുന്നതിനായി അഞ്ച് ലക്ഷത്തോളം സുന്നി മുസ്ലിംയുവാക്കളെ ഇന്ത്യയില്‍ നിന്നും നല്‍കാമെന്ന് അറബിയിലെഴുതിയ കത്തില്‍ ഹുസൈനി നദ്വി വ്യക്തമാക്കുന്നു. സൗദി സര്‍ക്കാരിനയച്ച കത്ത് ഭാരത രഹസ്യാന്വേഷണ ഏജന്‍സികളാണ് കണ്ടുപിടിച്ചത്. ഇറാഖില്‍ യുദ്ധം ചെയ്യുന്ന സുന്നിഭീകരരുടെ നേതാവ് അബു ബകര്‍ അല്‍ ബാഗ്ദാദിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയ ഹുസൈനി നദ്വി രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയായിരുന്നു. ഇതിനുപിന്നാലെയാണ് യുദ്ധത്തിനു തയ്യാറായ നിരവധി മുസ്ലിം സംഘടനകളും യുവാക്കളും തനിക്കൊപ്പമുണ്ടെന്ന് കാണിച്ച് സൗദി സര്‍ക്കാരിന് ഇയാള്‍ കത്തയച്ചിരിക്കുന്നത്.
ഇറാഖ് യുദ്ധത്തെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയ ഏഷ്യയിലെ തന്നെ ആദ്യ മതനേതാവാണ് ഹുസൈനി നദ്വി. സ്വന്തം രാജ്യത്ത് മുസ്ലിം സൈന്യം തയ്യാറാണെന്നും മറ്റൊരു രാജ്യത്തിന്റെ നിര്‍ദ്ദേശത്തിന് കാത്തിരിക്കുന്നതായും വ്യക്തമാക്കുന്ന കത്ത് തികച്ചും ദേശദ്രോഹകരമാണ്. ആഗോള ഇസ്ലാമിക രാഷ്ട്രത്തിനായി സൗദിയുടെ നേതൃത്വത്തില്‍ ജിഹാദ് നടത്തണമെന്നും ആവശ്യമായ യുവാക്കളെ കൈമാറാമെന്നും കത്തിലുണ്ട്. ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും യുവാക്കളെ കണ്ടെത്തേണ്ടതില്ലെന്നും ആവശ്യത്തിലധികം പേരെ ഭാരതത്തില്‍നിന്നും തയ്യാറാക്കാമെന്നും കത്തില്‍ പറയുന്നു. വിവിധ ജിഹാദി സംഘടനകളെ ദാറുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഒരുമിപ്പിച്ചു ചേര്‍ക്കാനാകുമെന്നും പൊതുലക്ഷ്യത്തോടെ നയിക്കാനാകുമെന്നും ഹുസൈനി നദ്വി സൗദി സര്‍ക്കാരിനോട് പറയുന്നു.
ഹുസൈനി നദ്വിയുടെ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവം ഉണ്ടോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. പാക്കിസ്ഥാനിലെ മുസ്ലിംയുവാക്കള്‍ക്ക് സമാനമായ മാനസികാവസ്ഥയിലേക്ക് ഭാരതത്തിലെ മുസ്ലിംയുവാക്കളെ തള്ളിയിടുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാണ്.
ഐഎസ്ഐഎസിനുവേണ്ടി ഡസനിലധികം ഭാരതീയര്‍ ഇറാഖില്‍ യുദ്ധം ചെയ്യുന്നുണ്ടെന്ന് ജൂണ്‍ അവസാന വാരം ചേര്‍ന്ന കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല യോഗത്തില്‍ വിലയിരുത്തിയിരുന്നു. മലയാളികളായ ദമ്പതിമാര്‍, മുംബൈയില്‍ നിന്നുള്ള എഞ്ചിനീയര്‍ യുവാക്കള്‍,മെഡിക്കല്‍ വിദ്യാര്‍ത്ഥി എന്നിവരെല്ലാം ഐഎസ്ഐഎസിനുവേണ്ടി ആയുധമെടുക്കുന്നതായ വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തിയിരുന്നു.
ആഗോളതലത്തില്‍ വിവിധ മുസ്ലിംരാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ നിന്നും എക്കാലവും വിട്ടുനിന്നിട്ടുള്ള ഭാരത മുസ്ലിംസമൂഹത്തെക്കൂടി ഇത്തരം കാര്യങ്ങളില്‍ പങ്കാളികളാക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ സജീവമാണെന്ന ആശങ്കകളാണ് മൗലാന ഹുസൈനി നദ്വിയുടെ കത്ത് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: