കുട്ടിക്കാലത്ത് അധ്യാപികയാവണമെന്ന മോഹം കൊണ്ടുനടന്ന നാട്ടിന്പുറത്തുകാരി. സ്കൂളിലെത്തിയപ്പോള്‍ കായിക രംഗത്ത് അവള് പ്രതീക്ഷയായി മാറി. കൗമാരത്തിലേക്ക് കടന്നപ്പോള്‍ സൈനികസേവനത്തിനായി മനസ്സ് കൊതിച്ചു. വിധി അവള്‍ക്ക് വച്ചുനീട്ടിയത് ഇതിനെല്ലാമുള്ള അവസരമാണ്. അഭ്രപാളികളിലൂടെ ഇനി അവള്‍ക്ക് അധ്യാപികയായും കായികതാരമായും സൈനിക ഓഫീസറായും മിന്നിതിളങ്ങാം.
അനുശ്രീ ഇന്ന് മലയാള സിനിമയുടെ മുഖശ്രീയാണ്. ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലെയ്സിലെ കലാമണ്ഡലം രാജശ്രീയെയും ആങ്രിബേബീസിലെ ശെല്‍വിയെയും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. റെഡ്വൈന്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും, വെടിവഴിപാട്, ലൈഫ് പാര്‍ട്ണര്‍ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലെ സജീവസാന്നിധ്യമായി മാറിയ അനുശ്രീയുടെ വിശേഷങ്ങള്‍.
അനുശ്രീ
പത്തനാപുരം കമുകിന്‍ചേരി അനുശ്രീ നിവാസില്‍ വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥനായ മുരളീധരന്‍പിള്ളയുടെയും ശോഭനയുടെയും മകള്‍. സഹോദരന് അനൂപ് ഇപ്പോള്‍ മസ്കറ്റിലാണ്. കമുകിന്‍ചേരി സ്കൂളിലായിരുന്നു എല്‍.പി, യു.പി. വിദ്യാഭ്യാസം. ഹൈസ്കൂള്‍ വിദ്യാഭ്യാസം ജി.വി.രാജ സ്പോര്‍ട്സ് സ്കൂളിലും മഞ്ഞക്കാല ഇന്ദിരാഗാന്ധി മെമ്മോറിയല്‍ സ്കൂളിലും. പ്ലസ്-ടു വിദ്യാഭ്യാസം പുനലൂര്‍ ഹൈസ്കൂളിലായിരുന്നു.
കുട്ടിക്കാലത്ത് ടീച്ചര്‍ ആവണമെന്നായിരുന്നു ആഗ്രഹം. പിന്നീട് സ്പോര്‍ട്സിലായി താല്പര്യം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ ജി.വി.രാജ സ്കൂളില്‍ ചേര്‍ന്നു. ബാസ്ക്കറ്റ് ബോള്‍, ലോംഗ് ജംമ്പ് എന്നിവയില്‍ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും കിട്ടി. സ്കൂള്‍ കായികമേളയിലും പങ്കെടുത്തിരുന്നു. അമ്മയെ പിരിഞ്ഞിരിക്കാനുള്ള വിഷമം തിരികെ നാട്ടിലെത്തിച്ചു. സ്പോര്‍ട്സ് പിന്നീട് എന്‍സിസിക്ക് വഴിമാറി. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ പോയി പരേഡ് ചെയ്തത് മറക്കാനാവില്ല. അതോടെ ആര്‍മി ഓഫീസര്‍ ആവണമെന്നായി. ഏവിയേഷന്‍ ഡിപ്ലോമ എടുക്കണമെന്ന ആഗ്രഹം ഇപ്പോഴുമുണ്ട്. ഇപ്പോള്‍ ബിഎ ഇംഗ്ലീഷ് കോഴ്സ് ചെയ്യുന്നുണ്ട്.
കമുകിന്‍ചേരിയിലെ തനി നാട്ടിന്‍പുറത്തുകാരിയെ വെള്ളിത്തിരയിലെത്തിച്ചത് സംവിധായകന് ലാല്‍ ജോസാണ്. ജീവന് ടിവിയില്‍ ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിചയം മൂലം സൂര്യ ടിവിയിലെ കൊറിയോഗ്രാഫര്‍ മിഥുനാണ് സൂര്യ ടി.വിയിലെ ബ്രിഗ്ബ്രേക്ക് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്. ഓഡിഷന് റൗണ്ടില്‍ 2000ത്തോളം പേരുണ്ടായിരുന്നു. അതില്‍ നിന്ന് പത്തുപേരെ തിരഞ്ഞെടുക്കുകയായിരുന്നു. ആ റിയാലിറ്റി ഷോയില്‍ നിന്നും പകര്‍ന്നുകിട്ടിയ അനുഭവങ്ങളാണ് സിനിമയിലേക്കുള്ള ആദ്യപാഠങ്ങള്‍.
ഇപ്പോഴത്തെ അനുശ്രീ
ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. യാത്രകള്‍ കൂടിയിട്ടുണ്ട്. സിനിമാ ജീവിതം കുടുംബത്തില്‍ പ്രത്യേക സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. സിനിമയിലെത്തി അടിമുടി മാറണമെന്നുള്ളവര്‍ക്ക് അങ്ങനെയും ആവാം. ആഡംബരജീവിതം നയിക്കാം. എനിക്ക് ഒരുപാട് മാറ്റമൊന്നുമില്ല. ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ആ സൗഹൃദങ്ങള്‍ക്ക് തിരക്ക് കാരണം ശ്രദ്ധകൊടുക്കാന്‍ പറ്റുന്നില്ല. വീടും നാടും നാട്ടുകാരെയും മിസ് ചെയ്യുന്നു. പഠിക്കുമ്പോള്‍ തന്നെ വീടിനോട് വലിയ മമതയുണ്ടായിരുന്നു. വീട്ടുകാരോടൊത്ത് സമയം ചെലവഴിക്കാന്‍ പറ്റാത്തത് ഒരു വിഷമം തന്നെയാണ്. സിനിമയിലെത്തിയെങ്കിലും ഗ്രാമപ്രദേശത്തെ പഴയ അനുശ്രീ ആയിരിക്കാന്‍ തന്നെയാണ് ആഗ്രഹം.
സിനിമയിലെ സൗഹൃദങ്ങള്‍
സിനിമയില്‍ എല്ലാവരോടും കാര്യങ്ങള്‍ തുറന്നുപറയാന്‍ നില്‍ക്കാറില്ല. ബിഗ്ബ്രേക്ക് റിയാലിറ്റി ഷോയില്‍ ഒപ്പമുണ്ടായിരുന്ന സ്വാസികയും ഭാവനചേച്ചിയുമാണ് അടുത്ത സുഹൃത്തുക്കള്‍. എല്ലാ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കും. തുടക്കത്തിലേ ഭാവനചേച്ചിയോട് ഒരിഷ്ടമുണ്ടായിരുന്നു. എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ ഇഷ്ടക്കേടുണ്ടാവുമോ, എന്ന ഭയമുണ്ടായിരുന്നു. സൗഹൃദം വളരെ പെട്ടെന്ന് വളരുകയായിരുന്നു.
കഥാപാത്രങ്ങളോടുള്ള സമീപനം
ഡയമണ്ട് നെക്ലെയ്സിലെ പൊട്ടിപ്പെണ്ണിനെ പോലെയാണോ താന്‍ എന്ന് പലരും ചോദിക്കാറുണ്ട്. ഡയമണ്ട് നെക്ലെയ്സിലെ രാജശ്രീയും എന്റെ സ്വഭാവവും തമ്മില്‍ ഒരു ബന്ധവുമില്ല. എന്നാല്‍ ഒരു നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയായത് ആ കഥാപാത്രത്തെ സഹായിച്ചിട്ടുണ്ട്. ഒരു നാട്ടിന്‍പുറത്തെ പെണ്‍കുട്ടി എങ്ങനെ നടക്കും, മുടികെട്ടും, സാരി ഉടുക്കും എന്നത് സംവിധായകന് വിശദമാക്കി തരേണ്ടിവന്നില്ല. സിനിമാ ജീവിതത്തിലെ മറ്റൊരു ഭാഗ്യം ലാല്‍ജോസ് സാര്‍ തൊട്ടടുത്ത ചിത്രമായ പുള്ളിപുലികളും ആട്ടിന്കുട്ടിയിലും വിളിച്ചു എന്നതാണ്. ഒരുപാട് ചിന്തിച്ച്, പേടിച്ച് ചെയ്ത കഥാപാത്രമാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ദീപ. ഒരു സീനേ ഉള്ളൂവെങ്കിലും മനസ്സില്‍ തങ്ങിനില്ക്കുന്ന കഥാപാത്രം. ഒരു അഭിനേത്രി എന്ന നിലയില്‍ നായികയായി മാത്രം അഭിനയിച്ചിട്ട് കാര്യമില്ല. എത്രയോ നായികമാര്‍ വന്നുപോകുന്നു. നായികക്കുവേണ്ടി സിനിമകള്‍ ഉണ്ടാവാറില്ല. പ്രണയം, പാട്ട് എന്നതിലുപരി മികവ് പുലര്‍ത്താന്‍ കഴിയുന്ന സ്ത്രീ കഥാപാത്രങ്ങള്‍ ഇക്കാലത്തെ തിരക്കഥകളില്‍ വിരളമാണ്. ഡയമണ്ട് നെക്ലെയ്സ് ചെയ്തുകഴിഞ്ഞപ്പോള്‍ അതേ പാറ്റേണിലുള്ള നിരവധി കഥാപാത്രങ്ങള്‍ വന്നു. കഥാപാത്രങ്ങളില്‍ ടൈപ്പ് ചെയ്യപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് വെടിവഴിപാടില്‍ മോഡേണ്‍ പെണ്‍കുട്ടിയായ രശ്മിയെ അവതരിപ്പിക്കാനായത്. ഏത് കഥാപാത്രത്തെയും ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ ഒരു അഭിനേത്രിക്ക് കഴിയണം.
ആരാധകരുടെ സ്വാധീനം
ആരാധകരുടെ സ്നേഹം നല്ലതെന്നാണ് എന്റെ പക്ഷം. നമ്മളെ അറിയാത്ത, നമ്മള് അറിയാത്ത, നമ്മളെ വിലയിരുത്തുന്നവരുടെ അഭിപ്രായങ്ങള്‍ സഹായകരമാവാറുണ്ട്. ഫേസ്ബുക്കില്‍ നമ്മളെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. അവരുടെ കമന്റുകള്‍ സ്വയം മെച്ചപ്പെടുന്നതിന് ഉപകരിക്കും.
ആരാധികയെന്ന നിലയില്‍
മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയ പ്രതിഭകള്‍. ശോഭന, മഞ്ജുവാര്യര്‍, ലെന. ഇതില്‍ എന്ന അതിശയിപ്പിച്ച അഭിനേത്രിയാണ് ലെന . രണ്ടാംഭാവത്തില്‍ നിന്നും അവരുടെ ക്യാരക്ടര്‍ റോളുകളിലേക്കുള്ള മാറ്റം. ഏതു വേഷവും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന തരത്തിലുള്ള അഭിനയ മികവ്, അതിനോട് ആദരവാണ്.
മനസിലെ പ്രണയം
മനസ്സില്‍ പ്രണയമുണ്ട്. ഇപ്പോള്‍ സിനിമക്ക് പ്രാധാന്യം നല്കുന്നു. ജീവിതത്തില്‍ എല്ലാകാര്യങ്ങളും പങ്കുവയ്ക്കാന്‍ കഴിയുന്നയാള്‍. സിനിമയെ ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത്,അങ്ങനെയാവണം ജീവിതപങ്കാളി.
പ്രതീക്ഷകള്‍
അനീഷ് ഉപാസനയുടെ സെക്കന്റ്സില്‍ ജയസൂര്യയോടൊപ്പം. പ്രദീപിന്റെ പേടിത്തൊണ്ടനില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം. കെ.കെ.ഷാജുവിന്റെ കുരുത്തന്‍കെട്ടവന്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍.
സി രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: