ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ചുവര്‍ച്ചിത്രകലയുടെ പഠനമനനങ്ങള്ക്കും നവോത്ഥാനത്തിനും ആസ്ഥാനമൊരുക്കുന്നു. ക്ഷേത്രസമീപമുള്ള ‘ചിത്രഗേഹം’ ചുവര്ച്ചിത്രാചാര്യനായ കെ.കെ. വാര്യരുടെ രചനാലയമാണ്. മേഘശ്യാമം, ഹരിതനീലം, ഹരിതം, മഞ്ഞ, ചുവപ്പ്, സുവര്‍ണ്ണം-വര്ണ്ണക്കൂട്ടുകള്ക്കിടയില് അശീതിയിലെത്തിയ ആചാര്യന് സഹപ്രവര്‍ത്തകരോടൊപ്പം രചനാനിമിഷങ്ങളിലാണ്. ‘ഭാഗവതോപദേശം’-പരീക്ഷിത്ത് രാജാവിന് ശ്രീശുക ബ്രഹ്മര്‍ഷി ഭാഗവതമുപദേശിക്കുന്ന നാടകീയമായ രംഗം. ദേവാദികളും ഋഷികളും പരിവാരങ്ങളുമായി ഇരുപതോളം പശ്ചാത്തല മുഖഭാഗങ്ങള്‍. അവ കാന്വ്യാസില് വൈവിധ്യത്തിന്റെ ശാന്തിപ്പെരുക്കങ്ങളാകുന്നു. ശ്രീശുകന്‍ അന്വര്ത്ഥനാമത്തില് ഹരിത വര്‍ണവിസ്മയമായി. ഭഗവാനും ഭക്തനും ഭാഗവതവും ഒന്നുചേരുന്ന മുഹൂര്‍ത്തത്തിന്റെ അനശ്വരലയങ്ങള്. അറിവിന്റെ ആലക്തികവര്ണ്ണമായ് പശ്ചാത്തലഭംഗി. ജ്ഞാനവൈഭവത്തിന്റെ നിത്യതയാണ് ഭാഗവതോപദേശമായി കാലത്തിന്റെ ചുമരില്‍ വാര്യര്‍ വരച്ചുചേര്‍ക്കുന്നത്. ആ വരവര്ണഗീതികളുടെ ഭാവരാഗതാളം അനശ്വരതയിലേക്ക് നീളുന്നു.
പാരമ്പര്യശൈലിയുടെയും കേരളീയത്തനിമയുടെയും നവഭാവുകത്വമാണ് വാര്യരുടെ കലാലോകം. വരയുടേയും വര്ണത്തിന്റേയും താളവും മേളവുമൊരുക്കുന്ന സൂക്ഷ്മപ്പൊരുത്തമാണ് അതിന്റെ മൗലികത. സാമ്പ്രദായിക രീതിയില്‍ ധ്യാനമന്ത്രങ്ങളുടേയും വിഗ്രഹരൂപങ്ങളുടേയും ഉള്‍പ്പൊരുളില്‍ ഉരുവം കൊള്ളുകയാണ് രചനകള്‍. വര്ണ്ണപരിചരണത്തിലും രേഖാബോധത്തിലും പ്രകടിപ്പിക്കുന്ന അനന്വയ കൗശലവും സൂക്ഷ്മദൃഷ്ടിയുമാണ് വാര്യരുടെ സിദ്ധി. ആത്മനിഷ്ഠമായ ലാവണ്യദര്‍ശനത്തില്‍ അത് ചിത്രചാതുരിയാവുന്നു; കാഴ്ചയുടെ ഋതുക്കളായി സാമ്യം പ്രാപിക്കുന്നു. നിറങ്ങളും നിറവുകളുമായി ഫ്രെയിമില്‍ പൈതൃകത്തിന്റെ ഹരിതമാണ് നിറയുന്നത്. പുരാണേതിഹാസങ്ങളും മോഹനങ്ങളായ സന്ദര്‍ഭങ്ങളും ജ്ഞാന സരണിയുടെ ആത്മീയ പ്രത്യക്ഷങ്ങളും ലൗകികാലൗകികതയുടെ മായിക പശ്ചാത്തലത്തില്‍ വിലയംകൊള്ളുന്നു. അതീന്ദ്രിയ ധ്യാനത്തിന്റേയും അനുഷ്ഠാനവൃത്തിയുടേയും പാരസ്പര്യമാണ് വാര്യരുടെ രേഖകള്‍ക്ക് കരുത്തും കാന്തിയും നല്‍കുന്നത്.
ചിത്രരാമായണം വാര്യരുടെ പ്രകൃഷ്ട രചനയാണ്. ആദികാവ്യത്തിന്റെ മാനവികതാസന്ദേശമുണര്ത്തുന്ന ഈ രചന പുത്രകാമേഷ്ടി മുതല്‍ സീതാഭൂപ്രവേശം വരെയുള്ള രാമായണ മുഹൂര്‍ത്തങ്ങളുടെ സാക്ഷാത്ക്കാരമാണ്. പതിനാറ് വന്‍ ഫ്രെയിമുകളുടെ ഇടങ്ങളില്‍ മുഖ്യ രാമായണകഥാപാത്രങ്ങള്‍ സ്വത്വവും സങ്കല്പങ്ങളുമായി വസന്തം വിരിയിക്കുന്നു. ഉജ്വലമുഹൂര്ത്തങ്ങളുടെ നാടകീയാവിഷ്കാരങ്ങള്‍ അഭ്യാസസിദ്ധിയുടെ ലാവണ്യരേഖകളും ചലനാത്മക വര്ണ്ണസങ്കരങ്ങളും കൊണ്ട് ഐതിഹാസിക മാനം നേടുകയാണ്. തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ചിത്രരാമായണത്തിന്റെ പകര്‍പ്പ് ആത്മീയപരിവേഷമണിഞ്ഞ് നില്ക്കുന്നു.
സ്വാമി വിവേകാനന്ദന്റെ ധന്യജീവിതത്തിന് വര്ണ്ണഭാഷ്യം നല്കിയ ചിത്രമാണ് വിശ്വഭാനു. മുന്നൂറ്റമ്പത് സ്ക്വയര്‍ ഫീറ്റില്‍ രചന സാധിച്ച ഈ ചിത്രം കൊടുങ്ങല്ലൂരിലാണ്. രൂപഭാവ സൗഭഗത്തിന്റെ പൂര്‍ണിമയിലും രേഖാവിന്യാസത്തിന്റെ സ്ഫിടക സമാനമായ ലയത്തിലും ചിത്രം കലാകാരന്റെ മൗലികതയുടെ നേര്‍സാക്ഷ്യമാകുന്നു. പിറവത്തെ ചിന്മയചിത്രങ്ങള് ഐതിഹാസികമാനം സൃഷ്്ടിക്കുന്നതാണ്. ദേവതാചിത്രരചനയില് വാര്യരുടെ പ്രതിഭ ഭാവബന്ധുരമായ കല്പനകള് പ്രത്യക്ഷീകരിക്കുന്നുണ്ട്. രവിപുരം കുണ്ടന്നൂര്‍ ക്ഷേത്രത്തിലെ കൃഷ്ണകഥാ ലേഖ്യങ്ങളും, പറവൂര്‍ പാലിയം ശിവക്ഷേത്ര ചിത്രങ്ങളും തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ നൂറ്റമ്പത് സക്വയര്‍ഫീറ്റില്‍ ചെയ്ത രചനകളും മലപ്പുറത്ത് ശിവക്ഷേത്രത്തില്‍ ഇരുനൂറ് സ്ക്വയര്‍ ഫീറ്റില്‍ നിര്‍വഹിച്ച സൃഷ്ടികളും ഇതിന് ഉദാഹരണമാണ്. ആദ്ധ്യാത്മികതയുടേയും അലൗകികതയുടേയും മായികമായ പരിവേഷം ഈ രചനകളെ കേവലവൈകാരികതയില്‍ നിന്ന് വിശ്രാന്തിതലങ്ങളിലേക്ക് നയിക്കുന്നു. ക്ഷേത്രപ്പഴമയും ഐതിഹ്യങ്ങളും സ്ഥലമാഹാത്മ്യവും ദേവാദികളുടെ അലൗകിക പ്രത്യക്ഷങ്ങളും സ്വാംശീകരിച്ചാണ് വാര്യരുടെ ദേവതാചിത്രാവിഷ്കാരം. ചോറ്റാനിക്കര അമ്മയും തിരുമാന്ധാംകുന്നിലമ്മയും കാടാമ്പുഴദേവിയും വാര്യര്‍ പ്രതിഭയുടെ അകക്കണ്ണ് പ്രത്യക്ഷമാക്കുന്നു. അര്ച്ചനാബിംബത്തിന്റെ മാതൃരൂപമാധാരമാക്കിയാണ് ചോറ്റാനിക്കരയമ്മയെ ചിത്രീകരിച്ചത്. ചതുര് ചക്രങ്ങളുണര്ത്തുന്ന അവ്യാഖ്യേയമായ യോഗാത്മക ദര്‍ശനവും ശക്തിസ്ഫുരണം വിതറുന്ന ചക്രരൂപങ്ങളും ശിവശക്ത്യാത്മികതയുടെ ധന്യപ്പൊരുള് അനാവരണം ചെയ്യുന്നു. ഗഹനതയും രസാത്മകതയും പരിവേഷമുയര്ത്തി ചിത്രലാവണ്യത്തെ അനന്തതയോളം വളര്‍ത്താന്‍ വാര്യരുടെ വര്‍ണ്ണബോധം എന്നും ഉണര്‍ന്നു നില്ക്കുന്നു. ഇവിടെ ആയുധപാണിയായ ആസുരപ്രകൃതി സ്നേഹവര്ണ്ണത്തിലൂടെ അഭയവരദമൂര്ത്തിയായി സഹൃദയനില്‍ പുനര്‍ജ്ജനിക്കുകയാണ്.
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചിത്ര പുനഃസൃഷ്ടിയില്‍ വാര്യരുടെ സംഭാവന നിര്‍ണായകമായിരുന്നു. കേരളത്തിനകത്തും പുറത്തുമായി ഐതിഹ്യമുറങ്ങുന്ന എണ്ണമറ്റ ക്ഷേത്രങ്ങളില്‍ മൗലിക രചനയായും നവീകരണസൃഷ്ടിയായും ഈ കലാകാരന് സംഭാവനയര്പ്പിച്ചിട്ടുണ്ട്്. വീടുകള്‍, ഹാളുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി വാര്യരുടെ ചിത്രകൗശലങ്ങള്ക്ക് സാക്ഷിയായ നിരവധിയിടങ്ങളുണ്ട്. ദേവീദേവന്മാരുടെ ധ്യാനശ്ലോകങ്ങളില്‍ നിന്നും അനുഭൂതിതല വിസ്മയങ്ങള്‍ ആവാഹിച്ച് അറുപത്തിനാലുചിത്രങ്ങളുടെ ഒരു പരമ്പരയാണ് അദ്ദേഹം സാക്ഷാത്കരിച്ചത്. കലാലോകം അത്ഭുതാദരങ്ങളോടെയാണ് ഏറ്റുവാങ്ങിയത്. പുരാണങ്ങളിലെ അര്‍ത്ഥാന്തരങ്ങളുടെ വ്യാഖ്യാനമെഴുതുന്ന പന്ത്രണ്ടുചിത്രങ്ങള്‍ ഏറെ പ്രശസ്തമാണ്. ‘ചിത്രസൂത്ര’ത്തിന്റെ ശാസ്ത്രീയത മുന്‍നിര്‍ത്തിയുള്ള അഭ്യാസവും ഭാവസ്ഫുരണശൈലിയും സിദ്ധിവൈഭവത്തിന്റെ ഉണ്മയും രേഖാവര്ണ്ണങ്ങളുടെ ചടുലതാളത്തിന്റെ സംഗീതികയുണര്ത്താന് വാര്യരുടെ പ്രതിഭയില്‍ പ്രകാശമായുണ്ട്.
പ്രകൃതിയുടെ മന്ദാരങ്ങള്‍, പോര്ട്രെറ്റുകളുടെ ജീവനശക്തി, രേഖാചിത്രങ്ങളുടെ ഭാവരാഗതാളങ്ങള്‍, അക്കാദമിക ചിത്രങ്ങളുടെ സൂക്ഷ്മതലങ്ങള്‍, ശാസ്ത്രപഠന സങ്കേതങ്ങളുടെ സത്യദീപ്തി-ഇവയെല്ലാം വാര്യരുടെ കല പരീക്ഷിച്ചറിയുന്നുണ്ട്.
ഈ കലാകാരന്റെ ചിത്രസമീക്ഷയുടെ ദര്ശനവൈഭവങ്ങള് പ്രതീകാത്മകരചനയില് ലയനം നേടുന്നു. ‘ഷഡാധാര’ത്തില്‍ താന്ത്രികവിദ്യയുടെ സ്വത്വരഹസ്യം വര്‍ണാഭ നേടുന്നു. ശ്രീചക്രം തുടങ്ങിയ യന്ത്രാവിഷ്കാരങ്ങള് ശക്ത്യാരാധനയുടെ തേജോമയമായ പ്രതിബിംബമാണ്. സ്നേഹവാത്സല്യത്തിന്റേയും ത്യാഗത്തിന്റേയും മാനവതാസ്ഫുരണങ്ങളുണര്ത്തുന്ന മാതൃശക്തിയുടെ ധന്യതയാണ് ഇത്തരം ആവിഷ്കാരകൗതുകങ്ങള്. അനന്തവും ഗൂഢവുമായ സൂക്ഷ്മതലങ്ങളെ അനുഭൂതി സ്പര്‍ശത്തിലൂടെ സാക്ഷാത്കരിക്കാന്‍ വാര്യര്‍ പ്രസാദാത്മകമായ ദര്‍ശനവും രേഖയുടെ അന്തര്‍നാദവും പ്രയോജനപ്പെടുത്തുന്നു. പ്രകൃതിയും ജീവിതവുമാണ് കലയ്ക്ക് അടിസ്ഥാനം. ഒരര്‍ത്ഥത്തില്‍ കലാകാരന് അവയ്ക്കുമുന്നില്‍ നടത്തുന്ന അത്മസമര്പ്പണമാണ് അയാളുടെ കല. പ്രകൃതിയും ജീവിതവും നഗ്നമാണ്. ക്ഷേത്രച്ചുമരുകളില്‍ പണ്ടുപതിഞ്ഞ ‘നഗ്നസത്യങ്ങള്‍’ ശ്ലീലാശ്ലീലതയ്ക്കപ്പുറമുള്ള പ്രകൃതിസത്യങ്ങള്‍ അനാവരണം ചെയ്യുന്നു. പ്രകൃതിയും മനുഷ്യപ്രകൃതിയും ഒന്നുതന്നെയെന്ന ആത്മദര്‍ശനമാണ് വാര്യരുടെ ഈ വാക്കുകള്‍.
ചിരഞ്ജീവിയായ മഹാബലിമന്നനെയും പരിവാരത്തേയും ചിത്രശാസ്ത്രം നിര്‍ദ്ദേശിക്കുന്ന രീതിയില്‍ ചിത്രീകരിച്ചിട്ടുണ്ട് ഈ കലാകാരന്. കുടവയറും പൊളിയോലക്കുടയുമായി വ്യാപാരോത്സവങ്ങള്ക്ക് മുന്നില്‍ ബ്രാന്‍ഡ് അംബാസഡറായി ഓച്ഛാനിച്ചുനില്‍ക്കുന്ന ആധുനിക മഹാബലിയല്ലിത്. സത്യധര്‍മ്മ പരായണനായ മഹാബലിയുടെ സാക്ഷാല്‍ ചക്രവര്ത്തീരൂപം ഓണപ്പുലരിയില്‍ പൂവിട്ടുപൂജിക്കേണ്ട കനക വിഗ്രഹമായി മലയാളി ഈ ചിത്രം ഹൃദയത്തില്‍ പ്രതിഷ്്ഠ നടത്തേണ്ടതുണ്ട്. ഗുരുവായൂര്‍ ക്ഷേത്ര-ബിംബ ചരിത്രം മ്യൂറല്‍ ആല്‍ബമായി വാര്യര്‍ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ബ്രഹ്മാവിന്റെ വിഗ്രഹസിദ്ധി മുതല്‍ 1970 ലെ അഗ്നിബാധയില്‍ നശിച്ചുപോയ ‘ഗുരുവായൂര്‍ ശ്രീ വൈകുണ്ഠം’ വരെയുള്ള പതിനെട്ടു ചിത്രങ്ങളാണ് ആല്‍ബത്തിലുള്ളത്.
നാശോന്മുഖമായ ക്ഷേത്രച്ചുവരുകളില്‍ നിന്ന് ചിത്രങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് സൂക്ഷിച്ച് ചുവര്‍ച്ചിത്ര സംരക്ഷണത്തില്‍ പുതിയൊരു അധ്യായം രചിക്കുകയാണ് വാര്യര്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രശസ്തമായ മൂന്ന് ചിത്രങ്ങളും കരിവള്ളൂര്‍ ക്ഷേത്രത്തിലെ എട്ടുചിത്രങ്ങളും അതില്‍ പ്രാഥമ്യമര്‍ഹിക്കുന്നു. ഇത്തരം ചിത്രങ്ങളുടെ വലിയൊരു ശേഖരം ചിത്രഗേഹത്തിന്റെ ഗ്യാലറിയില്‍ കാണാം. ഇതിന്റെ പ്രദര്‍ശനം കോഴിക്കോടും തൃശൂരും എറണാകുളത്തും സംഘടിപ്പിച്ചിട്ടുണ്ട്.
കൊച്ചി നേവല്‍ ബേസില്‍ നിന്ന് വിടവാങ്ങിയ ഈ ഗുരുനാഥന് എറണാകുളം രവിപുരം ഇന്ത്യന്‍ സ്്കൂള്‍ ഓഫ് ആര്‍ട്സിന്റെ സ്ഥാപക ഡയറക്ടറാണ്. ലളിതകലാ അക്കാദമിയുടെ പുരസ്കാരവും കേന്ദ്രസര്‍ക്കാരിന്റെ സീനിയര്‍ ഫെല്ലോഷിപ്പും വാര്യര്‍ നേടിയിട്ടുണ്ട്. കലാപ്രവീണ്‍, വര്‍ണകുലപതി, ജന്മാഷ്ടമി പുരസ്കാരം എന്നിവ ആ പ്രതിഭയെ തേടിവന്ന അംഗീകാരങ്ങളാണ്. ‘ചിത്രസൂത്രം’, ‘ചിത്രലക്ഷണം’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് തര്‍ജ്ജമയും വ്യാഖ്യാനവും നിര്‍വഹിച്ചു. മട്ടന്നൂര്‍ സ്വദേശിയായ വാര്യരുടെ ഗുരു പ്രശസ്ത ചിത്രകാരന് സി.വി. ബാലന് നായരാണ്.
എണ്‍പതിന്റെ നിറഭിത്തിയില് കാഴ്ചപ്പൊരുളിന്റെ വര്‍ണരേണുക്കള്‍ പകരുകയാണ് വാര്യര്‍. ചിത്രമാധ്യമങ്ങളും നിറക്കൂട്ടുകളും കാലാനുസൃതമായി മാറിയെങ്കിലും ചുവര്‍ച്ചിത്രത്തിന്റെ ഇരുപതിനായിരം വര്‍ഷത്തെ നിറചരിത്രം മായുന്നില്ല. ദേവതകള്‍ നടനമാടുന്ന ആചാര്യന്റെ വിരലുകള്‍ എന്നും യോഗാത്മകതയുടെ ഹംസഗീതം പൊഴിക്കുന്നു.
ഡോ. കൂമുള്ളി ശിവരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: