പേരറിയാത്ത കുറേ മരുന്നുചെടികളുടെ സാമീപ്യമായിരുന്നു അത്. കുഴമ്പുകളുടേയും എണ്ണയുടേയും ഗന്ധവുമായി കലര്‍ന്ന ഒരു തരം സുഖം അനുഭവപ്പെടുന്നതായിരുന്നു ആ കൊച്ചുവൈദ്യരുടെ മരുന്നുകട. പണ്ട് കൂടെ പഠിച്ച സുരേന്ദ്രനായിരുന്നു ഇപ്പോഴത്തെ വൈദ്യന്. അവന് കൂടുതല്‍ പക്വതയോടെ അത് നടത്തികൊണ്ട് വരികയായിരുന്നു. ഈയിടയായി ഞാനും അവിടുത്തെ ഒരു നിത്യസന്ദര്ശനായിരിക്കുന്നു. അതിന്റെ പ്രധാന കാരണം സുരേന്ദ്രന്റെ മരുന്ന് കടയില്‍ വരുന്ന ആനന്ദേട്ടനായിരുന്നു എന്ന് തോന്നുന്നു. മധ്യവയസ്കനായ ആനന്ദേട്ടന് ഒറ്റ നോട്ടത്തില്‍ കര്ക്കശ്ശക്കാരനാണെന്നാണ് തോന്നുക. പക്ഷെ അടുത്തറിയുമ്പേഴേ ആനന്ദേട്ടന്റെ ജീവിത വീക്ഷണങ്ങളും അനുഭവങ്ങളും തമാശയോടെയുള്ള വിവരണങ്ങളും കേള്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ബഹുമാനം തോന്നിപ്പോകും. ഞാനും അങ്ങിനെ ഒരു ശ്രോതാവായി പോകുകയായിരുന്നു. മാസത്തില്‍ രണ്ട് മൂന്ന് കഥകളും, നാലഞ്ച് കവിതകളും പ്രസിദ്ധീകരിച്ച് വരികയും ചില ഉദ്ഘാടനങ്ങളും മാഗസിന് പ്രകാശനങ്ങളും കവിയരങ്ങുകളും എന്നെ തട്ടിമുട്ടി ജീവിച്ച് പോകാന്‍ പ്രാപ്തനാക്കുകയായിരുന്നു. ഇടയ്ക്ക് ഞാന്‍ പുസ്തക കച്ചവടക്കാരനായും, ലോട്ടറികച്ചവടക്കാരനായും പ്രത്യക്ഷപ്പെട്ടു. മൂന്ന് തമിഴന്മാരില് നിന്നും പലിശയ്ക്ക് പണം വാങ്ങുന്നുണ്ട്.(കുറച്ച് കാലംകൊണ്ട് ഞാനവരുടെ വിശ്വാസം പിടിച്ചെടുത്തിട്ടുണ്ട്.)
കഴുത്ത് വേദന എന്നാണ് തുടങ്ങിയതെന്നെനിക്കോര്‍മ്മയില്ല. കുറച്ച് അരിഷ്ടം കഴിച്ച് ശരീരത്തിന്റെ നീര്‍ക്കെട്ടുകള്‍ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഞാന്‍ അടുത്ത കാലത്ത് സുരേന്ദ്രന്റെ കടയില്‍ കയറുന്നത്. നല്ലൊരു വായനക്കാരനും, വയലിനിസ്റ്റുമായ വിനോദും മിക്കപ്പോഴും കടയിലുണ്ടാവും എന്നെനിക്ക് വൈകാതെ മനസ്സിലായി. സുമുഖനായ വിനോദ് തന്റെ വലിയ തറവാട്ടില്‍ ഏകനായി കഴിയുന്ന ഒരു യുവാവായിരുന്നു. അകലെവെച്ച് മാത്രം ലോഹ്യം പറഞ്ഞ് പിരിയുന്ന വിനോദും ഞാനും പെട്ടെന്നുതന്നെ സുഹൃത്തുക്കളായി മാറുകയായിരുന്നു. വൈകുന്നേരത്തെ നിരത്ത് കണ്ടിട്ട് നടക്കാന്‍ തോന്നുന്നുവെന്ന അവന്റെ കാല്പനികമായ അഭിപ്രായമായിരുന്നു എന്നെ അവനുമായി അടുപ്പിച്ചത് എന്ന് ഞാനിപ്പേള്‍ ഓര്‍ക്കുന്നു. ഭംഗിയുള്ള താടിയും, നീണ്ട മൂക്കുമുള്ള സുമുഖനായ ചെറുപ്പക്കാരന് നിഗൂഡമായ ഒരു പ്രണയമുണ്ടെന്ന കാര്യം അവന് എന്നോട് പറഞ്ഞു. പക്ഷെ അതൊരു ഗള്‍ഫുകാരന്റെ ഭാര്യയുമായിട്ടാണന്ന അറിവ് എന്നെ ഞെട്ടിക്കുകയും, സങ്കടപ്പെടുത്തുകയും ചെയ്തു. ആ നാളുകളിലെപ്പെഴോ ആണ് ആനന്ദേട്ടന് എന്ന സരസനായ മനുഷ്യന്റെ വാക്കുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്. തമിഴ്നാട്ടിലും, ആന്ധ്രയിലും, ഗുജറാത്തിലുമൊക്കെ അലഞ്ഞു തീര്‍ത്ത യൗവനകാലം ആനന്ദേട്ടന്റെ കഥകളില്‍ നിറഞ്ഞിരുന്നു. ജീവിതമെന്ന മഹായാത്രയില്‍ ഒറ്റയ്ക്ക് നിന്നുകണ്ട വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ആനന്ദേട്ടന് വിവരിക്കുമ്പോള്‍ ഞങ്ങള്‍ അത്ഭുതത്തോടെയും, കൗതുകത്തോടെയും കേള്‍ക്കും. പനിയും, തൊണ്ടവേദനയും സിരോഗണവുമൊക്കെയുള്ളവര് സുരേന്ദ്രനെ കാണാന്‍ വരുമ്പോള്‍ ആനന്ദേട്ടന് കഥ നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ അക്ഷമരാവും. വടക്കെ ഇന്ത്യയിലെ ഒരു പുഴക്കരയിലായിരിക്കും അപ്പോള്‍ ആനന്ദേട്ടന് ഞങ്ങളെ കൊണ്ടുചെന്ന് നിര്ത്തിയിരിക്കുക. നര്‍മ്മദ നദിയിലെ ക്ഷേത്രത്തിലെ വിളക്കുകള്‍ അപ്പോള്‍ എന്നില്‍ വേദനയുടെ ദീപനാളമായി പ്രകാശിക്കും. എട്ടുവര്‍ഷം പിന്നാലെ അലഞ്ഞ് ഒടുവില്‍ വനിതാ കമ്മീഷനില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ അപമാനിച്ചതിനുള്ള ശകാരവും പേറി തിരിച്ചുപോന്നതിനുശേഷം ആദ്യമായി വടക്കേ ഇന്ത്യയിലുള്ള ബന്ധുക്കള്‍ക്കടുത്തേക്ക്. ഒരു അഭയാര്‍ത്ഥിയെപോലെ നാടുവിട്ടകാലം എന്റെ ഓര്‍മ്മയിലെത്തും. ഇനി ഈ പെണ്ണിനെ ശല്യപ്പെടുത്തില്ലെന്ന് എഴുതി ഒപ്പിടുമ്പോള്‍ കണ്ണുനിറഞ്ഞത് താന്‍ ഒരു ഗതികെട്ടവനായിപോയല്ലോ എന്ന ചിന്തയാല്‍ മാത്രമല്ല. അവളുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ കൂടി ചേര്‍ത്ത് രൂപം കൊടുത്ത ഒപ്പായിരുന്നു അവിടെ കുറ്റസമ്മതത്തോടൊപ്പം താനിട്ടത് എന്നതിനാലായിരുന്നു. ദശമൂലാരിഷ്ടവും, അഭയാരിഷ്ടവുമൊക്കെ കൊടുത്ത് കാശ് വാങ്ങി രോഗികളെ സമാധാനിപ്പിച്ചയച്ച് സുരേന്ദ്രന് ആനന്ദേട്ടനെ നോക്കി തലയാട്ടും. ങ്ആ..പറയി… എന്നാണ് അതിന്റെ അര്‍ത്ഥം ഒരു ചിരിയോടെ അപ്പോള്‍ ആനന്ദേട്ടന് തുടരും. പേരറിയാത്ത മരുന്ന്കുപ്പികളുടെ അടുക്കുകെട്ടുകളില് നിന്നുയരുന്ന സുഖകരമായ ഗന്ധവും അവയ്ക്ക് ഇടയിലൂടെയുള്ള ഇടിയന് ബഞ്ചിലേക്കുള്ള വഴിയും അങ്ങിനെയായിരുന്നു എന്റെ സായാഹ്നങ്ങളെ സ്വന്തമാക്കിതുടങ്ങിയത്. വെയില് ആറിത്തുടങ്ങുമ്പോള്‍ മരുന്നുകടയ്ക്കു മുന്നിലെ തുണിമറ ഒരു മുളവടികൊണ്ട് സുരേന്ദ്രന് എടുത്ത് മാറ്റും. മുന്നിലെ നിരത്തുവക്കിലെ ഓട്ടോറിക്ഷകളില്‍ വൈകുന്നേരം വീട്ടിലേക്ക് കയറുന്നവര്‍ കയറിത്തുടങ്ങും. ഇടയ്ക്ക് വയറിളക്കാന്‍ മരുന്നിന് വരുന്ന പെണ്ണുങ്ങള് അടുത്തവീട്ടിലെ പെണ്ണുങ്ങളുടെ ആവശ്യത്തിനാണെന്ന് പറയും. കയ്പുള്ളതാണെന്ന് പറയുമ്പോള്‍ മുഖം ചുളിക്കുന്നതും പറഞ്ഞ് സുരേന്ദ്രന് ചിരിക്കും. വീട്ടിലെ സഹായത്തിന് ആരെയെങ്കിലും കിട്ടിയാല്‍ കൊള്ളാമായിരുന്നെന്ന് പറയുന്ന സുരേന്ദ്രന് മൗനിയായി. അവന്റെ അച്ഛന് അസുഖമായി കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായിരുന്നു. അച്ഛന് മലം വാരി ചുവരിലെറിഞ്ഞ കാര്യം പറഞ്ഞ് സുരേന്ദ്രന് ചിരിക്കും. ഭാര്യ ഒരിക്കല്‍ കടന്നല്കൂടാണെന്ന് പറഞ്ഞ് കാണിച്ച്കൊടുത്തത് മലമാണെന്ന് താന്‍ തിരിച്ചറിഞ്ഞ കാര്യം പറഞ്ഞ് അവന് ചിരിക്കും. ചിരിക്കുമ്പോള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്ങ്കളങ്കമായിരുന്നു സുരേന്ദ്രന്റെ മുഖം.
ആനന്ദേട്ടന് ആരാണ്? എവിടെ താമസിക്കുന്നു? എന്താണ് ജോലി? കുടുംബത്തില്‍ ആരെല്ലാമുണ്ട്? ഇതൊന്നും എനിക്കറിയില്ല. ധാരാളം അനുഭവ സമ്പത്തുള്ള ഒരാള്‍ തന്റെ ജീവിതത്തെക്കുറിച്ച് അധികമൊന്നും പറയാത്ത ഒരാള്‍. എന്നാല്‍ താന്‍ കണ്ടുമുട്ടിയവരുടെ ജീവിതത്തെക്കുറിച്ച് വാചാലനാവുന്ന ഒരാള്‍. ആനന്ദേട്ടന് കത്തിയാണെന്ന് ചിലര്‍ എന്നോട് പറഞ്ഞു. ആനന്ദേട്ടന് ഭയങ്കര രസികനാണെന്ന് മറ്റുചിലര്‍ പറഞ്ഞു. ആനന്ദേട്ടന്റെ സംസാരം അത്രയും ഇഷ്ടമായതിനാല്‍ വിനോദന്‍ തന്റെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് ആനന്ദേട്ടനെ ക്ഷണിച്ചു. ആനന്ദേട്ടന് ഒരു മാനസിക രോഗിയാണെന്ന് ആരും പറയരുതേ എന്നാണു എന്റെ പ്രാര്‍ത്ഥന. ആയതിനാല്‍ ഞാന്‍ ആനന്ദേട്ടനെക്കുറിച്ച് ആരോടും അഭിപ്രായം ചോദിക്കാറില്ല. ആനന്ദേട്ടനെക്കുറിച്ച് ആര് സംസാരിച്ച് തുടങ്ങിയാലും ഞാന്‍ അവിടെ നിന്ന് മാറിക്കളയും. ഇന്നലെ വൈകുന്നേരം താലൂക്കാശുപത്രിയില്‍ കിടക്കുന്ന അയല്‍ക്കാരനെ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ പഴയ ലെവല്‍ ക്രോസിന്റേയും പുതിയ മേല്‍പ്പാലത്തിന്റേയും ഇടയില്‍ ആനന്ദേട്ടന് എന്തോ ആലോചിച്ച് നില്‍ക്കുന്നത് ഞാന്‍ കണ്ടു. ആനന്ദേട്ടന്റെ ഉദ്ദേശ്യം എനിക്ക് മനസ്സിലായിരുന്നു! അതു തടയാനായി ആളിറങ്ങണമെന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് ബസിന്റെ വാതിലിനരികിലേക്ക് ഓടി.
സത്യചന്ദ്രന് പൊയില്‍ക്കാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: