നമ്മുടെ നാട് ഇപ്പോഴും പലതരത്തിലുള്ള സാഹിത്യ സാംസ്കാരിക സദസ്സുകളുടെയും സംഭവങ്ങളുടെയും സാക്ഷിയാകാറുണ്ട്. പക്ഷേ, പത്രങ്ങള്‍ അവയെപ്പറ്റി വ്യക്തമായ വിവരം നല്കാത്തതുകൊണ്ട് അവ നേരിട്ട് കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അപൂര്‍വം പേരുടെ മനസ്സുകളില്‍ മാത്രമായി ഒതുങ്ങിയും മറഞ്ഞും പോവുകയാണ് പതിവ്. രാഷ്ട്രീയം, മോഷണം, കൊലപാതകം, കച്ചവടം, സ്പോര്‍ട്സ് എന്നിങ്ങനെ പലതിനും അമിത പ്രാധാന്യം നല്കുന്ന പത്രത്തില്‍ ചരമ-വിവാഹ വാര്‍ത്തകള്‍ക്കുള്ള സ്ഥലം പോലും സാംസ്ക്കാരിക പരിപാടികള്‍ക്ക് ലഭിക്കുന്നില്ലെന്നത് ഖേദകരമാണ്. ‘ഇന്നത്തെ പരിപാടി’ ഒരു വരി ചിലപ്പോള്‍ കൊടുത്തേക്കുമെങ്കിലും നാളത്തെ പത്രത്തില്‍ അതേപ്പറ്റിയുള്ള വാര്‍ത്ത കാണുക പ്രയാസം. തന്മൂലം മനസ്സിനും ബുദ്ധിക്കും തെളിമയുളള, തെളിമ നല്കുന്ന ചിലരുടെ പ്രസംഗങ്ങളും അനുബന്ധ സംഭവങ്ങളും ജനം അറിയാതെ പോകുന്നു. മാത്രമല്ല, അവര്‍ ഇഷ്ടപ്പെടാത്ത അവ്യവസ്ഥിതവും അസുഖകരവുമായ അനേകം വാര്‍ത്തകള്‍ വായിക്കേണ്ടുന്ന ദുര്യോഗം ഏര്‍പ്പെടുന്നു.
ആമുഖമായി ഇത്രയും പറയേണ്ടി വന്നത്, വിഷു സംക്രമദിനത്തില്‍ 1991 ഏപ്രില്‍ 14 ന് നായത്തോട് ഗവ. ഹൈസ്ക്കൂളില്‍ സംഘടിപ്പിച്ച വി.ടി.സ്മാരക പ്രഭാഷണം കേള്‍ക്കാന്‍ കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്. മഹാകവി ജി. അനുസ്മരണ സമ്മേളനവും രാവിലെ ഒഎന്‍വിയുടെ അദ്ധ്യക്ഷതയില്‍ ഉണ്ടായിരുന്നു. പക്ഷേ, വലപ്പാട്ടു പോയി കുഞ്ഞുണ്ണി മാസ്റ്ററെ കാണാന്‍ നേരത്തെ പരിപാടിയിട്ടിരുന്നതിനാല് ആ സമ്മേളനം എനിക്ക് ഒഴിവാക്കേണ്ടി വന്നു.
കുഞ്ഞുണ്ണി മാസ്റ്റര്‍ക്കാകട്ടെ, വൈകിട്ടുള്ള വി.ടി.അനുസ്മരണ സമ്മേളനത്തിനാണ് ഞാന്‍ പോകുന്നതെന്ന് അറിഞ്ഞപ്പോള്‍ വളരെ സന്തോഷമായി. മാഷ് അറിഞ്ഞിരുന്നില്ല, സുകുമാര്‍ അഴീക്കോടിന്റെ പ്രഭാഷണമുണ്ടെന്നും ഡോ.യു.ആര്.അനന്തമൂര്‍ത്തി വരുന്നുണ്ടെന്നുമൊക്കെ. അനന്തമൂര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവേശിച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതും കൂടി അറിയിച്ചപ്പോള്‍ മാഷിന്റെ പെട്ടെന്നുള്ള പ്രതികരണം ഇങ്ങനെ:
”ന്നാലൊന്ന് ശുദ്ധം മാറ്ണേനു മുമ്പേ കണ്ടഌയാം! താനും കൂട്ടിനുണ്ടല്ലോ. പോരുമ്പോ അഴീക്കോടിന്റെ കാറില്‍ എനിക്ക് ഒരു സീറ്റ് തരപ്പെടുത്വേം ചെയ്യാം!”
പഴയകാലത്ത് ഉത്സവസ്ഥലത്തേക്ക് കൂത്തും കൂടിയാട്ടവും കഥകളിയുമൊക്കെ കാണാന്‍ പോകുന്ന കമ്പത്തോടെ ഉച്ചമയക്കവും ഉപേക്ഷിച്ചു തന്റെ വലിയ കുടയുമെടുത്തു കുഞ്ഞുണ്ണി മാസ്റ്റര്‍ പുറപ്പെട്ടു. പലബസ്സുകള് മാറിക്കേറി അങ്കമാലിയിലെത്തും മുമ്പു അതികഠിനമായ മഴ. സമയം നാലര കഴിഞ്ഞിരിക്കുന്നു. മടങ്ങിക്കളയാം എന്ന വിചാരത്തോടെ ഒരു ചായക്കടയില്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ മഴ അല്‍പ്പം ശമിച്ചിരുന്നു. അതിനാല്‍ ഒരു ഓട്ടോറിക്ഷാ പിടിച്ചു ഞങ്ങള്‍ മുന്നേറുക തന്നെ ചെയ്തു.
മഴ പെയ്തിട്ടും ചിതറിപ്പോകാതെ, അഞ്ഞൂറിലധികം വരുന്ന ജനക്കൂട്ടം സ്കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. യോഗം തുടങ്ങിയിരുന്നില്ല. രാവിലെ കഴിഞ്ഞതും ഉടനെ കാണാന്‍ പോകുന്നതുമായ ‘പൂര’ത്തെക്കുറിച്ച് ആളുകള്‍ ചെറുസംഘങ്ങളായി സംസാരിക്കുകയാണ്. കുറേപ്പേര് ക്ഷമയോടെ ശാന്തരായി ഇരിക്കുന്നുണ്ട്. ഇത്തരം സദസ്സുകളെയാണല്ലോ നമ്മുടെ പത്രക്കാര് അവഗണിക്കുന്നത് എന്ന ചിന്തയും രോഷവും ഒരിക്കല്‍ കൂടി മനസ്സിലുയര്‍ന്നു.
കുഞ്ഞുണ്ണി മാഷെ കണ്ടപ്പോള്‍ ഏവര്‍ക്കും ആഹ്ലാദവും അത്ഭുതവുമായി. ”ഇതിനുമുമ്പുള്ള രണ്ടു സമ്മേളനങ്ങളില്‍ വന്നിട്ടുണ്ട്. ശങ്കരനാരായണനെ കൂട്ടിന് കിട്ടിയതു ഭാഗ്യം. മൂന്ന് തികയ്ക്കാന്‍ സാധിച്ചല്ലോ.” മാഷ് പറഞ്ഞു.
കുഞ്ഞുണ്ണി മാസ്റ്ററുടെ സാന്നിദ്ധ്യം വി ടി സ്മാരക സമിതിയുടെ ഭാരവാഹികളായ ഡോ.എസ്.കെ.വസന്തനേയും എന്‍.കെ.ദേശത്തിനെയും കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ”വി ടി സ്മാരക അവാര്‍ഡിന് അര്‍ഹനായ ശത്രുഘ്നനെ അനുമോദിച്ചുള്ള ഒരു പ്രസംഗം വേണം.” അവര്‍ ആവശ്യപ്പെട്ടു.
”അതിനിപ്പം ന്താ വിഷമം?” മാഷ് ഉടനെ സമ്മതിച്ചു. എങ്കിലും ഡോ. അനന്തമൂര്‍ത്തിയെ കാണാനുള്ള യോഗം മാസ്റ്റര്‍ക്ക് (മറിച്ചുമാവാം) ഉണ്ടായില്ല. അദ്ദേഹം വന്നില്ല.
യോഗ നടപടികള്‍ പതുക്കെ ആരംഭിച്ചു. പിന്നെ ഡോ. സുകുമാര്‍ അഴീക്കോട് വി ടി സ്മാരക പ്രഭാഷണത്തിനായി മൈക്കിന് അരികിലേക്ക് നീങ്ങി. തുടര്‍ന്നുള്ള പ്രവാഹത്തെപ്പറ്റി പറയാനുണ്ടോ? അതിന്റെ സംഗ്രഹം ഏറെക്കുറെ ഇങ്ങനെയാണ്:
കുറുപ്പുമാസ്റ്ററുടെ ജന്മദേശമാണിത്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ശത്രുവാണെന്നാണ് പലരുടേയും വിചാരം. നിങ്ങള്‍ ഇപ്പോള്‍ വിചാരിക്കുന്നതും ഒരുപക്ഷേ, പഴയ ഒരു വിമര്‍ശനത്തിന്റെ പേരില്‍ ഞാന്‍ അദ്ദേഹത്തിന്റെ നാട്ടില്‍ വന്നു നാട്ടുകാരുടെ മുന്നില്‍ പശ്ചാത്താപം പ്രസംഗിക്കുമെന്നാവാം.
ഇല്ല ഞാനതു ചെയ്യുന്നില്ല. അതിന്റെ കാര്യമേയില്ല. പകരം നമ്മുടെ നിരൂപകന്മാര്ക്കുള്ള തെറ്റിദ്ധാരണ മാറ്റണമെന്നാണ് എനിക്കാഗ്രഹം. ശരിയായ നിരൂപണം എന്താണെന്ന് അവര്‍ക്കറിയില്ല. വ്യക്തിയെ അല്ല, കൃതികളെയാണ് ഞാന്‍ വിമര്‍ശിച്ചത്. കുറുപ്പു മാസ്റ്ററും ഞാനും തമ്മില്‍ ഒരു ശത്രുതയും ഉണ്ടായിരുന്നില്ല. ”ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു” എന്ന ഗ്രന്ഥം എഴുതുന്നതിനും മുമ്പുണ്ടായ ഉദാരമായ ആതിഥ്യം പിന്നീടും മാസ്റ്ററുടെ ഗൃഹത്തില്‍ എനിക്ക് ലഭിച്ചിരുന്നു എന്ന വസ്തുത പലര്‍ക്കും അറിയില്ല. ഇവിടെ വെച്ച് അത് നിങ്ങളെ അറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്.
മാസ്റ്റര്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ്, ഞാന്‍ അദ്ദേഹത്തെ ചെന്നു കണ്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ”ഓര്‍മ്മയുടെ ഓളങ്ങള്‍” രണ്ടാം പതിപ്പ് വന്ന സമയമാണ്. ”സുകുമാരന്‍ ഇതു വേണ്ടേ?” എന്ന ചോദ്യത്തോടെ, അദ്ദേഹം എന്നെ എന്നും സുകുമാരാ എന്നേ വിളിക്കൂ, ഒരു കോപ്പി സ്വന്തം കയ്യൊപ്പിട്ട് എനിക്ക് തരികയുണ്ടായി. അത് ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
ശത്രുഘ്നന്‍ ഒരു തൂലികാ നാമമാണെന്നും ശരിയായ പേര് അറിയില്ലെന്നും പറയില്ലെന്നുമൊക്കെ ആരോ നേരത്തെ പറയുകയുണ്ടായില്ലേ? സൃഷ്ടിക്ക് പിന്നില്‍ മറഞ്ഞിരിക്കാനാണ് ഓരോ എഴുത്തുകാരനും ആഗ്രഹം. പേരും അവന് സൃഷ്ടിച്ചെടുക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വന്തം പേരു തന്നെ മറന്നുപോകും! എന്റെ പേര് കെ.ടി.സുകുമാരന്‍ എന്നാണ്. പക്ഷേ ഇപ്പോള്‍, എടോ കെ.ടി.സുകുമാരാ എന്ന് ആരെങ്കിലും വഴിയില്‍നിന്ന് വിളിച്ചാല്‍ ഞാന്‍ പോലും കേട്ടില്ലെന്നുവരും; എന്നെയല്ലല്ലോ എന്ന ധാരണയോടെ നടന്നുപോകും! ഓരോ എഴുത്തുകാരനും ഇങ്ങനെയൊരു പൂര്‍വാശ്രമം കാണും. എന്റെ പൂര്‍വാശ്രമം-ഞാനതു പറയരുതായിരുന്നു!
ഏതായാലും പറഞ്ഞില്ലേ? അതിപ്പോള്‍ നന്നായി എന്നും തോന്നുന്നുണ്ട്. ഇന്നു നാം അനുസ്മരിക്കുന്ന, നമുക്ക് ”കണ്ണീരും കിനാവും” സമ്മാനിച്ച വിടിയുടെ കാര്യമെന്താണ്? അദ്ദേഹത്തിന്റെ പേര് ആര്‍ക്കാണറിയുക? അക്കാലത്തെ വലിയ വലിയ മനക്കാരുടെ മഹത്വം തന്റെ വെളളിത്തുരുത്തി താഴത്തിന് ഇല്ലല്ലോ എന്ന ഖേദം കൊണ്ടാണ് അദ്ദേഹം വി ടി എന്ന രണ്ടക്ഷരത്തിലേക്ക് പേര് ചുരുക്കിയെടുത്തത്. വെറും വീട്ടിയല്ല, കരി വീട്ടി എന്ന്, ആരോ അല്ല, അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
ആ വി ടിക്ക് അതുമല്ല അര്‍ത്ഥം. ഓരോ മനുഷ്യനും തന്റെ പിതൃക്കളോടുള്ള കടം വീട്ടേണ്ടതുണ്ട്. എല്ലാവരും അങ്ങനെ കടം വീട്ടാറില്ല; കൂട്ടാറേയുള്ളൂ! എന്നാല്‍ നമ്മുടെ വി ടി ശരിക്കും വിടി തന്നെയാണ്. തന്റേതു മാത്രമല്ല, ഒരു സമൂഹത്തിന്റെ, ഒരു നാടിന്റെ മുഴുവന്‍ കടം വീട്ടിയിട്ടാണ് അദ്ദേഹം പോയത്.
വീരവാദം മുഴക്കുന്ന പല ചെറുപ്പക്കാരെയും ഞാന്‍ കണ്ടിട്ടുണ്ട്. അതൊക്കെ ഒരു ആവേശത്തിന് പറയുന്നതാണ്. പിന്നീട് അവര്‍ വാക്കു തെറ്റിച്ച് സ്ത്രീധനം വാങ്ങും കൈക്കൂലി വാങ്ങും അഴിമതിക്കാരും ലഹരിക്കാരുമൊക്കെയാകും. പറഞ്ഞതിന് എതിരായി, മനഃസാക്ഷിക്കെതിരായി തിരിയുമ്പോള്‍ ഒരുവന് മരിക്കുന്നു. അങ്ങനെ ഒരിക്കലല്ല, പലവട്ടം മരിക്കുന്നവരുണ്ട്. എഴുന്നേറ്റ് നടക്കുന്ന ശവങ്ങളാണവര്!
ഉത്തരേന്ത്യയില്‍ കാണുന്നില്ലേ; ശവങ്ങള് പായുന്നത്? എന്തൊരു പാച്ചിലാണപ്പാ! പാര്‍ട്ടിയില്‍നിന്നും പാര്‍ട്ടിയിലേയ്ക്ക്! അല്ല, പെട്ടിയില്നിന്നും വേറൊരു പെട്ടിയിലേക്ക് ശവങ്ങളവിടെ പായുകയാണ്. പത്രങ്ങളില്‍ വലിയ വാര്‍ത്ത കാണും; അത്ഭുതം കൊണ്ടാണ്! പടങ്ങളും കാണും; ശവങ്ങള് പായുകയാണല്ലോ! ഇവരും നേരത്തെ പറഞ്ഞ ചെറുപ്പക്കാരുമെല്ലാം പലവട്ടം മരിക്കുന്നവരാണ്.
നിങ്ങളും സൂക്ഷിക്കണം. ശരിയായി മരിക്കണം. അന്തകന്‍ വന്നു മുട്ടിനോക്കും. അപ്പോള്‍ അദ്ദേഹം അത്ഭുതപ്പെടാന്‍ ഇടയാക്കരുത്. ഇത് നേരത്തെ പലവട്ടം മരിച്ച് അഴുകിയ ശവമാണല്ലോ എന്ന്! പിന്നെ ശിപായിയെ വിളിച്ചാവും ഉഗ്രമായ കല്‍പ്പന- ”കെട്ടിവലിച്ചു കൊണ്ടുപോടോ ഈ ശവത്തെ” എന്ന്!
വിടിയുടെ കാര്യം ഒന്നു വേറെയായിരുന്നു. മരിക്കാറായപ്പോള്‍ അന്തകന്‍ വന്നു നോക്കി. ഹാവൂ! ഇതാ ഒരു മനുഷ്യന്! ഉടനെ മേലധികാരത്തിലേക്ക് അറിയിക്കുകയായി. സാക്ഷാല്‍ പരമശിവനെ. സകലബഹുമതികളോടും കൂടി കൊണ്ടുപോവുകയാണ്. പിന്നെ, അമരനാക്കുകയുമാണ്. അതിനാല്‍ വി ടി മരിച്ചിട്ടില്ല; മരിക്കുകയുമില്ല.
ഇവിടെ ഇപ്പൊഴത്തെ അവസ്ഥയെന്താണ്? ഏതോ തൃശ്ശൂര്‍ക്കാരന്‍ പറഞ്ഞതുപോലെ, എല്ലാം അധപ്പതിച്ച് അധപ്പതിച്ച് നാശമായ ഇന്ത്യയല്ലേ മുന്നില്‍? ശവങ്ങള് പായുന്ന ഇന്ത്യ? ഉയിരുള്ളവര്‍ ഇവിടെ ഇനി ഉറങ്ങരുത്? വിടിയുടെ വീരസ്മരണ നമ്മെ ഉറങ്ങാന്‍ അനുവദിക്കരുത്.
നമുക്കിവിടെ നവജീവന്‍ നേടണം. ഗാന്ധിജിയും ടാഗോറുമൊക്കെ പറയുകയും പാടുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് അതിനുവേണ്ടിയാണ്. അതിനുവേണ്ടിത്തന്നെ ഈ വിഷുദിനത്തലേന്ന് നിങ്ങള്‍ക്കുള്ള എന്റെ ആശംസ മറ്റൊന്നും അല്ലാതായിരിക്കുന്നു. ഇനി മേല്‍ സുഖനിദ്രയില്ലാത്ത ജീവിതം. അതാണ് ഞാന്‍ നിങ്ങള്‍ക്കായി ആശംസിക്കുന്നത്!
കുഞ്ഞുണ്ണി മാസ്റ്ററുടെ ഊഴമായിരുന്നു അടുത്തത്. അദ്ദേഹത്തെ ഏല്‍പ്പിച്ച കര്‍മവും ആശംസിക്കലായിരുന്നല്ലോ. ശത്രുഘ്നന്‍ കൂടുതല്‍ ശത്രുക്കളാകട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ആശംസ! ശത്രുക്കളുണ്ടാകണം. അവരെ ജയിക്കണം. ഓരോ കഥയും ഓരോ ശത്രുവിനെ ജയിക്കുന്ന തരത്തില്‍ തനിക്കും വായനക്കാരനും അനുഭവപ്പെടുന്നിടത്താണ് കഥാകൃത്തിന്റെ ജയം. മനസ്സിലുമുണ്ടല്ലോ ഒരുപാട് ശത്രുക്കള്‍. ശത്രു ശക്തനായിരിക്കണം. കൊല്ലുമ്പോഴേക്കും ചാവുന്ന ഒരാളെയല്ല, വീണ്ടും വീണ്ടും തലമുളച്ചുവരുന്ന ദശാസ്യനെയാണല്ലോ രാമന് കൊന്നത്. അതാണ് മഹാവിജയം.
ഇനി നിങ്ങള്‍ക്കും തരാനുണ്ട് ഒരാശംസ. വിഷുക്കൈനീട്ടമാണെന്ന് വച്ചോളൂ. ഈ വരുന്ന തെരഞ്ഞെടുപ്പുണ്ടല്ലോ. അത് ഒരു തെരഞ്ഞെടുപ്പാകട്ടെ. തെരഞ്ഞെടുക്കലല്ല; ഉടയ്ക്കലാണ് വേണ്ടത്. അതിനുള്ള വോട്ട് നിങ്ങളുടെ കൈയിലുണ്ട്. അതുകൊണ്ടു എന്തു ചെയ്യണമെന്ന് കേട്ടോളൂ.
വോട്ടു ചോദിച്ചു നില്ക്കുന്നവനോട് ആദ്യം കുപ്പായമൂരാന്‍ പറയണം. പിന്നെ പിന്തിരിഞ്ഞു നില്ക്കാന് പറയുക. നട്ടെല്ലുണ്ടോ എന്നു നോക്കുക. നട്ടെല്ലുണ്ടെങ്കില്‍ എടുക്കുക, ഇല്ലെങ്കില്‍ ഉടയ്ക്കുക. അത്ര തന്നെ. വലിഞ്ഞുകേറി ഒരു കൊല്ലം സഭയില്‍ ഇരുന്നു പെന്ഷന് വാങ്ങാന്‍ വിടരുത്. അങ്ങനെയുള്ളവര്‍ അല്പ്പായുസ്സായിപ്പോകണേ എന്ന് മാസ്റ്റര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു!
താടിക്കാരനായ ശത്രുഘ്നന്‍ മറുപടി പ്രസംഗത്തിലും തന്റെ പൂര്‍വാശ്രമം വെളിപ്പെടുത്തിയില്ല. വളരെ കുറഞ്ഞ വാക്കുകളില്‍ തനിക്കുള്ള കൃതജ്ഞത ആദരപൂര്‍വം അറിയിക്കുക മാത്രം ചെയ്തു.
പി.ഐ.ശങ്കരനാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: