മലയാളത്തിലെ ഏറ്റവും അന്തസ്സുറ്റ വാരിക എന്ന സ്ഥാനം ആറേഴു പതിറ്റാണ്ടുകാലം മാതൃഭൂമിക്കുണ്ടായിരുന്നു. അതില്‍ തന്റെ ഒരു കൃതി പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കാത്ത എഴുത്തുകാരുണ്ടായിരുന്നില്ല. ചിന്തകര്‍, ബുദ്ധിജീവികള്‍, സാഹിത്യകാരന്മാര്, കവികള്‍, ഗ്രന്ഥനിരൂപകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ കായിക വിമര്‍ശകര്‍, ചലച്ചിത്ര നിരൂപകര്‍, ബാലപ്രതിഭകള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ വളര്‍ന്നുവന്നത് അതിന്റെ പുറങ്ങളിലൂടെയാണ്. ഒരു കാലഘട്ടത്തില്‍ സാഹിത്യപ്രസ്ഥാനങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ പോന്ന പ്രതിഭാശാലികള്‍ അതിനെ നയിച്ചുവന്നു. സി.എച്ച് കുഞ്ഞപ്പ, എന്‍.വി.കൃഷ്ണവാര്യര്‍, എം.ടി.വാസുദേവന്‍ നായര്‍, ഗോവിന്ദനുണ്ണി, എ.എസ്.നായര്‍, ദേവന്, നമ്പൂതിരി തുടങ്ങിയ എത്രയോ മഹാരഥന്മാര് അതിനെ നയിച്ചുവന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്ത ആ സ്ഥാപനത്തിലെ ഓരോ പ്രസിദ്ധീകരണവും ആവേശത്തോടെ ജനങ്ങള്‍ കാത്തിരുന്ന കാലമുണ്ടായിരുന്നു. ആഴ്ച്ചപതിപ്പിന്റെ ഒരുലക്കം കാണാന്‍ കഴിയാതിരുന്നാല്‍ അതു വന്‍വിടവാണ് മനസ്സില്‍ സൃഷ്ടിച്ചിരുന്നത്. ഞാന്‍ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കാന്‍ 1956 ല്‍ ഒരു മാസക്കാലം ചെലവിട്ട ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ശേഷം നാലുലക്കങ്ങള്‍ മിനക്കെട്ടിരുന്നു വായിച്ചതോര്‍ക്കുന്നു.
എന്നാല്‍ ഏതാണ്ട് ഒരു വ്യാഴവട്ടമായി ഓരോ ലക്കം ആഴ്ചപ്പതിപ്പും നല്‍കുന്നത് നിരാശമാത്രമാണ്. കപട മതേതരത്വത്തിന്റെയും ഇടതുപക്ഷ തീവ്രവാദത്തിന്റെയും ഇസ്ലാമിക ഭീകരവാദത്തിന്റെയും പച്ചയായ പ്രചാരണം മാത്രമാണ് ആഴ്ചപ്പതിപ്പില്‍ വായിക്കാന്‍ കഴിയുന്നത്. ഹിന്ദുധര്‍മ ശാസ്ത്രങ്ങളെ ജുഗുപ്സാവഹമായ ഭാഷയില്‍ അധിക്ഷേപിച്ച് ഒരു മദാമ്മയെഴുതിയ പുസ്തകത്തെ നിയമവിധേയമായ മാര്‍ഗത്തിലൂടെ ഭാരതത്തില്‍ തടഞ്ഞതിനെ വിമര്‍ശിച്ചുകൊണ്ട് പ്രസിദ്ധ എഴുത്തുകാരന് ആനന്ദ് എഴുതിയ സുദീര്‍ഘ ലേഖനത്തിന്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജി എഴുതിയ പ്രതികരണം പ്രസിദ്ധീകരിച്ച രീതി തന്നെ പത്രാധിപരുടെ പക്ഷപാതത്തിന് തെളിവായിരുന്നു.
ആവശ്യത്തിനും അനാവശ്യത്തിനും ഹിന്ദുപ്രസ്ഥാനങ്ങളെ അവഹേളിക്കുന്നത് വ്രതമാക്കിയ ലേഖകരും പത്രാധിപ സമിതിക്കാരുമാണുള്ളതെന്ന് സംശയിക്കുന്നു. അങ്ങെനത്തവരെ ചെല്ലും ചെലവും നല്കി പോറ്റുന്ന സ്ഥാപനമായിത്തീര്‍ന്നിരിക്കുന്നു. ഭാവാത്മക സ്വഭാവം പുലര്‍ത്തുന്നവരെ ഏതാണ്ട് തമസ്ക്കരിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതും നമുക്ക് കാണേണ്ടിവരുന്നു. അറുപത്തഞ്ചു വര്‍ഷമായി ആഴ്ചപ്പതിപ്പു മുടങ്ങാതെ വായിച്ചുവരുന്നതിന്റെ ഫലമായി വന്ന വികാരപ്രകടനമാണിത്.
ഏറ്റവും പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചപ്പോള്‍ ആ ചിന്ത ഒന്നുകൂടി ഉറച്ചു. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന്റെ ഫലമായി അവിടുത്തെ ജനങ്ങള്‍ക്കുണ്ടായ തീവ്രമായ യാതനകളുടെയും ദുരിതങ്ങളുടെയും കരളലയിക്കുന്നു ഒട്ടേറെ ചിത്രങ്ങള്‍ അതില്‍ കൊടുത്തിരിക്കുന്നു. അറബി ചാനലായ അല്‍ജസീറയുടെ സഹായത്തോടെയാണ് അവ സംഘടിപ്പിച്ചത്. ആ സ്ഥാപനത്തിന്റെ തന്നെ റിച്ചാര്‍ഡ് ഫാക്ക് എഴുതിയതും എം.സി.അബ്ദുല്‍ നാസര്‍ വിവര്‍ത്തനം ചെയ്തതുമായ ലേഖനവുമുണ്ട്. സാധാരണ ലക്കങ്ങളില്‍ ഒരുപക്ഷേ ആഴ്ച്ചപ്പതിപ്പിലെ ഏറ്റവും ചടുലഭാഗമായ വായനക്കാരുടെ കത്തുകള്‍ വേണ്ടെന്ന് വെച്ചിട്ടാണ് ആ ലേഖനം കൊടുത്തത്.
ഇസ്രയേല്‍ ഗാസാ മുനമ്പില്‍ ഭരണം നടത്തുന്ന ഹമാസിനെ തകര്‍ക്കാന്‍ നടത്തിയ ആക്രമണമാണ് ഈ ദുരിതത്തിനിടയാക്കിയതെന്ന് എല്ലാവര്‍ക്കുമറിയാം. പൊടുന്നനെ അങ്ങനെ പ്രകോപനമുണ്ടാകാന്‍ കാരണമെന്തെന്ന് മാത്രം പറഞ്ഞില്ല. ഇസ്രേലികളായ മൂന്ന് യുവാക്കളെ ഹമാസ് ഭീകരന്മാര് തട്ടിക്കൊണ്ടുപോയി ചിത്രവധം ചെയ്ത സംഭവമാണ് തിരിച്ചടിക്കിടയാക്കിയത്. ഹമാസുകാരുടെ ഒളിത്താവളങ്ങളില്‍ റോക്കറ്റാക്രമണമാണ് ഇസ്രയേല്‍ ആദ്യം നടത്തിയത്. ഘാതകരെ വിട്ടുകിട്ടുകയും മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏല്‍പ്പിക്കുകയുമായിരുന്നു ഇസ്രയേലിന്റെ ആവശ്യം. ശിക്ഷാ നടപടികള്‍ ആരംഭിക്കുന്ന സമയത്തുതന്നെ, ഭദ്രമായ അതിര്‍ത്തിയും സ്വന്തം പൗരന്മാരുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ തങ്ങള്‍ക്കു മറ്റ് മാര്‍ഗങ്ങളില്ലെന്ന് പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു പ്രസ്താവിച്ചിരുന്നു. ഈജിപ്തും ഐക്യരാഷ്ട്രസഭയും മധ്യസ്ഥത പറയാന്‍ തയ്യാറായതിനാല്‍ ഇസ്രയേല്‍ അഞ്ചു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മധ്യസ്ഥ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരും റാമല്ലാ ആസ്ഥാനമായ പിഎല്‍ഒ ഭരണവും സന്നദ്ധമായി. എന്നാല്‍ ഹമാസ് നിര്‍ദ്ദേശം സ്വീകരിച്ചില്ല. അവര്‍ വെടിവെപ്പും റോക്കറ്റ് പ്രയോഗവും തുടര്‍ന്നപ്പോള്‍ ഇസ്രയേല്‍ സൈന്യം കരവഴി ആക്രമണം നടത്തി. ഇതെഴുതുന്ന സമയത്ത് 657 പേര്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അവരില്‍ 30 ഇസ്രയേല്കാരുമുണ്ട്. ഗാസയിലെ യുദ്ധത്തിന്റെ ഫലമായി ഭാരതീയരായ ആര്‍ക്കും കെടുതികളുണ്ടായിട്ടില്ല. നാടന്‍ ഭാഷയില്‍ ഹമാസുകാര്‍ വടികൊടുത്ത് അടി വാങ്ങുകയായിരുന്നു. ജീവിക്കുക അല്ലെങ്കില്‍ സര്‍വനാശം വരിക്കുക എന്നതു മാത്രം പോംവഴിയായുള്ള ഇസ്രയേല്‍കാര്‍ ജീവിക്കാന്‍ തീരുമാനിച്ചത് സഹിക്കാന്‍ കഴിയാത്ത മനഃസ്ഥിതിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നടത്തിപ്പുകാര്‍ക്ക് എന്നും തോന്നുന്നു. അതിന്റെ പേരില്‍ മലയാളികളായ മുസ്ലിം വിഭാഗത്തിന്റെ വികാരങ്ങളെ ആളിക്കത്തിച്ച് സ്ഫോടകാവസ്ഥയില്‍ നിര്‍ത്തുക എന്ന സ്ഥാപിത താല്‍പ്പര്യവും ഉണ്ടാവും. ആഴ്ചപ്പതിപ്പിന്റെ ഒരു വ്യാഴവട്ടക്കാലത്തെ സമീപനം മറ്റൊരു ചിന്തയെയും സാധൂകരിക്കുന്നില്ല.
ഇസ്രയേല്‍, ഗാസാ, പാലസ്തീന് എന്നീ പ്രദേശങ്ങളില്‍ പഴയ നിയമത്തിന്റെ കാലം മുതല്‍ ശത്രുതയില്‍ കഴിയുന്ന യഹൂദരും ഫിലിസ്തായരുമാണുള്ളത്. എന്നാല്‍ മറ്റൊരു ഭാഗത്ത് ഗാസയില്‍ നടക്കുന്നതിനെക്കാള്‍ ക്രൂരവും രാക്ഷസീയവുമായ അക്രമം നടക്കുകയാണ്. ഇറാക്കില്‍ നിന്നുള്ള വാര്‍ത്തകള്‍ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ പിന്തള്ളപ്പെട്ടു പോയി. അവിടുത്തെ ഷിയാ, സുന്നി വിഭാഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷം. അതിനിടയില്‍ 20000 ലേറെ ഭാരതീയര്‍ കുടുങ്ങിക്കിടക്കുന്നു. സുന്നി വിഭാഗക്കാരായിരുന്ന സദാം ഹുസൈന്റെ 30 വര്‍ഷത്തെ വാഴ്ചക്കാലത്ത് നടന്ന ഷിയാ സംഹാരത്തില്‍ പത്ത് ലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടു. സദ്ദാം ഹുസൈന് നടത്തിയ ഇറാന് ആക്രമണത്തിലും 15 ലക്ഷം പേര് കൊല്ലപ്പെട്ടത് അവര്‍ ഷിയാകളായിരുന്നതുകൊണ്ടുമാത്രം. അക്കാലത്ത് അമ്പേ കുറ്റകരമായ നിഷ്പക്ഷത സ്വീകരിച്ച് കേരളത്തിലെ ബുദ്ധിജീവികളും മതേതരക്കാരും ഇടതുപക്ഷവും സദ്ദാം ഹുസൈന്റെ ആരാധകരായി. ബഹുഭൂരിപക്ഷം വരുന്ന കേരള മുസ്ലിങ്ങളും അങ്ങനെ തന്നെ. അക്കാലത്ത് സദ്ദാം ഹുസൈന് എന്ന പേരു മക്കള്‍ക്കിടുന്നത് അന്തസ്സായി കരുതപ്പെട്ടു. പെരുമ്പാവൂരില്‍ അദ്ദേഹത്തിന്റെ പേരില്‍ റോഡു തന്നെയുണ്ട്.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്ക അവരുടെ സര്‍വസംഹാര ശക്തിയുമുപയോഗിച്ച് സദ്ദാം ഹുസൈനെയും സുന്നി സൈന്യത്തെയും തകര്‍ത്തു തരിപ്പണമാക്കി. ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുളള ഭരണം സ്ഥാപിച്ചു. ഇന്നും അമേരിക്കയുടെ സൈന്യം അവിടം വിട്ടിട്ടില്ല. സുന്നികളാകട്ടെ ഭീകരഗ്രൂപ്പുകള്‍ സംഘടിപ്പിച്ച് ബാഗ്ദാദിലും മറ്റുപ്രധാന നഗരങ്ങളിലും ആക്രമണം നടത്തുന്നു. യുദ്ധത്തില്‍ മരിച്ചതിനെക്കാള് ആളുകള്‍ ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കണം.
സദ്ദാം ഹുസൈന്റെ പ്രേതം ഉയര്‍ത്തെഴുന്നേറ്റതുപോലെ ഇറാക്കിലെ സുന്നികള്‍ അല്‍ഖ്വയ്ദയുടെ രൂപത്തില്‍ പ്രത്യാക്രമണം ആരംഭിച്ചു. ഖുര്‍ദ് പ്രദേശത്തുനിന്നും പുറപ്പെട്ട അവര്‍ ഇറാക്കിലെ രണ്ടാമത്തെ നഗരമായ മൊസൂള്‍ പിടിച്ചടക്കി. ബാഗ്ദാദിലേക്ക് പ്രയാണമാരംഭിച്ചു. അതിവേഗത്തില്‍ മുന്നേറിയ അവര്‍ ബാഗ്ദാദിനടുത്തെത്താറായി. അമേരിക്ക ബാഗ്ദാദിലെ ഷിയാ ഭരണത്തിന് സഹായവാഗ്ദാനം ചെയ്തുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയ (ഐഎസ്ഐഎസ്) എന്ന പ്രസ്ഥാനം രൂപീകരിക്കുകയും അതിന്റെ തലവനായ അബൂബക്കര്‍ അല്‍ബാഗ്ദാദി സ്വയം ഖാലിഫ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. ബാഗ്ദാദായിരുന്നല്ലൊ തുര്‍ക്കി സാമ്രാജ്യം സ്ഥാപിതമാകുന്നതിന് മുമ്പ് ഖലീഫമാരുടെ ആസ്ഥാനം.
അല്‍ഖ്വയ്ദയുടെ ബാഗ്ദാദിലേക്കുള്ള പ്രയാണം വഴിയിലുള്ള സകലതും തകര്‍ത്തുകൊണ്ടായിരുന്നു. അവര്‍ പിടികൂടിയ ഷിയാ വിഭാഗക്കാരെയും സൈന്യങ്ങളെയും വെടിവെച്ചു കൊന്നുകൊണ്ടാണ് മുന്നേറ്റം. 1300 ലേറെ ഇറാക്കി ഭടന്മാരെ നിരത്തിനിര്‍ത്തി വെടിവെച്ചു കൊല്ലുന്ന രംഗങ്ങള്‍ ടിവി ചാനലുകള്‍ കാട്ടിയിരുന്നു.
ഇരുവിഭാഗം മുസ്ലിങ്ങള്‍ ഏറ്റുമുട്ടുന്നതിനിടയില്‍ പെട്ട് നട്ടംതിരിയുന്ന 2000 ലേറെ ഭാരതീയരുണ്ട്. മൊസൂള്‍ കിര്‍ക്കുക്, തികൃത,് സലാഹുദ്ദീന്, ഓജ മുതലായ സ്ഥലങ്ങളിലെ ആക്രമണ കൂട്ടക്കൊലയ്ക്കും സര്‍വനാശത്തിനും കാരണമായി. അവിടെ ജോലി ചെയ്തിരുന്ന നഴ്സുമാര്‍ ഭാരതസര്‍ക്കാരിന്റെ വിദഗ്ദ്ധമായ നയതന്ത്ര ശ്രമങ്ങള്‍കൊണ്ട് അപകടമില്ലാതെ തിരിച്ചെത്തിത്തുടങ്ങി.
ഇറാക്കിലെ ഏറ്റുമുട്ടലും കൂട്ടക്കൊലകളും മുസ്ലിം വിഭാഗങ്ങള്‍ തമ്മിലായതുകൊണ്ടുമാത്രമാവണം, അവിടുത്തെ ജനങ്ങള്ക്കനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങള്‍ ഗാസയിലെക്കാളും ഒട്ടും കുറവല്ലാതിരുന്നിട്ടും മാതൃഭൂമിക്ക് കാണാന്‍ കഴിയാതെ പോയത്. അവിടെനിന്നും പ്രാണനും കൊണ്ടുതിരിച്ചെത്തിയ നഴ്സുമാരും മറ്റു ജോലിക്കാരുമായി ഒന്നു സംസാരിച്ച് അതുകൂടി ആഴ്ചപ്പതിപ്പില്‍ കൊടുത്തിരുന്നെങ്കില്‍ ഗാസയ്ക്കുവേണ്ടി നടത്തിയ രോദനങ്ങള്‍ മനുഷ്യസ്നേഹ പ്രേരിതമാണെന്ന് വിചാരിക്കാമായിരുന്നു. കപടമതേതരത്വത്തിന്റെയും മുസ്ലിം പ്രീണനത്തിന്റെയും ഇതിലും വലിയ ഉദാഹരണം കാണാനില്ല. ”ജീവിച്ചിരിക്കുന്നവര്‍ കാണുക ഇസ്രയേല്‍ കൊന്നുകളഞ്ഞ മുഖങ്ങള്‍” എന്നു വിലപിക്കുന്നവര്‍, ഇറാക്കില്‍ അല്‍ഖ്വയ്ദയും ഐഎസ്ഐഎസ് ഭടന്മാരും ചേര്ന്നുകൊന്നുകളഞ്ഞവരുടെയും ആട്ടിയോടിച്ചവരുടെയും മുഖങ്ങള്‍ കൂടി കാണിക്കുമോ?
പി നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: