തൃശ്ശിവപേരൂരിന്റെ തിരക്കേറിയതും ഇടുങ്ങിയതുമായ വഴികളിലൂടെ നാട്ടിന്‍പുറത്തെ ചെങ്കല്പ്പാതയിലൂടെയെന്നപോലെ, കാല്‍നടയായി സഞ്ചരിച്ച് ഗ്രാമീണ ജീവിതത്തിന്റെ നന്മയും വിശുദ്ധിയും പ്രകാശിപ്പിച്ചുകൊണ്ട് സപ്തതിയുടെ നിറവില്‍ എത്തിനില്‍ക്കുകയാണ് പി.സുരേഷ് കുമാര്‍ എന്ന പള്ളത്തു ബാബുമേനോന്.
സ്വന്തം ചെലവില്‍ ഫഌക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി പ്രമാണിത്തവും സാംസ്കാരിക നായകത്വവും വെട്ടിപ്പിടിച്ചെടുക്കുന്നവര്ക്കിടയില് വഴിമാറി നടക്കുകയാണ് ബാബു മേനോന്. സാമൂഹ്യ സേവനത്തിന്റെ വേറിട്ട വഴികളിലൂടെ ഒറ്റയാനായി, നിശ്ശബ്ദനായി, എന്നാല്‍ സക്രിയനായി സഞ്ചരിക്കാനാണ് മേനോന് താല്‍പ്പര്യം. ആധുനികകാലത്തും അണയാത്ത സംസ്കാരത്തിന്റെ അടയാളങ്ങള്‍. അറിയപ്പെടാതെ പോകുന്ന ഈ വ്യക്തിത്വങ്ങള്‍ തങ്ങളുടെ ജീവിതംകൊണ്ട് കാലത്തിനും സമൂഹത്തിനും സന്ദേശം പകരുന്നു. ജീവിതം ആഡംബര വാഹനത്തില്‍ ഓടിച്ചുതീര്ക്കാനുള്ളതല്ലെന്നും രണ്ടുകാലില്‍ നടന്നനുഭവിച്ചു പൂര്‍ത്തീകരിക്കാനുള്ളതാണെന്നും കരുതുന്ന ബാബു മേനോന്, നഗരത്തിരക്കുകളിലൂടെ ഒരു സഞ്ചിയും തൂക്കി തന്റെ വ്യാപാരസ്ഥാപനത്തിലേക്കും ഇതര കര്മരംഗങ്ങളിലേക്കും നടന്നുപോകുന്നതു കാണാം. നഗരത്തിരക്കുകള്‍ക്കിടയിലും എങ്ങനെ ഒരു നാട്ടിന്‍പുറത്തുകാരനായി ജീവിക്കാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് ബാബു മേനോന്റെ ജീവിതം. ആരാണീ ബാബു മേനോന്.
നൂറ്റമ്പതിന്റെ പുതുക്കം
മാനം മുട്ടി മാളുകള്‍ വളരുമ്പോള്‍ ചെറു പീടികകള്‍ ഇല്ലാതാകും. അങ്ങനെ കുത്തകകള്‍ രാജ്യം വാഴും. ചെറുകടകള്‍ക്കും ചെറുകിട ജീവിതങ്ങള്‍ക്കും സമാധിയാകും. വലുത് ചെറുതിനെ വിഴുങ്ങും. തൃശ്ശൂര്‍ റൗണ്ടില്‍ എത്രതവണ മുഴങ്ങിയിട്ടുണ്ടായിരിക്കും ഈ അര്‍ത്ഥത്തിലുള്ള ആക്രോശങ്ങള്‍. പക്ഷേ…
തൃശ്ശിവപേരൂരിന്റെ വാണിജ്യ-വ്യാപാര ചരിത്രത്തില്‍ 150 -ല്‍ ഏറെ വര്‍ഷങ്ങളുടെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാവുന്നതാണ് എം.ആര്. മേനോന് ആന്റ് സണ്‍സ് ജനറല്‍ മര്‍ച്ചന്റ്സ് എന്ന കട. തൃശ്ശൂര്‍ റൗണ്ട് വെസ്റ്റിലെ അതിന്റെ ഇന്നത്തെ നടത്തിപ്പുകാരനാണ് ബാബുമേനോന്. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും വിപണി വാഴുമ്പോള്‍ പഴക്കം ചെന്ന ഒരു പലചരക്കു വ്യാപാര സ്ഥാപനത്തിന്റെ പ്രസക്തി എന്തെന്ന ‘ന്യൂ ജനറേഷന്’ സംശയം സ്വാഭാവികം. കച്ചവടത്തിന്റെ മത്സരലോകം , മാസ്മരലോകം നമ്മെ വിഭ്രമിപ്പിക്കുന്ന ഇക്കാലത്താണ് ഒരു നാട്ടുപീടികയുടെ ലാളിത്യവും ഒതുക്കവും വൈകാരികതയും മുഖമുദ്രയാക്കി എം.ആര്. മേനോന് & സണ്‍സ് എന്ന സാധാരണ പീടിക നഗര മദ്ധ്യത്തില്‍ നിലകൊള്ളുന്നത്. ആധുനിക രീതിയിലുള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കിടയില്‍ പഴമയുടെ നന്മയും ഗന്ധവും ഈ പീടികയില്‍ വേറിട്ടനുഭവിച്ചറിയാം.
ഒന്നരനൂറ്റാണ്ടിലേറെ ഒരു നാടന്‍ പലചരക്കുകട ഒരേ സ്ഥലത്ത് ഒരേ രീതിയില്‍ നടത്തിക്കൊണ്ടുപോകുന്നതിന്റെ ചരിത്രവും പാരമ്പര്യവും കേരളത്തില്‍ അധികം പേര്‍ക്ക് അവകാശപ്പെടാനാവില്ല. പരിഷ്കൃതികളുടെ അധിനിവേശത്തില്‍ തകര്‍ന്നടിയുകയോ കാലത്തിന്റെ മിനുക്ക് പണികള്‍ ചെയ്ത് കോലം മാറിപ്പോവുകയോ ചെയ്ത ചരിത്രമാവും പലതിനും. ഇവിടെയാണ് പള്ളത്തു ബാബുമേനോന്റെ ‘മുത്തച്ഛന് പീടിക’ നിത്യയുവത്വത്തിന്റെ ചൈതന്യമായി വേറിട്ടുനില്‍ക്കുന്നത്.
150 വര്‍ഷം മുമ്പ് അച്ഛച്ഛന് കാരിക്കത്ത് രാമന് മേനോന് ആരംഭിച്ച പലചരക്കു വ്യാപാരം 50 വര്‍ഷത്തോളം അദ്ദേഹം തന്നെ നോക്കി നടത്തി. തുടര്‍ന്ന് അരനൂറ്റാണ്ടുകാലം അച്ഛന് മൂത്തേടത്ത് രാഘവമേനോന്റെ മേല്‍നോട്ടത്തില്‍. ഇപ്പോള്‍ 50 വര്‍ഷമായി എന്റെ ചുമതലയില്‍- പള്ളത്തു ബാബുമേനോന് ചരിത്രത്തിന്റെ കെട്ടഴിക്കുന്നു. 1881 ലാണ് കടയ്ക്ക് സെയില്‍സ് ടാക്സ് രജിസ്ട്രേഷന് എടുക്കുന്നത്. മൂത്തേടത്തു രാഘവമേനോനാണ് കടയ്ക്ക് എം.ആര്.മേനോന് & സണ്‍സ് എന്ന പേരു നല്കിയതും ബോര്‍ഡ് തൂക്കിയതും.
കാരിക്കത്ത് കുടുംബത്തിന് കച്ചവട താല്‍പ്പര്യം ഒന്നും ഇല്ലായിരുന്നെങ്കിലും നാട്ടു സേവനമനസ്ഥിതിയാലാണ് കട ആരംഭിച്ചത്. ഗുണനിലവാരമുള്ള സാധനങ്ങള്‍ കൊച്ചിയില്‍നിന്നും വഞ്ചികളില്‍ കൊണ്ടുവന്ന് കാളവണ്ടികളിലും തലച്ചുമടിലും കടയില്‍ എത്തിച്ചു ചില്ലറ വ്യാപാരം നടത്തിയതാണ് തുടക്കം. പിന്നീട് വാടാനപ്പള്ളി, കണ്ടശാംകടവ്, വടക്കാഞ്ചേരി, മച്ചാട് തുടങ്ങി തൃശ്ശിവപേരൂരിലെ ഉള്‍ഗ്രാമങ്ങളിലേക്ക് കാലിത്തീറ്റയും പലവ്യഞ്ജനങ്ങളും എത്തിച്ചു തുടങ്ങി. മൂത്തേടത്തു രാഘവമേനോന്‍ കടയുടെ ചുമതല ഏറ്റെടുക്കുന്നതോടെ കച്ചവടം കൂടുതല്‍ വ്യവസ്ഥാപിതവും കാര്യക്ഷമവുമായി മാറി. കണക്കെഴുത്തും ഓഡിറ്റിംഗും കൊണ്ട് ദൈനംദിന വ്യാപാരം ചിട്ടപ്പെടുത്തിയെടുത്തു. തൃശ്ശൂരിലെ നാട്ടിന്‍പുറങ്ങളിലുള്ള ചെറുകടകളിലേക്കും പ്രമാണിമാരുടെ വീടുകളിലേക്കും ഒരുമിച്ചു കാളവണ്ടിയില്‍ സാധനം എത്തിക്കുന്ന രീതി ആരംഭിച്ചു. കടയില്‍ നേരിട്ടുവന്നു സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും സ്ഥിരം ഉപഭോക്താക്കള്‍ക്കും പലവ്യഞ്ജനങ്ങള്‍ തൂക്കി പായ്ക്ക് ചെയ്തു നല്‍കുന്നതിനും ആവശ്യമെങ്കില്‍ വീട്ടില്‍ എത്തിക്കുന്നതിനുമായി ആറു ജോലിക്കാരും കടയില്‍ തന്നെ ഉണ്ടായിരുന്നു. രാവിലെ തൃശ്ശൂര്‍ വടക്കേച്ചിറയില്‍ മുങ്ങിക്കുളിച്ച് വടക്കുംനാഥ ദര്‍ശനവും കഴിഞ്ഞ് ഏഴുമണിക്ക് തന്നെ കട തുറക്കുന്ന പതിവായിരുന്നു അച്ഛനെന്നും, ആ പതിവ് താനും ആദ്യകാലങ്ങളില്‍ തുടര്‍ന്നിരുന്നെന്നും മേനോന് ഓര്‍ക്കുന്നു. പില്ക്കാലത്ത് നഗരവികസനവും തിരക്കും അതിനൊക്കെ തടസമായി. എന്നാല്‍ ഇന്നും വടക്കുംനാഥദര്ശനം കഴിഞ്ഞ് വലംപാടു തിരിഞ്ഞ് കടയില്‍ എത്തുന്ന പതിവ് തുടരുന്നു.
കച്ചവടത്തിന്റെ
നേര്‍വഴി
കച്ചവടത്തിന്റെ ചിഹ്നം ത്രാസാണ്. തുലാസ്. ഇരുപുറവും ഒരുപോലെ കനം തൂങ്ങുമ്പോള് കിറുകൃത്യമായി നടുവിലെ സൂചി സത്യത്തില്‍നിന്നു വ്യതിചലിക്കാതെ വിറയ്ക്കണം. ഒരു നെല്ലിട എങ്ങോട്ടു ചെരിഞ്ഞായും അതു കള്ളക്കച്ചവടമാകും. വിഷമം പിടിച്ച പണിയാണത്. പക്ഷേ, സത്യത്തിന്റെ വില ഒരു തുലാസിലും തൂക്കിനോക്കാനാവില്ലല്ലോ…
കച്ചകെട്ടിയുള്ള കപടമല്ല കച്ചവടമെന്നും സത്യസന്ധതയും ആത്മാര്‍ത്ഥയും സൗഹാര്‍ദ്ദവും ചേര്‍ന്ന സേവനമാണ് അതെന്നും കരുതാനാണ് ബാബുമേനോന് താല്‍പ്പര്യം. ഉപഭോക്താക്കളുടെ രുചിഭേദങ്ങള്‍ കണ്ടറിഞ്ഞ് നൈസര്‍ഗികമായ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയില് വിട്ടുവീഴ്ച വരുത്താതെ ലഭ്യമാക്കുകയാണ് ഈ സേവനത്തിലൂടെ. മുളക്, മല്ലി, സാമ്പാര്‍ പൊടിത്തരങ്ങള്‍ നേരിട്ടു പൊടിച്ചും അരിയിനങ്ങള്‍ നേരിട്ടു നെല്ലുകുത്തിച്ചും ഗുണമേന്മ ഉറപ്പുവരുത്തിയ ശേഷമാണ് മുമ്പ് വിപണനം ചെയ്തിരുന്നത്. ഇപ്പോള്‍ ബ്രാന്റഡ് കമ്പനികളില്‍ നിന്നും സാധനം എടുക്കുമ്പോഴും ഗുണമേന്മയില് ബോധ്യം വന്നവയേ മേനോന് വില്‍ക്കൂ. കമ്മീഷന്കിട്ടുമെങ്കില് എന്തും വിറ്റുകൊടുക്കുവാനിരിക്കുന്ന ഒരു മുതലാളിയല്ല താനെന്നും ആവശ്യക്കാര്‍ക്ക് നല്ല സാധനങ്ങള്‍ മാത്രം നല്കുന്ന ഒരു കാരണവര്‍ സ്ഥാനമാണ് പലചരക്കു വ്യാപാരത്തില്‍ താനാഗ്രഹിക്കുന്നതെന്നും ബാബുമേനോന് നിലപാടു പറയുന്നു.
സംസ്കാര വിനിമയം
വിനിമയമാണ് സംസ്കാരത്തിന്റെ അടിത്തറ, കൊടുക്കല്‍ വാങ്ങല്‍. അതുമൊരു കലയാണ്, കച്ചവടം പോലെ. ഇരുപക്ഷത്തിനും ലാഭമുണ്ടാകുമ്പോഴേ അതു വിജയംകൊള്ളൂ. വ്യക്തി സമൂഹത്തെ സ്വാധീനിച്ച് ആ സമൂഹം സംസ്കാര സമ്പന്നമാകുന്നിടത്താണ് അതു വിജയമാകുന്നത്.
ഭാരതീയ ആദ്ധ്യാത്മിക ചൈതന്യത്തിന്റെയും സംസ്കാരത്തിന്റെയും ഉടല്രൂപമെന്ന് വിശേഷിപ്പിക്കാവുന്ന സ്വാമി വിവേകാനന്ദന് തൃശ്ശൂരില്‍ എത്തിയ വേളയില്‍ സ്വരാജ് റൗണ്ടിലുള്ള എം.ആര്. മേനോന് കടയില്‍ നിന്നും വെള്ളം കുടിച്ചു വിശ്രമിച്ചത് ധന്യ ചരിത്രമായി മേനോന് പറയുന്നു. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകയായിരുന്നല്ലോ സ്വാമികള്‍.
തൃശ്ശിവപേരൂരിന്റെ സാംസ്കാരിക മണ്ഡലങ്ങളിലും പള്ളത്തു ബാബുമേനോന്റെ നിശ്ശബ്ദ സാന്നിദ്ധ്യം തിരിച്ചറിയേണ്ടതാണ്. തൃശൂരിനെ ലോകപ്രശസ്തമാകുന്ന പൂരത്തിന്റെ നടത്തിപ്പില്‍ 16 വര്‍ഷം ബാബുമേനോന് അമരക്കാരനായിരുന്നു. 2003 ല്‍ പൂരം എക്സിബിഷന് കമ്മറ്റിയുടെ സെക്രട്ടറിയായി മേനോന് ചുമതല വഹിച്ചിരുന്ന കാലത്താണ് പൂരപ്രദര്‍ശനം ഏറ്റവും ലാഭകരമായി സംഘടിപ്പിക്കപ്പെട്ടത്. തിരുവമ്പാടി ദേവസ്വത്തിന്റെ സംഘത്തിലാണ് മേനോന്.
മേനോന് ഒരു കഥകളിക്കമ്പക്കാരനാണ്. തൃശൂര്‍ കഥകളി ക്ലബില്‍ ആജീവനാംഗമാണ്.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ തൃശൂര്‍ ചിറയ്ക്കല്‍ ദേശം കരയോഗത്തിന്റെ ജോയിന്റ് സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതുവഴി സമുദായ സേവനവും ബാബുമേനോന്റെ കര്മ്മവീഥിയായി. നായര്‍ സമുദായം അനുഷ്ഠിച്ചുപോരുന്ന ഒട്ടെല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും വിജ്ഞാനകോശമാണ് മേനോന് എന്നു പറയാം.
വിവാഹ ചടങ്ങുകള്‍ക്ക് ആചാര്യസ്ഥാനത്ത് ഇദ്ദേഹം ഉണ്ടാകും. അഞ്ഞൂറില്‍പ്പരം ദാമ്പത്യങ്ങള്‍ കൂട്ടിയിണക്കാന്‍ ഈ നാട്ടുകാരണവര്ക്ക് ഭാഗ്യമുണ്ടായി. ഈ ദമ്പതിമാരുടെ മക്കളായി 125 ല്‍ അധികം പേരുടെയും അവരുടെ മകളായി 15 പേരുടെയും വിവാഹം നടത്തിപ്പിലൂടെ മൂന്നു തലമുറകളുടെ ആചാര്യസ്ഥാനവും പള്ളത്ത് മേനോന് മാത്രം സ്വന്തം.
45 വര്‍ഷത്തിനിടെ ആയിരത്തിലധികം മരണാനന്തരച്ചടങ്ങുകള്‍ മേനോന്റെ കാര്‍മ്മികത്വത്തില്‍ നടത്തിയിട്ടുണ്ട്.
തൃശൂരിന്റെ വിദ്യാഭ്യാസപ്പെരുമയിലും പള്ളത്ത് ബാബുമേനോന്റെ കയ്യൊപ്പുണ്ട്. നൂറു വര്‍ഷം പിന്നിടാന്‍ പോകുന്ന, ജില്ലയിലെ വിവേകോദയം സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയില്‍ കഴിഞ്ഞ 22 വര്‍ഷക്കാലമായി സെക്രട്ടറി എന്ന നിലയില്‍ പള്ളത്ത് പ്രവര്‍ത്തിക്കുന്നു. സ്വാമി വിവേകാനന്ദനുമായി ബന്ധപ്പെട്ടാണ് വിവേകോദയം എന്ന പേരു കല്‍പ്പിച്ചിട്ടുള്ളത്. സ്കൂളിന്റെ ആധുനികവല്‍ക്കരണത്തിലും വികസന പ്രവര്‍ത്തനങ്ങളിലും ബാബു മേനോന്റെ സംഭാവന വലുതാണ്.
ഏത് കര്‍മ്മമേഖലയില്‍ വ്യാപരിക്കുമ്പോഴും പരോപകാരമേ പുണ്യം എന്നുള്ള ആദര്‍ശവും സഹജീവിസ്നേഹത്തിന്റെ കാരുണ്യവും നിസ്വാര്‍ത്ഥസേവനത്തിന്റെ നന്മയും പ്രസാദാത്മകതയുടെ ചൈതന്യവും ആണ് പള്ളത്തു ബാബുമേനോനെ വ്യതിരിക്തനാക്കുന്നത്.
തൃശൂര്‍ നഗരമധ്യത്തില്‍ കോട്ടപ്പുറത്തുള്ള പഴമകളുടെ ഗന്ധവും സ്മൃതിയും ഉണര്‍ത്തുന്ന വീട്ടില്‍ നാട്ടുനന്മകളുടെ വടവൃക്ഷമായി ബാബുമേനോന് 71-ാം വയസിലും കര്‍മ്മനിരതമായ ജീവിതം നയിക്കുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് കുടുംബം. രണ്ടാണ്മക്കളും ഡോക്ടര്‍മാരാണ്; മൂത്തയാള്‍ ഓസ്ട്രേലിയയിലും രണ്ടാമത്തെയാള്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജിലും. ഏകമകള്‍ തൃശൂരില്‍ ധനലക്ഷ്മി ബാങ്കില്‍.
ഡോ. എം. കൃഷ്ണന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: