പുരുഷന്മാര് പോലും ചെയ്യാന്‍ മടിച്ചു നില്ക്കുന്ന ജോലികള്‍ ചെയ്ത് ഒരു ഗ്രാമത്തിന്റെ അഭിമാനമായി മാറുകയാണ് എല്‍സി എന്ന വീട്ടമ്മ… എറണാകുളം കുമ്പളങ്ങി തറേമ്പറമ്പില് ജോസഫിന്റെ ഭാര്യയായ എല്‍സിക്ക് അധ്വാനം ഒരാവേശമാണ്. ജോസഫിനുണ്ടായ ചില ശാരീരിക അസ്വസ്ഥതകളാണ് എല്‍സിയെ കഠിനാധ്വാനിയാക്കിയത്. വേലികെട്ടു മുതല്‍ മരം മുറിക്കല്‍ വരെ എല്‍സി ചെയ്യുന്നത് അനായാസമാണ്. എല്‍സിയുടെ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ ചെയ്യുന്ന ജോലിയുടെ കഠിനതകള്‍ അലിഞ്ഞുതീരുകയാണ്.
ലോറിയിലെത്തിയ ഫില്ലിംഗ് കട്ട ഒറ്റ രാത്രികൊണ്ട് ഇറക്കി ഉടമയുടെ വീട്ടിലെത്തിച്ചതും എല്‍സി ഓര്‍ക്കുന്നു. ചീനവല വലിക്കുന്നതിന് സ്ഥിരമായി എത്തിയിരുന്ന തൊഴിലാളികള്‍ വരാതായപ്പോള്‍ കായലില്‍ ചെന്ന് വലയിടാന്‍ ആളുകള്‍ അന്വേഷിച്ചെത്തിയതും എല്‍സിയെ ആയിരുന്നു. പിന്നീട് മാസങ്ങളോളം ചീനവല വലിക്കുന്ന ജോലി തുടരേണ്ടി വന്നതും അവര്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.
അധ്വാനിക്കാനുള്ള ശക്തിയും ഊര്‍ജ്ജവും നമുക്കു നല്‍കുന്നത് ജഗദീശ്വരനാണെന്ന് ഈ അമ്മ പറയുന്നു. മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ കയറി സണ്‍ഷെയ്ഡ് വാര്ക്കുന്നതുള്പ്പെടെ വലിയ കാനുകള്‍ വൃത്തിയാക്കുന്നതിനും, സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനുപോലും ഇവര്‍ പോകാറുണ്ട്. അധ്വാനത്തിന്റെ ഈ സ്ത്രീരൂപം, മുഴുവന്‍ സ്ത്രീ ജനങ്ങള്‍ക്കും മാതൃകയാണ്. 53 വയസുള്ള എല്‍സിക്ക് വലിയ സ്വപ്നങ്ങളില്ല. തന്റെ കൊച്ചു വീട്ടിലിരുന്ന് ചെറിയ ചെറിയ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കുകയാണ് അവര്‍. രണ്ടു പെണ്മക്കളില് ഒരാളെ വിവാഹം ചെയ്തയച്ചു. അടുത്ത പെണ്‍കുട്ടിക്കും വിവാഹപ്രായമായി. അവളുടെ ഭാവിക്കായി ചിലതുകൂടി ചെയ്യണം. ”തൊട്ടടുത്ത് ഒരു വീടിന്റെ പണി നടക്കുന്നുണ്ട്. അഞ്ചുപാക്കറ്റ് സിമന്റ് എടുക്കണം.” എല്‍സി പറഞ്ഞു നിര്‍ത്തി. വീടിനടുത്ത ഒഴിഞ്ഞ പറമ്പില്‍ നിന്നും ട്രോളിയും എടുത്ത് എല്‍സി നടന്നു, കഠിനാധ്വാനത്തിന്റെ പുതുവഴി തേടി…
കെ.കെ. റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: