ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ അനുസരിച്ചു മാത്രമേ ഫീസ് ഈടാക്കാവൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് സ്വാശ്രയ കോളേജുകളിലേക്കും പ്രവേശനം നടത്തണമെന്ന ഉത്തരവിനു പിന്നാലെ ഫീസ് വര്‍ദ്ധനവും തടഞ്ഞ കോടതിവിധി സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടിയായി.
സ്വാശ്രയ മെഡി. കോളേജുകളിലെ മാനേജ്മെന്റ് സീറ്റ് ഫീസ് സംബന്ധിച്ച് സംസ്ഥാനത്തോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചു. മാനേജ്മെന്റ് ക്വാട്ടയില്‍ വാര്‍ഷിക ഫീസ് 8 ലക്ഷം രൂപയും എന്‍ആര്‍ഐയില്‍ 11.5 ലക്ഷം രൂപയും മെറിറ്റ് സീറ്റില്‍ 1.75 ലക്ഷം രൂപയുമാണ് സ്വാശ്രയമെഡി. കോളേജുകള്‍ സര്‍ക്കാരുമായി ചേര്‍ന്ന് നിശ്ചയിച്ച നിരക്ക്. ഇതുതന്നെ തുടരണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ വാദിച്ചു. ഇതോടെ സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരമുള്ള ഫീസ് മാത്രമേ വാങ്ങാനാവൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
സംസ്ഥാനത്തെ സ്വാശ്രയ മെഡി. കോളേജുകളിലേക്ക് സര്‍ക്കാര്‍ പ്രവേശന പരീക്ഷയുടെ പട്ടികയില്‍ നിന്നും പ്രവേശനം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ വര്‍ഷം പ്രത്യേക പ്രവേശന പരീക്ഷകള്‍ നടത്തരുതെന്നും നിര്‍ദ്ദേശമുണ്ടായി.
സര്‍ക്കാര്‍ ലിസ്റ്റില്‍ പാവപ്പെട്ട കുട്ടികള്‍ ഉണ്ടാകുമെന്നും ഉയര്‍ന്ന ഫീസ് അവര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയതാണ്. വീണ്ടും ഹര്‍ജിയുമായി മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചതോടെയാണ് ഫീസ് വര്‍ദ്ധന അംഗീകരിക്കില്ലെന്ന് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിട്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: