ന്യൂദല്‍ഹി: ഇന്‍ഷ്വറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍നിന്നു 49 ശതമാനമായി ഉയര്‍ത്താനുള്ള നിയമഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് വഴി മാനേജ്മെന്റില്‍ പൂര്‍ണമായും ഇന്ത്യന്‍ നിയന്ത്രണം നിലനിറുത്തിക്കൊണ്ടാവും വിദേശനിക്ഷേപം അനുവദിക്കുക.
ഇന്‍ഷ്വറന്‍സ് രംഗത്തെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നിയമഭേദഗതി ബില്ലിനാണ് കേന്ദ്ര മന്ത്രിസഭ ഇന്നു അംഗീകാരം നല്‍കിയത്. ഇതോടൊപ്പം സെബി നിയമഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്കി. നൂറു കോടി രൂപയില്‍ കൂടുതലുള്ള നിക്ഷേപ സ്കീമുകള്‍ക്കു സെബിയുടെ അംഗീകാരം നിര്‍ബന്ധമാക്കാനും നിക്ഷേപകരെ കബളിപ്പിക്കുന്നവരില്നിന്നു പണം തിരിച്ചുപിടിക്കാന്‍ സെബിക്ക് അധികാരം നല്‍കാനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്.
പൊതുവിപണിയില്‍ 10 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് വിറ്റഴിക്കാനും കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. വിലക്കയറ്റം പിടിച്ചു നിറുത്താനുള്ള നടപടികളുടെ ഭാഗമായാണ് എഫ്സിഐയുടെ പക്കലുള്ള ഗോതമ്പ് പൊതുവിപണി വഴി വിറ്റഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: