ന്യൂദല്‍ഹി: ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ തിരിച്ചു കൊണ്ടുവരാന്‍ വ്യവസായികള്‍ ഇടപെട്ടു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇനിയും ബന്ദികളായി കഴിയുന്ന 41 പേരെ റംസാന് മുന്‍പു തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇറാക്കില്‍ കൂടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് കെ.സി. വേണുഗോപാല്‍, എന്‍.കെ പ്രേമചന്ദ്രന് എന്നിവരുടെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു സുഷമാസ്വരാജ്. നഴ്സുമാരെ തിരിച്ചെത്തിക്കാന്‍ സംസ്ഥാനമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഹകരിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സഹായം താന്‍ തേടി. എന്നാല്‍ ഒരു മലയാളി വ്യവസായിയും ഇടപെട്ടിട്ടില്ലെന്നും അവര്‍ ലോക്സഭയില്‍ പറഞ്ഞു.
ഇപ്പോഴും ബന്ദികളായ 41 ഇന്ത്യന്‍ തൊഴിലാളികള്‍ സുരക്ഷിതരാണെന്ന വിവരമുണ്ടെന്നു സുഷമാ സ്വരാജ് പറഞ്ഞു. ഇവരെ റംസാന് മാസം പൂര്‍ത്തിയാകും മുമ്പ് തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നീക്കം പരസ്യപ്പെടുത്താനാവില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: