കരുനാഗപ്പള്ളി: തഴവ കടത്തൂര്‍ ഭാഗത്ത് യുവതിയെ മന്ത്രവാദത്തിന് ഇടയില്‍ ചവിട്ടിക്കൊന്ന സിദ്ധന്റെ സഹായികളായ അഞ്ചും ആറും പ്രതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു.
മന്ത്രവാദിയുടെ എല്ലാ കാര്യങ്ങളിലും സഹായിയായിരുന്ന കേസിലെ രണ്ടാം പ്രതി തൊടിയൂര്‍ പുലിയൂര്‍വഞ്ചി വടക്ക് ചെറുതോട്ടവ വീട്ടില്‍ മുഹമ്മദ് കബീറിന്റെ മകനും അഞ്ചാം പ്രതിയുമായ മുഹമ്മദ് അന്‍സാര്‍ (24), ആറാംപ്രതി പുലിയൂര് വഞ്ചിവടക്ക് തയ്യില്‍ പുത്തന്‍വീട്ടില്‍ അഷ്റഫ് (34) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം തമിഴ്നാട്ടിലും കോഴിക്കോടും ഒളിവില്‍ കഴിഞ്ഞ മുഹമ്മദ് അന്‍സാര്‍ കഴിഞ്ഞ ദിവസം സ്വന്തം വീട്ടില്‍ എത്തിയപ്പോള്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ആറാം പ്രതി അഷ്റഫ്, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന രണ്ടു പ്രതികളെയും കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നാലാംപ്രതി കരുനാഗപ്പള്ളിയിലെ ഒരു സ്വകാര്യആശുപത്രിയിലെ ഡോക്ടറാണ്. ഡോക്ടറുടെ പങ്കിനെ കുറിച്ച് അന്വേഷിച്ച് കേസെടുക്കുമെന്ന് സിഐ കെ.വിദ്യാധരന് പറഞ്ഞു.
മുഹമ്മദ് അന്‍സാര്‍ കായംകുളം എംഎസ്എം കോളേജിലെ രണ്ടാംവര്‍ഷ എംഎസ്സി സുവോളജി വിദ്യാര്‍ത്ഥിയാണ്. ഒന്നാംവര്ഷപരീക്ഷയും രണ്ടാംവര്‍ഷ പരീക്ഷയും എഴുതിയിട്ടില്ല, എന്നുമാത്രമല്ല രണ്ടാംവര്‍ഷ കോഴ്സിലെ ക്ലാസുകളില്‍ കോളേജില്‍ പോകാറുമില്ല. മുഹമ്മദ് അന്‍സാറിന് കാര്ഡ്രൈവിങ് ഹരമാണ്. മന്ത്രവാദിയെ എല്ലാ കേന്ദ്രങ്ങളിലും പള്ളികളില്‍ കൊണ്ടുവിടുന്നതും മടക്കിക്കൊണ്ടുവരുന്നതും അന്‍സാറാണ്. മന്ത്രവാദി ബാധയൊഴിപ്പിക്കല്‍ ചടങ്ങില്‍ ഇയാള്‍ പിതാവ് മുഹമ്മദ് കബീറിനോടൊപ്പം പോകുമായിരുന്നു.
മന്ത്രവാദം കഴിഞ്ഞു മന്ത്രവാദിയുടെ ശരീരത്തില്‍ കയറുന്ന ജിന്നിനെ നീക്കാന്‍ മുന്‍കൂട്ടി കന്നാസില്‍ കരുതിവച്ചിട്ടുള്ള കൊട്ടന്ചുക്കാദിതൈലം സഹായികളെകൊണ്ടും പരിസരത്ത് നില്ക്കുന്നവരെകൊണ്ടും ദേഹമാസകലം തേച്ച് തിരുമിപ്പിക്കുന്നതും പതിവാണ്.
സംഭവത്തിന് ശേഷം ഒന്നാംപ്രതി സിറാജുദ്ദീന് മുഹമ്മദ് അന്‍സാറിനോടും അഷറഫിനോടും ഏതെങ്കിലും അഭിഭാഷകനെ കണ്ടു മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം നടത്തുവാന്‍ പറഞ്ഞതായും ഇതുപ്രകാരം കായംകുളത്തെ ഒരഭിഭാഷകനെ കണ്ടതായും പ്രതികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: