കരുനാഗപ്പള്ളി: മന്ത്രവാദ ചികിത്സക്കിടെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജസിദ്ധന് മുഹമ്മദ് സിറാജിനെ (36) കോടതി റിമാന്‍ഡ് ചെയ്തു. കരുനാഗപള്ളി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. യുവതിയെ ഇയാള്‍ ബോധപൂര്‍വ്വം കൊലപ്പെടുത്തിയെന്നാണ് പോലിസ് നിഗമനം. തഴവ വട്ടപറമ്പ് കണ്ണങ്കരകുറ്റിയില് വീട്ടില്‍ ഹസീനയാണ് കൊല്ലപ്പെട്ടത്.
യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരിക്കെ സിദ്ധനെ കോടതിയില്‍ ഹാജരാക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ രാവിലെ മജിസ്ട്രേട്ടിന്റെ വസതിയിലാണ് ഹാജരാക്കിയത്. കേസിലെ രണ്ടും മൂന്നും പ്രതികളായ സിറാജുദ്ദീന്റെ സഹായി റിട്ട. അറബിക് അദ്ധ്യാപകന് അബ്ദുള്‍ കബീര്‍, ഹസീനയുടെ പിതാവ് ഹസന്‍കുഞ്ഞ് എന്നിവര്‍ റിമാന്‍ഡിലാണ്. അബ്ദുള്‍ കബീറിന്റെ മകനും സിദ്ധന്റെ സഹായിയുമായ അന്‍സാരി, കായംകുളം സ്വദേശി സവാദ് എന്നിവരെക്കൂടി ഇനി പിടികിട്ടാനുണ്ട്.
ഐടിഐ വിദ്യാഭ്യാസത്തിന് ശേഷം ഗള്‍ഫിലേക്ക് പോയ സിറാജ് തിരികെ വന്നശേഷമാണ് മന്ത്രവാദിയായി മാറിയത്. വിവാഹത്തട്ടിപ്പ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിറാജുദീന്‍. 2003ല്‍ ഒന്നിലധികം പാസ്പോര്‍ട്ട് കൈവശംവെച്ചതിന് അടൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും വര്ഗീയവിദ്വേഷമുണ്ടാക്കിയതിന് നൂറനാട്, മാവേലിക്കര സ്റ്റേഷനുകളില്‍ നാലുകേസും ഇയാള്‍ക്കെതിരെയുണ്ട്. പാവുമ്പയില്‍ ഗുരുമന്ദിരം അടിച്ചുതകര്‍ത്തതിനും വെട്ടിയാല്‍ പള്ളിയറക്കടവ് ക്ഷേത്രം ആക്രമിക്കുന്നതിന് ആയുധം എത്തിച്ചുകൊടുത്തതിനും ഉള്‍പ്പെടെ ഏഴ് കേസാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്. രണ്ട് വിവാഹത്തിലായി ഏഴ് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: