ന്യൂദല്‍ഹി: ഗാസയിലെ ഇസ്രായേല്‍- പാലസ്തീന് പ്രശ്നത്തില്‍ ഭാരതത്തിന്റെ നയത്തില്‍ ഒരു മാറ്റവുമില്ലെന്ന് സര്‍ക്കാര്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. ഈ വിഷയത്തില്‍ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം രാജ്യസഭയില്‍ ഇന്നലെ പരാജയപ്പെട്ടു. പ്രമേയത്തിന് ഉപാധ്യക്ഷന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടു.
ഗാസയിലെ പ്രശ്നത്തില്‍ ഇന്നലെ ചട്ടം 176 പ്രകാരം നടന്ന ഹ്രസ്വ ചര്‍ച്ചക്കു മറുപടി പറയവേ, ഭാരതസര്‍ക്കാര്‍ വര്‍ഷങ്ങളായി തുടരുന്ന പാലസ്തീന്- ഇസ്രായേല്‍ നയത്തില്‍ ഒരു വ്യതിയാനവും വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് മുന്നോട്ടുവെച്ച സമാധാന മാര്‍ഗ്ഗം ഇരുരാജ്യങ്ങളും സ്വീകരിക്കണമെന്നതാണ് ഭാരത സര്‍ക്കാര്‍ നിലപാടെന്നും സുഷമാസ്വരാജ് വിശദീകരിച്ചു.
ഗാസ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം മാറിയിട്ടില്ല. പാലസ്തീനിന്റെ ഉത്കണ്ഠകള്‍ പങ്കുവെച്ചുകൊണ്ടുതന്നെ ഇസ്രായേലുമായുള്ള ബന്ധം നിലനിര്‍ത്തുകയാണ് ഭാരതത്തിന്റെ നയം. പാലസ്തീന് ഒരു രാജ്യമാകുന്നതിനു മുമ്പ്, പിഎല്‍ഒ എന്ന വെറുമൊരു സംഘടന ആയിരുന്ന കാലത്ത് തുടങ്ങിയതാണ് ഭാരതത്തിന്റെ നിലപാട്. അതില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല, സുഷമ പറഞ്ഞു.
സര്‍ക്കാരിന്റെ വിദേശനയം കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ അല്ല, അത് രാജ്യത്തിന്റേതാണെന്നും ഒറ്റക്കെട്ടായുള്ള ഈ നിലപാടും സന്ദേശവുമാണ് സഭയില്നിന്നുയരേണ്ടതെന്ന് പറഞ്ഞ മന്ത്രി ഇസ്രായേലിനെതിരായ പ്രമേയം സഭ പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.
സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ചട്ടം 176 പ്രകാരം നടന്ന ഹ്രസ്വ ചര്ച്ചയിന്മേല് പ്രമേയം അവതരിപ്പിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ വോട്ടിംഗ് അസാധ്യമാണെന്നും ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് വിശദീകരിച്ചു. എന്നാല്‍ സഭയില്‍ സമ്പൂര്‍ണ്ണമായ സമവായമുണ്ടെങ്കില്‍ സര്‍ക്കാരിനോ പ്രതിപക്ഷത്തിനോ വേണ്ടിവന്നാല്‍ ചെയറിനോ പ്രമേയം കൊണ്ടുവരാമെന്നതാണ് ചട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ, സമ്പൂര്‍ണ്ണ സമവായം വേണമെന്ന വ്യവസ്ഥ അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, പ്രതിപക്ഷം അതിനൊരുക്കമല്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത സഭാനടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷാംഗങ്ങള്‍ വാക്കൗട്ടു നടത്തി.
ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടിയുമായി സുഷമാ സ്വരാജ് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. ഗാസ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് നയമില്ലെന്ന് പറയുന്നവര്‍ ജൂലൈ 10ന് വിദേശകാര്യമന്ത്രി നടത്തിയ പ്രസ്താവനയും ജൂലൈ 15ന് ബ്രിക്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒപ്പിട്ട ഗാസ പ്രമേയവും കണ്ടില്ലെന്ന് നടിക്കുകയാണ്. രാജീവ്ഗാന്ധി മുതല്‍ മന്‍മോഹന്‍സിംഗ് വരെയും ഇടക്കാലത്ത് അടല്‍ ബിഹാരി വാജ്പേയിയും അടക്കമുള്ള പ്രധാനമന്ത്രിമാര്‍ തുടര്‍ന്ന നയം തന്നെയാണ് രണ്ടുമാസമായ മോദി സര്‍ക്കാരും തുടരുന്നത്, സുഷമ സ്വരാജ് പറഞ്ഞു.
പാലസ്തീന് സംഘര്‍ഷത്തില്‍ 1,400 പേര് മരിച്ച 2008ല്‍ തങ്ങളുടെ പിന്തുണയില്‍ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരിനോട് പ്രമേയം പാസാക്കാന്‍ സിപിഎം എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് പാര്‍ട്ടി നേതാവായ സീതാറാം യെച്ചൂരിയോട് സുഷമ ചോദിച്ചു.
കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ്, ശരദ് യാദവ്, ചന്ദന്‍ മിത്ര, തരുണ്‍ വിജയ് തുടങ്ങി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും മന്ത്രി മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: