തിരുവനന്തപുരം: മന്ത്രിസഭയില്‍ സമഗ്ര അഴിച്ചുപണി ഉണ്ടാകില്ല. ജി. കാര്‍ത്തികേയനു പകരം പുതിയൊരു സ്പീക്കറെ കണ്ടെത്തുന്നതില്‍ പുനഃസംഘടന ഒതുങ്ങിയാലും അത്ഭുതപ്പെടാനില്ല. പുനഃസംഘടനയ്ക്കെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നു മാത്രമല്ല, ഘടകകക്ഷികളില്‍ നിന്നു പോലും ശക്തമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണിത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കി കാര്‍ത്തികേയനെ മന്ത്രിസഭയിലെടുക്കുക എന്ന ഏക അഴിച്ചുപണിയില്‍ കാര്യങ്ങള്‍ തീര്‍ന്നേക്കും.
ഗ്രൂപ്പു സമവാക്യവും മുന്നണി ബന്ധവും ജാതിസന്തുലിതാവസ്ഥയും തകിടം മറിയുമെന്നതിനാലാണ് പുനഃസംഘടന അസാധ്യമാകുന്നത്. കെ.ബി ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുക്കാമെന്ന ഉറപ്പ് പാലിക്കാനാണ് ഉമ്മന്‍ചാണ്ടി പുനസംഘടനയെക്കുറിച്ച് പറഞ്ഞത്. ഇതു പരമാവധി നീട്ടിക്കൊണ്ടുപോകാനും അദ്ദേഹം ശ്രമിച്ചു. പക്ഷെ കാര്ത്തികേയന് രാജിവച്ചതോടെ പുനഃസംഘടന അനിവാര്യമായി. ഒപ്പം ഗണേഷ്കുമാറിനെ മന്ത്രിസഭയിലെടുക്കാനുള്ള സാധ്യതയും മങ്ങി. ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം എന്‍എസ്എസ് ആസ്ഥാനത്തെത്തിയത് ഗണേഷിനെ മന്ത്രിയാക്കാനുള്ള ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനായിരുന്നു. കാര്ത്തികേയന് മന്ത്രിസ്ഥാനം കൊടുക്കുന്നതിനോട് എന്‍എസ്എസിനെ എതിര്‍പ്പില്ല. വിദ്യാഭ്യാസവകുപ്പ് നല്‍കണമെന്ന നിര്‍ദ്ദേശമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ മുന്നോട്ടുവച്ചത്.
വി.എസ്. ശിവകുമാര്‍, അനൂപ് ജേക്കബ്, ആര്യാടന് മുഹമ്മദ്, അബ്ദുറബ്ബ് എന്നിവരെ ഒഴിവാക്കി സമഗ്ര അഴിച്ചുപണിയും മുഖ്യമന്ത്രിയുടെ അജണ്ടയിലുണ്ടായിരുന്നു. ആര്യാടന് മുഹമ്മദിനെ സ്പീക്കറാക്കാനും ഇടയ്ക്ക് ആലോചിച്ചു. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് സാധ്യത വിരളമാണ്. കോണ്‍ഗ്രസ്സിനുള്ളിലെ ശക്തമായ എതിര്‍പ്പും കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ വിയോജിപ്പുമാണ് പ്രധാന തടസ്സം.
മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന സൂചനയും ഉമ്മന്‍ചാണ്ടി നല്‍കുന്നുണ്ട്. സോളാര്‍ വിവാദം ശക്തമായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നിരുന്നു. ഹൈക്കമാന്റ് ഇടപെട്ട് ലോക്സഭാ തെരഞ്ഞെടുപ്പുവരെ മുഖ്യമന്ത്രിപദം നീട്ടിക്കൊടുക്കുകയായിരുന്നു. താന്‍ സ്ഥാനം രാജിവച്ച് പകരം കാര്‍ത്തികേയനെ മുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ഉമ്മന്‍ചാണ്ടി അടുത്ത വൃത്തങ്ങളോട് സൂചിപ്പിച്ചിരുന്നത്.
പുനഃസംഘടനയില്‍ മുഖ്യമന്ത്രി ബുദ്ധിപരമായി തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി രാജിവയ്ക്കേണ്ട സാഹചര്യം ഇന്നില്ലെന്ന് കെ. മുരളീധരനും ഇന്നലെ പ്രസ്താവനയിറക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഈ നീക്കം കൂടി കണ്ടുകൊണ്ടാണ്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ് എന്നൊക്കെ നേതാക്കന്മാര് പറയുന്നുണ്ട്. പക്ഷെ കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തീരുമാനം പറയാന്‍ സാധ്യതയില്ല. ആസാമിലും മഹാരാഷ്ട്രയിലും മന്ത്രിമാര്‍ തന്നെ രാജിവച്ച് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ കേരളത്തിലേത് നിസാരസംഭവമെന്ന വിലയിരുത്തിലിലാണ് ഹൈക്കമാന്റ്. ഏതായാലും എ.കെ. ആന്റണിയുടെ ആഗ്രഹമായിരിക്കും ഇക്കാര്യത്തില്‍ അന്തിമമായി നടപ്പില്‍ വരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: