കണ്ണൂര്‍: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്റസ്ട്രീസ് കേരള ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അഴീക്കല്‍ കപ്പല്‍ പൊളി കേന്ദ്രത്തിന്റെ (സില്‍ക്ക്) പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍ ഉത്തരവിട്ടു. ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ലൈസന്‍സ് നേടാന്‍ മൂന്ന് മാസം അനുവദിച്ചിരുന്നു. തുടര്‍ന്ന് സില്‍ക്ക് അധികൃതര്‍ അപേക്ഷ അഴീക്കോട് പഞ്ചായത്തിന് നല്കി. രേഖകള്‍ ഹാജരാക്കിയാല്‍ ലൈസന്‍സ് അനുവദിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും മറ്റ് ഏജന്‍സികളുടെയും അനുമതി പത്രം ഹാജരാക്കാന്‍ സില്‍ക്ക് അധികൃതര്‍ക്ക് സാധിച്ചില്ല. അതിനാല്‍ ലൈസന്‍സ് നല്‍കാനാവില്ലെന്ന് പഞ്ചായത്ത് ഇന്നലെ വ്യക്തമാക്കി. തുടര്‍ന്ന് പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്താന്‍ കളക്ടര്‍ രേഖാമൂലം ആവശ്യപ്പെടുകയായിരുന്നു.
1989 ലെ ഹസാര്‍ഡ്സ് വെയ്സ്റ്റ് റൂള്‍സ് പ്രകാരമുള്ള മാനദണ്ഡം പാലിക്കാതെയാണ് അഴീക്കല്‍ കപ്പല്‍ പൊളികേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. തീരദേശ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തനമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടി കപ്പല്‍പൊളി വിരുദ്ധസമിതി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
നിലവില്‍ ഇവിടെ കപ്പല്‍ പൊളിക്കാന്‍ അനുവാദമില്ല. പുതിയ കപ്പല്‍പൊളി കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിരവധി മാനദണ്ഡങ്ങളുണ്ട്. കേരളത്തില്‍ ഇത്തരം മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനുള്ള സാഹചര്യങ്ങളില്ല. തീരദേശ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന വ്യക്തമായ വ്യവസ്ഥയും നിലവിവുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് നല്‍കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: