തിരുവനന്തപുരം: ശ്രീചിത്രാ പുവര്‍ഹോമിലെ അന്തേവാസികളായ 200 പെണ്‍കുട്ടികള്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. 200 പെണ്‍കുട്ടികള്‍ക്ക് ആകെയുള്ളത് വെറും അഞ്ചു ടോയ്ലറ്റുകളാണ്.
അടിയന്തിരമായി ടോയ്ലറ്റുകളുടെ എണ്ണം കൂട്ടണമെന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച സൂപ്രണ്ടിനെ ഉപരോധിച്ചത്. ടോയ്ലറ്റുകള് പണിയാന്‍ തീരുമാനമാകാതെ പിരിഞ്ഞുപോകില്ലെന്ന് പ്രഖ്യാപിച്ച് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍, വൈസ് പ്രസിഡന്റ് ആര്.എസ്.രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂപ്രണ്ടിന്റെ മുറിയില്‍ കുത്തിയിരുന്നു. കളക്ടര്‍ ഉള്‍പ്പെടെയുള്ള മേലധികാരികളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ അടിയന്തിരപ്രാധാന്യമായി 10 ടോയ്ലറ്റുകള് നിര്‍മിക്കുമെന്നും, അധികം താമസിയാതെ 10 പേര്‍ക്ക് ഒരു ടോയ്ലറ്റ് എന്ന കണക്കില്‍ 25 ടോയ്ലറ്റുകള് നിര്‍മിക്കുമെന്നും സൂപ്രണ്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിന് രേഖാമൂലം ഉറപ്പുനല്‍കി. അതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ആഡ്വ. ആര്.എസ്.രാജീവ്, സംസ്ഥാന സമിതിയംഗം മണവാരി രതീഷ്, ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, ജനറല്‍ സെക്രട്ടറിമാരായ രാജാജിനഗര്‍ മഹേഷ്, കെ.ജി.അനീഷ്, ജില്ലാ നേതാക്കളായ രഞ്ജിത്ചന്ദ്രന്‍, സതീഷ്, പ്രശാന്ത്, കരമന പ്രവീണ്‍, അരുണ്‍, സുധീഷ്, കിരണ്‍, സുഗതന്, സജി, പ്രശോഭ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: