ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയില്‍ മണിപ്പൂരി യുവാവിനെ അക്രമിസംഘം തല്ലിക്കൊന്നു. കൊട്ല മുബാരക്പ്പൂരില് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ദല്‍ഹിയിലെ ഒരു ബിസിനസ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഷലോനി (30) ആണ് കൊല്ലപ്പെട്ടത്.
കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പരിക്കേറ്റ് റോഡില്‍കിടന്ന യുവാവിനെ നാട്ടുകാരാണ് എയിംസിലെത്തിച്ചത്. അത്യാഹിതവിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. വഴിയില്‍ വച്ചുതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കവര്‍ച്ചാസംഘമാണ് അക്രമത്തിന് പിന്നില്‍. കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ഡി.സി.പി ബി.എസ് ജയ്സ്വാള്‍ പറഞ്ഞു. അക്രമികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ നിഡോ താനിയയെ ഒരു സംഘം അക്രമികള്‍ അടിച്ചുകൊന്നത് കോട്ല മുബാരക് പുരിന് തൊട്ടടുത്തുള്ള ലാജ്പത് നഗറില്‍ വച്ചാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെ ദല്‍ഹിയില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: