ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ സഖ്യകക്ഷികള്‍ ഉപേക്ഷിച്ചുപോകുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നു. വര്‍ഷങ്ങളായുള്ള ബന്ധം ഉപേക്ഷിച്ച് ജമ്മുകാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും വഴിപിരിഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 87 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് വ്യക്തമാക്കിയതോടെ സഖ്യത്തിന്റെ പതനം പൂര്‍ത്തിയായി. അതേസമയം പത്തു ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ സോണിയാ ഗാന്ധിയെ നേരില്‍ക്കണ്ട് സഖ്യം വിടുകയാണെന്ന് വ്യക്തമാക്കിയിരുന്നതായി ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയും പറഞ്ഞു.
കോണ്‍ഗ്രസ്-എന്‍സി സഖ്യം അവസാനിപ്പിക്കുകയാണെന്ന് ആദ്യം അറിയിച്ചത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ്. അംബികാ സോണി, ഗുലാംനബി ആസാദ്, സംസ്ഥാന പ്രസിഡന്റ് സൈഫുദ്ദീന് സോസ് എന്നിവര്‍ ജമ്മുവില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാനുള്ള പാര്‍ട്ടി തീരുമാനം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 87 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളോ മത്സരിക്കുമെന്ന് അംബികാ സോണി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് തങ്ങള്‍ പത്തു ദിവസം മുമ്പുതന്നെ സഖ്യം വിട്ടതായി വ്യക്തമാക്കി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയത്. സോണിയാഗാന്ധിയെ സന്ദര്‍ശിച്ച് അഞ്ചുവര്‍ഷമായുള്ള സഖ്യം വിടുകയാണെന്ന് പറഞ്ഞിരുന്നതായി ഒമര്‍ പ്രതികരിച്ചു. എന്നാല്‍ ഇക്കാര്യം പരസ്യപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതായിരുന്നു. കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞത് തെറ്റായിപ്പോയെന്നും ഒമര്‍ പറഞ്ഞു. 2009ലെ തെരഞ്ഞെടുപ്പോടെയാണ് ജമ്മുകാശ്മീരില്‍ ഇടവേളയ്ക്ക് ശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യത്തിലായത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയമാണ് ഇരുകക്ഷികളും തമ്മിലുള്ള സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. ആറു ലോക്സഭാ സീറ്റുകളും സഖ്യത്തിന് നഷ്ടമായി. ബിജെപി ചരിത്രത്തിലാദ്യമായി ജമ്മുകാശ്മീരില്‍ മൂന്ന് സീറ്റുകള്‍ നേടിയതും മറ്റു സീറ്റുകള്‍ പിഡിപി വിജയിച്ചതും സഖ്യത്തെ ബാധിച്ചു. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദിന്റെയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുള്ളയുടേയും അപ്രതീക്ഷിത തോല്‍വിയാണ് സഖ്യം വേര്‍പിരിയാനുള്ള പ്രധാന കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം തന്നെ എന്‍സി നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ശക്തിയായി ബിജെപി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: