കോട്ടയം: ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പുന:സംഘടനാ ചര്‍ച്ച പാര്‍ട്ടിവേദികള്‍ വിട്ട് പുറത്തേക്കു നീളുന്നു. ഇതിന്റെ ഭാഗമായാണ് ഇന്നലെ രാവിലെ 11 മണിയോടെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചര്‍ച്ചനടത്തിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കെപിസിസി പ്രസിഡന്റുമായി പോലും മന്ത്രിസഭാ പുന:സംഘടനയെപ്പറ്റി ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നതിനു മുമ്പ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറിയെ കണ്ടത് നിലവില്‍ യുഡിഎഫ് മന്ത്രിസഭയിലുള്ള എന്‍എസ്എസ് ഇഷ്ടക്കാരനെ മാറ്റി പ്രതിഷ്ഠിക്കാനാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
സ്പീക്കര്‍ സ്ഥാനം ഒഴിവാക്കി സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന ജി. കാര്ത്തികേയന് മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്കി പ്രതിഷ്ഠിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തിന് പിന്തുണനേടാനും അതേപോലെ എന്‍എസ്എസ് പ്രതിനിധിസഭാംഗമായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസഭാ പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ വിശദീകരിക്കാനും ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം ഉപയോഗപ്പെടുത്തിയെന്നാണ് സൂചന. കെ.ബി. ഗണേഷ്കുമാറിന്റെ മന്ത്രിസഭാ പുന:പ്രവേശനം ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചതാണെങ്കിലും കോണ്‍ഗ്രസിലെ ഐ,എ ഗ്രൂപ്പുകള്‍ സംയുക്തമായും ചില ഘടകകക്ഷികളും ഉയര്‍ത്തുന്ന തടസ്സങ്ങള്‍ മുഖ്യമന്ത്രിക്ക് കീറാമുട്ടിയായിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിനോടുള്ള എന്‍എസ്എസിന്റെ അതൃപ്തി പലവട്ടം നേതൃത്വം പരസ്യമായി പറഞ്ഞിട്ടുണ്ട്. മന്ത്രിസഭാ പുന:സംഘടനയ്ക്ക് തയ്യാറെടുക്കുന്ന വേളയില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ എന്‍എസ്എസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗംകൂടിയാണ് ഉമ്മന്‍ ചാണ്ടിയുടെ സന്ദര്‍ശനത്തിന് പിന്നിലെന്നും പറയപ്പെടുന്നു. കൂടിക്കാഴ്ചയിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ഇരുനേതാക്കളും വിശദമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: