തിരുവനന്തപുരം: ഇറാഖ് വിഷയത്തില്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി 29ന് നടത്താനിരുന്ന ചര്‍ച്ച 24 ലേക്ക് മാറ്റിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി ദല് യാത്ര നേരത്തെയാക്കി. ഇതനുസരിച്ച് 23ന് മുഖ്യമന്ത്രി ദല്‍ഹിക്ക് തിരിക്കും. ഈ മാസം 29ന് ദല്‍ഹിക്ക് തിരിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. സ്പീക്കര്‍ സ്ഥാനത്തു നിന്നും ജി. കാര്ത്തികേയന് രാജിവെച്ചാലുണ്ടാകുന്ന സാഹചര്യങ്ങളും മന്ത്രിസഭാ പുനഃസംഘടനയും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുന്നതിനാണ് ദല്‍ഹി യാത്ര. അതേസമയം മന്ത്രിസഭാ പുനഃസംഘടന എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം ഊതിക്കെടുത്താന്‍ കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തുണ്ട്. വിവിധ ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ യോജിച്ച നീക്കത്തിലാണ്. സ്പീക്കര്‍ സ്ഥാനം ഒഴിയണമെന്നു പാര്ട്ടിയോടാവശ്യപ്പെട്ടിട്ടുണ്ടെന്നു കാര്ത്തികേയന് വ്യക്തമാക്കിതിനു പിന്നാലെയാണ് കോണ്‍ഗ്രസില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നതിനാലാണു സ്ഥാനമൊഴിയുന്നതെന്നു കാര്ത്തികേയന് പ്രസ്താവിച്ചിരുന്നു. എന്നാല്‍ സജീവ രാഷ്ട്രീയം എന്നത് എംഎല്‍എ എന്ന നിലയിലാണോ മന്ത്രിസഭയില്‍ അംഗമായിട്ടാണോ എന്ന കാര്യത്തിലാണ് ഭിന്നതകള്‍ വളരുന്നത്.
കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യത്യസ്ത അഭിപ്രായവുമായി രംഗത്തിറങ്ങി. കാര്‍ത്തികേയനു മാന്യമായ സ്ഥാനം നല്‍കണമെന്നു കെ.സുധാകരന് കണ്ണൂരില്‍ പറഞ്ഞപ്പോള്‍ കാര്‍ത്തികേയനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസിനു ബാധ്യതയില്ലെന്ന അഭിപ്രായവുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് പരസ്യപ്രസ്താവന നടത്തി. രാജിവച്ച സ്പീക്കര്മാര്ക്കെല്ലാം മന്ത്രിസ്ഥാനം നല്കണമെന്നില്ല. കാര്ത്തികേയന് പാര്‍ട്ടിക്കു വിധേയനാണ്. നേതൃത്വം ആവശ്യപ്പെട്ടിട്ടല്ല കാര്‍ത്തികേയന്റെ രാജി. അത് അദ്ദേഹം സ്വയം തീരുമാനിച്ചതാണ് എന്നുമായിരുന്നു തങ്കച്ചന്റെ പ്രതികരണം.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതു തങ്കച്ചനല്ലെന്നാണു കെപിസിസി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്. പാര്‍ട്ടി കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടതു വി.എം.സുധീരനാണ്. യുഡിഎഫിന്റെ കാര്യങ്ങളാണു തങ്കച്ചന് പറയേണ്ടതെന്നും ഉണ്ണിത്താന് പറഞ്ഞു. മറ്റൊരുവക്താവായ പന്തളം സുധാകരന്റെ നിലപാടും കാര്ത്തികേയന് അനുയോജ്യസ്ഥാനം നല്‍കണമെന്ന് തന്നെയാണ്.
തന്റെ തീരുമാനം പാര്‍ട്ടിക്കു വിധേയമായെന്നു പറയുന്നതിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണു കാര്ത്തികേയന് സ്വീകരിച്ചതെന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉടലെടുത്തിട്ടുണ്ട്. മന്ത്രിസഭയിലേക്കു വരുമോ എന്ന ചോദ്യത്തിനോടു പ്രതികരിക്കാന്‍ കാര്ത്തികേയന് തയ്യാറാകാത്തതും പാര്‍ട്ടിയെ വെട്ടിലാക്കുകയാണ്. അതുകൊണ്ടുതന്നെ കാര്‍ത്തികേയന്റെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടായതിനു ശേഷമേ മന്ത്രിസഭാ പുനസംഘടനക്കാര്യത്തില് തീരുമാനമുണ്ടാകൂ. പുനസംഘടന യാഥാര്‍ഥ്യമാകുമോ എന്നുപറയാന്‍ സാധിക്കാത്ത സാഹചര്യമാണെന്ന എം.എം.ഹസന്റെ പ്രസ്താവനയില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.
മന്ത്രിസ്ഥാനമോഹികളുടെ കരുനീക്കം മാത്രമല്ല മന്ത്രിപദവി തെറിച്ചേക്കുമോ എന്ന സംശയമുള്ളവരുമാണ് പുതിയ തലവേദന. കാര്ത്തികേയന് മൂന്നുവര്‍ഷം സ്പീക്കറെങ്കിലുമായി. മന്ത്രിസ്ഥാനം കിട്ടാത്ത പ്രഗത്ഭന്മാര് ശേഷിക്കുന്ന രണ്ടുവര്‍ഷമെങ്കിലും കൊടിവച്ച കാറില്‍ സഞ്ചരിക്കാന്‍ മോഹിക്കുകയാണ്. സ്പീക്കര്‍ പദവി ഒഴിഞ്ഞ ഉടനെ മന്ത്രിയാക്കണമെന്നില്ലെന്ന് വാദിക്കുന്നത് അവരാണ്. കെപിസിസി പ്രസിഡന്റ് തിരിച്ചെത്തുകയും മുഖ്യമന്ത്രി ദല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്യുന്നതോടെയുമാണ് പുനഃസംഘടനയുടെ നെല്ലും പതിരും തിരിച്ചറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: