ന്യൂദല്‍ഹി: പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയരീതി തെറ്റാണെന്നും 2007 മുതല്‍ 2012വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് പൊതു മേഖലാ എണ്ണക്കമ്പനികളുണ്ടാക്കിയ ലാഭം 50,513 കോടിയാണെന്നും കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് വെള്ളിയാഴ്ച പാര്ലമെന്റില്െവച്ചു.
പാചകവാതകം, മണ്ണെണ്ണ, ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില ഇറക്കുമതിയുമായി ബന്ധപ്പെടുത്തി നിര്‍ണ്ണയിക്കുന്ന രീതി എണ്ണക്കമ്പനികള്‍ക്കും എണ്ണ വിതരണക്കമ്പനികള്ക്കുമാണ് ഗുണകരം. ഇൗ തെറ്റായ സമ്പ്രദായം സ്വകാര്യകമ്പനികള്‍ക്കും ലാഭകരമായി മാറി, സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
യഥാര്‍ത്ഥത്തില്‍ കസ്റ്റംസ് തീരുവ, ഇന്‍ഷുറന്‍സ്, കടല്‍ വഴിയുള്ള കടത്തുകൂലി തുടങ്ങിയ ചെലവുകളൊന്നും വരുന്നില്ലെങ്കിലും ഇത്തരം ചെലവുകളുണ്ടെന്ന സങ്കല്‍പ്പത്തില്‍ ഈ തുക എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ മടക്കിനല്‍കുന്നു. ഇങ്ങനെ 2007 -2012 കാലയളവില്‍ റിഫൈനറികള്‍ക്ക് 50,513 കോടി രൂപയാണ് നല്‍കിയത്. അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്ക് റിഫൈനറികള്‍ക്ക് ചെലവായ തുക അനുവദിച്ചാല്‍ പോലും, വില നിര്‍ണ്ണയ രീതിയിലെ അപാകത കാരണം എണ്ണവിതരണക്കമ്പനികള്‍ക്ക് കുറഞ്ഞത് 26,626 കോടിയുടെ ലാഭമുണ്ടായിക്കാണണം. സിഎജി ശശികാന്ത് ശര്‍മ്മയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ റിഫൈനറികള്‍ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ റിഫൈനറികളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ എടുക്കുന്നുണ്ട്. എണ്ണവിതരണക്കമ്പനികള്‍ ഈ റിഫൈനറികള്‍ക്ക് നല്‍കുന്നത് ഇറക്കുമതിയുമായി ബന്ധപ്പെടുത്തിയുള്ള വിലയാണ്. സ്വകാര്യ റിഫൈനറികളാകട്ടെ മിച്ചമുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലയ്ക്ക് കയറ്റിയയക്കുകയും ചെയ്യുന്നു. ഈ വില റിഫൈനറി വിലയേക്കാള്‍ കുറവുമാണ്. ഈ പരിപാടി റിലയന്‍സ്, എസാര്‍ തുടങ്ങിയ സ്വകാര്യ റിഫൈനറികള്‍ക്ക് കൊള്ള ലാഭം നല്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിര്‍ണ്ണയ രീതി റിഫൈനറികളുടെ യഥാര്‍ഥ ചെലവുമായി പൊരുത്തപ്പെടുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ അടിവരയിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: